ഐഎസ് ബന്ധം; ആലപ്പുഴ സ്വദേശി കസ്റ്റഡിയില്‍

Saturday 5 August 2017 12:17 am IST

ആലപ്പുഴ: അന്താരാഷ്ട്ര ഭീകരസംഘടന ഇസ്ലാമിക് സ്‌റ്റേറ്റുമായി ( ഐഎസ്) ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ആലപ്പുഴ സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. ജില്ലാക്കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശ്ശേരി പുരയിടത്തില്‍ ഷിഹാബുദ്ദീന്റെ മകന്‍ ബേസില്‍ ഷിഹാബിനെ (25) ആണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തത്. ബേസിലിന്റെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലേക്ക് കൊണ്ടു പോയി. ഐഎസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റിട്ട ബേസില്‍ ഫെയ്‌സ്ബുക്ക് ലിങ്കും ഉപയോഗിച്ചെന്ന് എന്‍ഐഎ കണ്ടെത്തി. മൊബൈല്‍ ഫോണുകളും ഡിവിഡികളും ഐഎസ് ബന്ധമുള്ള രേഖകളും ഇയാളുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തു. ഐഎസില്‍ ചേര്‍ന്ന മലയാളി അബ്ദുല്‍ റഷീദുമായും ബേസിലിന് ബന്ധമുണ്ടെന്നു എന്‍ഐഎയ്ക്കു സൂചന ലഭിച്ചു. അമ്മ, പിതൃമാതാവ്, സഹോദരി എന്നിവര്‍ക്കൊപ്പമാണ് ബേസില്‍ കഴിഞ്ഞിരുന്നത്. മകന്‍ നിരപരാധിയാണെന്നും എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ബേസിലിന്റെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ് എന്‍ഐഎയുടെ റെയ്ഡും, കസ്റ്റഡിയും സമീപവാസികള്‍ പോലും അറിയുന്നത്. അയല്‍വീടുകളുമായി ബേസിലിന് സൗഹൃദമില്ലായിരുന്നു. ഈയാളുടെ അച്ഛന്‍ വര്‍ഷങ്ങള്‍ മുമ്പാണ് മരിച്ചത്. പത്താം ക്‌ളാസു വരെ നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലാണ് പഠിച്ചത്. ഹയര്‍സെക്കന്‍ഡറിയില്‍ കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. പിന്നീട് തമിഴ്‌നാട്ടിലാണ് ബിടെകിന് പഠിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. അവിടെവച്ചാകാം ഭീകരസംഘടനയുമായി ബന്ധപ്പെട്ടതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തീവ്ര മതചിന്താഗതി പുലര്‍ത്തുന്ന പോസ്റ്റുകളാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ബേസിലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.