വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

Friday 4 August 2017 10:56 pm IST

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് 60 യാത്രക്കാരെയും വഹിച്ചെത്തിയ സ്‌പൈസ് ജെറ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഇടതുഭാഗത്തേക്കു നീങ്ങുകയായിരുന്നു. റണ്‍വേയുടെ മധ്യഭാഗത്ത് ഇറങ്ങേണ്ടതിന് പകരം ഇടതുഭാഗത്താണ് വിമാനം വന്നിറങ്ങിയത്. തുടര്‍ന്ന് മണ്ണും ചെളിയും നിറഞ്ഞ റണ്‍വേയുടെ പുറത്തേക്ക് വിമാനം തെന്നിനീങ്ങി. പൈലറ്റുമാര്‍ക്ക് റണ്‍വേ മനസിലാക്കാനായി സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു. വിമാനത്താവളത്തിലെ അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വിമാനം സുരക്ഷിതമായി മാറ്റി. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ പൈലറ്റിനോട് വിശദീകരണം തേടി. തനിക്കൊന്നും മനസിലായില്ലെന്ന മറുപടിയാണ് പൈലറ്റ് നല്‍കിയത്. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും വിമാനത്തിന് കേടുപാടുകളില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.