കോന്നി ആര്‍സിബി അഴിമതി പാര്‍ട്ടി നടപടിയില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമം

Saturday 5 August 2017 8:43 pm IST

പത്തനംതിട്ട: കോന്നി റീജിയണല്‍ കോഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി പാര്‍ട്ടി നടപടിയിലും ജീവനക്കാരുടെ സസ്‌പെന്‍ഷനിലും ഒതുക്കി നിര്‍ത്താന്‍ സിപിഎമ്മിലെ ഒരുവിഭാഗം ശക്തമായ ശ്രമം ആരംഭിച്ചു. എന്നാല്‍ ക്രമക്കേട് നടത്തിയവരുടേയും ഇതിന് സഹായം ചെയ്തവരുടേയും പേരില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. രണ്ടര ക്കോടിയോളം രൂപയുടെ ക്രമക്കേട് ബാങ്കില്‍ നടന്നതായാണ് പരാതി ഉയര്‍ന്നത്. അഴിമതി പുറത്തുവന്നത് സിപിഎമ്മിലെ വിഭാഗീയതയും ശക്തമാക്കി. പിണറായി പക്ഷത്തിനു മുന്‍തൂക്കമുള്ള കോന്നി ഏരിയാകമ്മറ്റിയും വിഎസ് അനുകൂല ജില്ലാക്കമ്മറ്റിയും വിഷയം എങ്ങനെയും പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളും നടത്തുന്നു. കോന്നി ഏരിയാ കമ്മിറ്റി സ്വീകരിച്ച നടപടികളെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നേരത്തേ ചേരിപ്പോര് തുടങ്ങിയിരുന്നു. ഏരിയാ കമ്മിറ്റിയംഗം വി.ബി.ശ്രീനിവാസനെ ബാങ്ക് പ്രസിഡന്റു സ്ഥാനത്തു നിന്നും, ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും, പരോക്ഷമായും ബന്ധമുള്ള നിരവധി പാര്‍ട്ടി പ്രാദേശിക നേതാക്കളെയും, അംഗങ്ങളെയും ഒഴിവാക്കി ശ്രീനിവാസനെ മാത്രം ബലിയാടാക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കേ ശ്രീനിവാസനെ മാത്രം ലക്ഷ്യം വച്ചുള്ള നടപടി ഔദ്യോഗിക നേതൃത്വത്തിന്റെ വിഭാഗിയത വെളിവാക്കുന്നതാണെന്നും ആക്ഷേപം ഉണ്ട്. ബാങ്കിലെ അഴിമതികള്‍ ബോധ്യപ്പെട്ടിട്ടും പാര്‍ട്ടിയെ വിവരം അറിയിക്കാതിരിക്കുകയും ബാങ്കിലെ ദിവസ കളക്ഷനില്‍ തിരിമറി നടത്തുകയും ചെയ്ത ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനെയും, ലോക്കല്‍ കമ്മിറ്റി അംഗം രാജേഷ് കുമാറിനെയും നേതൃത്വം സംരക്ഷിക്കുകയാണെന്നും പരാതി ഉയരുന്നു. ഇവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന ഏരിയാ കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി ഓമനക്കുട്ടനെ അവധിയില്‍ പ്രവേശിപ്പിച്ച ശേഷം ചേര്‍ന്നലോക്കല്‍ കമ്മിറ്റി ഇരുവരെയും പേരിന് താക്കീത് ചെയ്യുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഓമനക്കുട്ടന്‍ ലോക്കല്‍ സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റതായും അറിയുന്നു. ബാങ്കില്‍ നടന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുകയും പണം നല്‍കുകയും ചെയ്ത കാഷ്യര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും നിലവില്‍ ടൗണ്‍ ബ്രാഞ്ച് അംഗവുമാണ്. ഇയാളെ നടപടികളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന നേതാക്കളുടെ നടപടിയില്‍ ദുരഹതയുണ്ടെന്നും വിമത വിഭാഗം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.