മനോജ് വധം; പ്രതികളെ സഹായിക്കാന്‍ ജയില്‍ ഡിജിപിയുടെ ഇടപെടല്‍

Friday 4 August 2017 10:46 pm IST

കൊച്ചി: കതിരൂര്‍ മനോജ് വധത്തിലെ പ്രതികളെ സഹായിക്കാന്‍ ജയില്‍ ഡിജിപി ഇടപെടല്‍ നടത്തി. കോടതിയെ പോലുമറിയിക്കാതെയാണ് പ്രതികളെ എറണാകുളത്ത് നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഡിജിപി ഉത്തരവിട്ടത്. കണ്ണൂരിലേക്ക് മാറ്റണമെന്ന പ്രതികളുടെ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സിബിഐ പോലുമറിയാതെ ജയില്‍ ഡിജിപി നേരിട്ട് ഇടപെട്ടത്. പ്രതികളെ എറണാകുളത്ത് നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയത് കോടതിയെ അറിയിക്കാതെയെന്ന് സിബിഐയും നിലപാട് സ്വീകരിച്ചു. ജയില്‍ വകുപ്പിന്റെ ഈ നടപടിയെ സിബിഐ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ണൂരിലായാല്‍ കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് സിബിഐ വ്യത്തങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രതികളെ തിരികെ എറണാകുളം സബ് ജയിലില്‍ എത്തിക്കണമെന്നാണ് വിഷയത്തില്‍ സിബിഐയുടെ നിലപാട്. തലശേരി കോടതി പരിഗണിച്ചിരുന്ന കതിരൂര്‍ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. ഇതിനൊപ്പമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന 15 പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് എത്തിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ തടവിലാണെങ്കിലും അത് സിപിഎമ്മിന് സ്വാധീനമുള്ള കണ്ണൂരിലാകണം എന്നായിരുന്നു പ്രതികളുടെ താല്‍പര്യം. ഇതിനായി അപേക്ഷയും നല്‍കിയിരുന്നു. ഇത് പരിഗണിക്കരുതെന്ന് സിബിഐ രേഖാമൂലം കോട തിയെ അറിയിച്ചിരുന്നു. ജയില്‍ മേധാവിയായ എഡിജിപി ആര്‍. ശ്രീലേഖയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എറണാകുളത്ത് തടവുകാരുടെ എണ്ണം കൂടുതലായതു കൊണ്ട് കതിരൂര്‍ കേസിലെ പ്രതികളെ മാറ്റിയെന്നാണ് ജയില്‍ വകുപ്പിന്റെ ന്യായം. ഇതിന് പുറമേ തടവുകാര്‍ക്ക് ബന്ധുക്കളെ കാണാനാണ് എന്നൊരു അസാധാരണമായ നിലപാടും ജയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുകയാണ്. പ്രതികളെ കണ്ണൂരില്‍ തുടരാന്‍ അനുവദിച്ചാല്‍ സിപിഎമ്മിന് ഏത് നേരത്തും പ്രതികളെ സമീപിക്കാനും, അതുവഴി സാക്ഷികളെ സ്വാധീനിക്കാനും കഴിയുമെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള നടപടിയിലേക്കാണ് സിബിഐ നീങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.