എസ്.കെ: ദേശമെഴുത്തിന്റെ മേല്‍വിലാസം

Saturday 5 August 2017 5:12 pm IST

ദേശത്തിന്റെ പ്രമേയത്തിനുമേല്‍ മേഞ്ഞുപോകുന്നൊരു കഥയുടെ പുള്ളിമാന്‍ എസ്.കെ.പൊറ്റക്കാടിന്റെ രചനാ പ്രപഞ്ചത്തിലുണ്ട്. അതു ചിലപ്പോള്‍ മൗനത്തിന്റെ നാടന്‍പ്രേമമായും കുരുമുളകുവള്ളിയുടെ കടുത്ത എരിവായുമൊക്കെ മാറിയെന്നും വരാം. മലയാള സാഹിത്യത്തിലെ കഥയുടെ രാജശില്‍പ്പിയായി വാഴ്ത്തപ്പെട്ട എസ്.കെയുടെ എഴുത്തുലോകം ജീവിതത്തിന്റെ വിശാലമായ തുറവിപോലെ വിസ്തൃതമായ സ്ഥല-ഭൂഖണ്ഡങ്ങളുടെകൂടി ലാന്റ് സ്‌കേപ്പാണ്. ഇന്ത്യന്‍ എഴുത്തുകാര്‍ക്കിടയിലെ വലിയ യാത്രികനായിരുന്നതുകൊണ്ടാവണം അദ്ദേഹത്തിന്റെ കഥാ-നോവല്‍ ലോകത്ത് സ്ഥലരാശികള്‍ പരിസരാന്തരീക്ഷത്തെക്കാളധികം കഥാപാത്രങ്ങളെപ്പോലെ തന്നെ അദൃശ്യ സാന്നിധ്യമായി വന്നുചേരുന്നത്. എസ്.കെ പൊറ്റക്കാടിന്റെ പ്രധാന രചനകളുടെ തലക്കെട്ടുതള്‍തന്നെ സ്ഥലനാമങ്ങളുടേതാണ്. ഒരു തെരുവിന്റെ കഥ,ഒരു ദേശത്തിന്റെ കഥ,ആഫ്രിക്ക,യൂറോപ്പ്,റഷ്യ,ലണ്ടന്‍ നോട്ട് ബുക്ക്,ബാലിദ്വീപ്,നേപ്പാല്‍ യാത്ര എന്നിങ്ങനെ സ്ഥപ്പേരുകള്‍ വഹിക്കുന്ന പുസ്തകങ്ങള്‍ എസ്.കെയുടെ അല്ലാതെ അധികമില്ല. ജീവിക്കുന്ന മനുഷ്യരെപ്പോലെ അവരുടെ പരിസരങ്ങള്‍ക്കും അവയുടെ പുരാവൃത്തത്തിനും സമാസമം പ്രാധാന്യമുണ്ട്. കഥയും കവിതയും ആദ്യം എഴുതിത്തുടങ്ങിയ എസ്.കെ പിന്നീട് കൂടുതല്‍ യാത്രകളിലേക്കും തുടര്‍ന്ന് സഞ്ചാരസാഹിത്യത്തിലേക്കും കയറിപ്പോയതുമുതലാണ് ഇത്തരം സ്ഥമെഴുത്തുംകൂടി ഈ എഴുത്തുകാരനെ സര്‍ഗവിതാനമുള്ള ഒഴിയാബാധപോലെ കടന്നുവന്നത്. എഴുത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലേക്കും വളര്‍ന്നു പടര്‍ന്നൊരു വന്‍ വൃക്ഷംപോലെയായിരുന്നു എസ്.കെ.കഥ,കവിത,നോവല്‍,നാടകം,യാത്രാവിവരണം,ലേഖനം എന്നിങ്ങനെ നീണ്ട രചനാസപര്യയ്ക്കിടയില്‍ എണ്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ഇന്നു യാത്രയെഴുത്ത് ഒരു പ്രത്യേക സാഹിത്യ വിഭാഗമായിട്ടുണ്ടെങ്കിലും അതിന്റെ ആദ്യകാലം എസ്.കെയില്‍ നിന്നാണ് തുടങ്ങുന്നത്. ഒരുനോവല്‍പോലെയോ കഥപോലെയോ വായിച്ചുപോകാവുന്നത്ര ശില്‍പ്പഘടനയും അനുഭവരീതിയുമുള്ളവയാണ് ഈ യാത്രയെഴുത്തുകള്‍.യാത്രയെക്കാള്‍ ഓരോ ദേശത്തും അദ്ദേഹം കണ്ടെത്തിയത് തന്റെതായൊരു പുതുമയാണ്. യാത്ര എസ്.കെയ്ക്കു ജീവിതം തന്നെയായിരുന്നു.ഒരു തെരുവിന്റെ കത, ഒരു ദേശത്തിന്റെ കഥ, നാടന്‍പ്രേമം, കുരുമുളക്, പ്രേമശിക്ഷ ,മൂടുപടം എന്നീ നോവലുകളില്‍ കോഴിക്കോട് മിഠായിത്തെരുവിന്റെ കഥ പറയുന്ന നോവല്‍ ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആത്മകഥാപരമായ നോവല്‍ ഒരു ദേശത്തിന്റ കഥ യ്ക്ക് എസ്.കെയ്ക്കു ജ്ഞാനപീഠം ലഭിച്ചു. മലയാളത്തില്‍ ഈ ഉന്നത പുരസ്‌ക്കാരം ലഭിച്ച രണ്ടാമത്തെ എഴുത്തുകാരനാണ് എസ്.കെ.പൊറ്റക്കാട്ട്. ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിനാണ്. നിരവധി അവാര്‍ഡുകള്‍ ഈ കൃതി നേടിയിട്ടുണ്ട്. കാല്‍പ്പനികതയുടെ ഭാവപ്പകര്‍ച്ച ഉള്ളവയാണ് എസ്.കെയുടെ രചനകള്‍ പ്രത്യേകിച്ച് കഥകള്‍ക്ക് ഈ ഗരിമകൂടുതലാണ്. കഥകളുടെ പേരിനുപോലുമുണ്ട് ഈ പ്രത്യേകത. ചന്ദ്രകാന്തം,രാജമല്ലി,മേഘമാല,പുള്ളിമാന്‍,ഇന്ദ്രനീലം,ഹിമവാഹിനി,ഏഴിലംപാല തുടങ്ങിയ പേരുകളില്‍ ഈ കാല്‍പ്പനിക ധ്വനി മുഴങ്ങുന്നുണ്ട്. അധ്യാപകനും പാര്‍ലമെന്റേറിയനുംകൂടിയായിരുന്ന എസ്.കെ.1913ല്‍ കോഴിക്കോട് ജനിച്ചു. 1982 ആഗസ്റ്റ് 6ന് അന്തരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.