തേക്ക് അതൊരു അത്ഭുതമാണ്

Saturday 5 August 2017 4:49 pm IST

             മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്ന തേക്കിന്‍ തോട്ടം

തേക്ക് വെറുമൊരു മരമല്ല, അതൊരു അത്ഭുതമാണ്. ഇത് മനസ്സിലാകണമെങ്കില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ സ്ഥിതി ചെയ്യുന്ന തേക്ക് മ്യൂസിയത്തിലെത്തണം. മരങ്ങളുടെ രാജാവായ തേക്കിനെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും, എന്നാല്‍ തേക്ക് മ്യൂസിയത്തിലെത്തിയാല്‍ ഈ മരം ഒരു അതിശമായി തോന്നും. മലയാളത്തില്‍ തേക്ക് എന്നത് തെക്ക് നിന്നു വന്ന മരം എന്നര്‍ത്ഥത്തിലാണ്.

ഒരു കഠിന മരമാണ് തേക്ക്. ശാസ്ത്രീയ നാമം: ടെക്‌റ്റോണ ഗ്രാന്‍ഡിസ്. ഏകദേശം 50 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന തേക്കുമരം ‘തരുരാജന്‍’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളില്‍ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകള്‍ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റര്‍ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ഇവയുടെ തടിയില്‍ ജലാംശം പൊതുവെ കുറവായിരിക്കും. തെക്കേ എഷ്യയിലാണ് കൂടുതലായും കണ്ടുവരുന്നത്.

                               തരുരാജന്റെ നിലമ്പൂര്‍ പെരുമ

                                           നിലമ്പൂര്‍ തേക്ക് മ്യൂസിയം

നിലമ്പൂര്‍ തേക്കിന്‍ പെരുമയ്ക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. തേക്കിന്റെ പ്രതാപമാണ് നിലമ്പൂരിനെ ലോകപ്രശസ്തിയുടെ നെറുകയില്‍ എത്തിച്ചത്. ഭാരതത്തെ അടക്കി ഭരിച്ചിരുന്ന വൈദേശിക ശക്തികളുടെ കയറ്റുമതി ഇനങ്ങളില്‍ തേക്കിന് പ്രഥമ പരിഗണന ലഭിച്ചതോടെയാണ് നിലമ്പൂരും തേക്കും ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. 1948 ല്‍ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡഗാമ തിരിച്ചു പോകാനുള്ള കപ്പലിന്റെ കൊടിമരം നിര്‍മിച്ചത് നിലമ്പൂര്‍ തേക്കുപയോഗിച്ചാണ്.

ഗാമയ്ക്ക് തേക്ക് നല്‍കിയതിന്റെ രേഖ ഇന്നും നിലമ്പൂര്‍ കോവിലകത്ത് സൂക്ഷിച്ചിരിക്കുന്നു. ബ്രിട്ടനില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന് മോടിപിടിപ്പിച്ചതും ബ്രിട്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 150 വര്‍ഷം പഴക്കമുള്ള ടിങ്കോമാലി എന്ന യുദ്ധകപ്പല്‍ നിര്‍മ്മിച്ചതും നിലമ്പൂര്‍ തേക്ക് ഉപയോഗിച്ചാണെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. ആഢംബര കാറുകളുടെ രാജാവായ റോള്‍സ് റോയിസിന്റെ ഉള്‍വശം രാജകീയമാക്കിയതും നിലമ്പൂര്‍ തേക്കാണ്.

1840 ലാണ് ബ്രിട്ടീഷുകാര്‍ ലോകത്തു തന്നെ ആദ്യമായി നിലമ്പൂരില്‍ കനോലി പ്ലോട്ട് എന്ന തേക്ക് പ്ലാന്റേഷന്‍ ആരംഭിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യ തേക്ക് തോട്ടവും ഇതാണ്. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന മഞ്ചേരി സ്വദേശി ചാത്തുമേനോനാണ് കനോലി പ്ലോട്ട് യാഥാര്‍ത്ഥ്യമാക്കിയത്. 1933ല്‍ ചാലിയാര്‍ തീരത്തെ 14.8 ഏക്കര്‍ സ്ഥലത്തെ തേക്കിന്‍ തോട്ടം സംരക്ഷിത പ്ലോട്ടാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധ വേളയില്‍ 9.1 ഏക്കര്‍ സ്ഥലത്തെ തേക്കു തടികള്‍ യുദ്ധാവശ്യങ്ങള്‍ക്കായി ബ്രിട്ടീഷുകാര്‍ മുറിച്ചു കടത്തി. ബാക്കിയുള്ള 5.7 ഏക്കര്‍ സ്ഥലത്ത് തേക്കു മരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ തേക്കു മരം സ്ഥിതി ചെയ്യുന്നതും കനോലി പ്ലോട്ടിലാണ് 46.5 മീറ്റര്‍ ഉയരവും 420 സെന്റീമീറ്റര്‍ വണ്ണവുമുള്ള തേക്ക് ഭീമനെ വനം വകുപ്പ് പ്രത്യേകം സംരക്ഷിക്കുന്നുണ്ട്.

ഒരു ക്യുബിക് മീറ്ററിന് രണ്ടര ലക്ഷം രൂപ വരെ നിലമ്പൂര്‍ തേക്കിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുറിച്ചു മാറ്റുന്ന തേക്കുകള്‍ക്ക് പകരമായി വെച്ചുപിടിപ്പിക്കുന്നവ തഴച്ചു വളരാതിരിക്കുന്നത് നിലമ്പൂരിന്റെ തേക്കിന്‍ പെരുമയ്ക്ക് മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചാലിയാറും പോഷക നദികളും കൊണ്ടുവരുന്ന എക്കല്‍ മണ്ണും കാലാവസ്ഥയുമായിരുന്നു നിലമ്പൂര്‍ തേക്കിന്റെ ഊര്‍ജ്ജം. എന്നാല്‍ ചാലിയാര്‍ വറ്റിവരളുകയും കാലാവസ്ഥ മാറിമറിയുകയും ചെയ്തതോടെ നിലമ്പൂര്‍ തേക്കിനും ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി.

                                         തേക്ക് മ്യൂസിയം

              തേക്ക് ഉപയോഗിച്ച് നിര്‍മ്മിച്ച പരമ്പരാഗത ഉപകരണങ്ങള്‍

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂര്‍ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ നിന്നും ഊട്ടി റോഡിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങള്‍ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴില്‍ 1995 ലാണ് തേക്ക് മ്യൂസിയം ആരംഭിച്ചത്.

തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങള്‍, പഠനങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാര്‍ട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീര്‍ത്ത ശില്‍പ്പങ്ങളും ഇവിടെ കാണാം. തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങള്‍ മ്യൂസിയത്തിലുള്‍ക്കൊള്ളുന്നു. ഇന്ന് മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ജൈവ ഉദ്യാനവും ശലഭ ഉദ്യാനവും തേക്ക് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. മലയോര വികസനത്തിന് പാതയൊരുക്കിയ നിലമ്പൂര്‍ റെയില്‍വേയ്ക്ക് നിമിത്തമായതും തേക്കിന്‍ സമ്പത്ത് തന്നെ.

                        തേക്കിന്റെ അടി മുതല്‍ മുടി വരെ

ഏറ്റവും വണ്ണം കൂടിയ തേക്കായ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ‘ഇടമലയാര്‍’ തേക്കിന്റെ മാതൃക മ്യൂസിയത്തില്‍

അതെ, തേക്ക് മ്യൂസിയത്തിലെത്തിയാല്‍ തേക്കിന്റെ അടി മുതല്‍ മുടി വരെയുള്ള വിവരങ്ങള്‍ അറിയാം. മ്യൂസിയത്തില്‍ പ്രധാനമായും രണ്ടു നിലകളിലായിട്ടാണ് പ്രദര്‍ശിനികള്‍ സജ്ജമാക്കിയിരിക്കുന്നത്. താഴത്തെ നിലയില്‍ പ്രധാനമായും തേക്കിന്റെ ചരിത്രപരമായ വസ്തുതകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. തേക്ക് തോട്ടങ്ങളുടെ ചരിത്രം, തേക്ക് സ്വാഭാവികമായി വളരുന്ന രാജ്യങ്ങള്‍, തേക്കിന് അനുയോജ്യമായ മണ്ണ്, തേക്കിന്റെ വേരുപടലത്തിന്റെ പ്രത്യേകത, തേക്ക് തോട്ടങ്ങളിലെ ‘ഇടമുറിക്കല്‍’ ഇവയൊക്കെ അതതു പ്രദര്‍ശിനികളുടെ സഹായത്തോടെ ഇവിടെ വിവരിച്ചിരിക്കുന്നു. അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കം കൂടിയ തേക്കായ ‘കന്നിമാര’ തേക്കിന്റെ ചിത്രം, ഏറ്റവും വണ്ണം കൂടിയ തേക്കായ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ‘ഇടമലയാര്‍’ തേക്കിന്റെ പ്രതിരൂപം, 480 വര്‍ഷം പഴക്കമുളള ഒരു തേക്കിന്റെ വേരുഭാഗം ഇവയൊക്കെ സന്ദര്‍ശകരെ ഏറെയാകര്‍ഷിക്കുന്നു.

                                   കനോലി പ്ലോട്ട് തേക്ക് പ്ലാന്റേഷന്‍

ഒന്നാമത്തെ നില പ്രധാനമായും തേക്കിന്റെ ശാസ്ത്രപരമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നതാണ്. തേക്കിന്റെ സ്വാഭാവിക പ്രജനനരീതി, വിത്തു പാകപ്പെടുത്തുന്ന വിധം, തേക്കിന്‍ തൈയ്യില്‍ നിന്നും തൈക്കുറ്റി ഉണ്ടാക്കുന്ന വിധം, തൈകളുടെ ഉല്‍പാദനത്തിന് ആധുനിക രീതികളായ ടിഷ്യൂകള്‍ച്ചറും ക്ലോണിംങും ഉപയോഗിക്കുന്ന വിധം ഇവയെല്ലാം വിവരിച്ചിരിക്കുന്നു. കൂടാതെ തേക്കിനെ ബാധിക്കുന്ന ഏറ്റവും പ്രധാന കീടമായ ഹിബ്ലിയ പ്യൂറ,ബാക്ടീരിയ മൂലവും ഫംഗസ് മൂലവും തേക്കിനെ ബാധിക്കുന്ന രോഗങ്ങള്‍ ഇത്തിക്കണ്ണി, കളകള്‍, കാട്ടുതീ എന്നിവ മൂലം തേക്കിനുണ്ടാകുന്ന ദോഷങ്ങള്‍, ഹിബ്ലിയ പുഴുവിനെ വൈറസ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വിധം ഇവയെല്ലാം വിശദീകരിച്ചിരിക്കുന്നു.

തേക്ക് തോട്ടങ്ങളില്‍ കാണുന്ന 300 ല്‍ പരം ഷഡ്പദങ്ങളെ ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍, മറ്റു ഷഡ്പദങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്തിനെയും, ഏറ്റവും വലിയ ചിത്രശലഭമായ ‘സതേണ്‍ ബേഡ് വിംഗ്’ എന്നിവയും ഇവിടെ കാണാം. തേക്കു തടിയിലുളള പരമ്പരാഗത ഉപയോഗ വസ്തുക്കളുടേയും പുരാതന ഗൃഹോപകരണങ്ങളുടേയും ശേഖരവും തേക്ക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

സൂക്ഷിപ്പുകാരിക്കും ചിലത് പറയാനുണ്ട്

തെക്കനായ തരുരാജന്റെ സംരക്ഷകയും തെക്കന്‍ ജില്ലക്കാരിയാണ്. കോട്ടയം സ്വദേശിനി സാനി ലൂക്കോസ്. തേക്ക് വെറുമൊരു മരമല്ലെന്ന സത്യം മനസ്സിലാക്കി അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ഓരോ സന്ദര്‍ശകനും മ്യൂസിയത്തിന്റെ പടിയിറങ്ങുമ്പോള്‍ തനിക്ക് വല്ലാത്തൊരു ആത്മനിര്‍വൃതിയാണ് അനുഭവപ്പെടുന്നതെന്ന് സാനി പറയുന്നു. ഒരു വ്യാഴവട്ടമായി സാനി മ്യൂസിയത്തിലെത്തിയിട്ട്.

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കനോലി പ്ലോട്ടിലെ തൂക്കുപാലം

സന്ദര്‍ശകരെ കൂടുതല്‍ ആനന്ദപ്പിക്കാനും വിജ്ഞാനം പകരാനും ഈ കാലയളവിനുള്ളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനായി. 2014 ഒക്‌ടോബര്‍ മുതല്‍ മ്യൂസിയത്തോടനുബന്ധിച്ച് ഒരു ‘ക്യൂരിയോ ഷോപ്പ്’ പ്രവര്‍ത്തനമാരംഭിച്ചു. തേക്ക്, മുള എന്നിവയിലുണ്ടാക്കിയുളള ഉല്‍പ്പന്നങ്ങളും മറ്റു കരകൗശല ഉല്‍പ്പന്നങ്ങളും, അവയുടെ ഉപയോഗവും ഉല്‍പ്പാദനവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന് സാധാനങ്ങള്‍ വാങ്ങാം. വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി വിദ്യാകേന്ദ്രങ്ങളിലെ അംഗങ്ങള്‍, നേച്ചര്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി പല പഠനപരിപാടികളും മ്യൂസിയത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.

എല്ലാ വര്‍ഷവും ജനുവരി രണ്ട്, മൂന്ന് വാരങ്ങളില്‍ ടീച്ചര്‍ ട്രെയിനിംങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ‘സമ്മര്‍ ട്രെയിനിങ് പ്രോഗ്രാം’ ഏപ്രില്‍ രണ്ടാം വാരം നടത്തിവരുന്നു. കൂടാതെ വന്യജീവിവാരത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ ആദ്യവാരം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും അതുപോലെ പരിസ്ഥിതി പ്രാധാന്യമുളള ദിനങ്ങളില്‍ പ്രത്യേക പരിപാടികളും,നേച്ചര്‍ ക്യാമ്പുകളും ഇവിടെ സംഘടിപ്പിക്കുന്നു. ഇന്ന് വിദ്യാര്‍ത്ഥികളും ഗവേഷണ തല്‍പരരും പൊതുജനങ്ങളും ഉള്‍പ്പെടെ ശരാശരി 18,000 സന്ദര്‍ശകര്‍ മാസന്തോറും തേക്ക് മ്യൂസിയവും ജൈവവിഭവ ഉദ്യാനവും സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.