വെള്ളക്കരം കൂട്ടിയതിനെതിരെ കൗണ്‍സിലില്‍ ബഹളം

Saturday 5 August 2017 9:38 pm IST

തൃശൂര്‍: കൗണ്‍സില്‍ അറിയാതെ വെള്ളക്കരം കൂടിയതിനെതിരെ പ്രതിപക്ഷ ബഹളത്തില്‍ അരമണിക്കൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം സ്തംഭിച്ചു. 55ല്‍ 29 അംഗങ്ങള്‍ വരുന്ന കോണ്‍ഗ്രസ്-ബി.ജെ.പി കൗണ്‍സിലര്‍ ഒറ്റക്കെട്ടായാണ് ന്യൂനപക്ഷ എല്‍.ഡി.എഫ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. യോഗത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷനേതാവ് അഡ്വ.എം.കെ.മുകുന്ദനായിരുന്നു വിഷയം ഉന്നയിച്ചത് ഗാര്‍ഹിക വെള്ളക്കരം കൂട്ടേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം നിലനില്‍ക്കേ കൗണ്‍സില്‍ അറിയാതെ വാട്ടര്‍ ചാര്‍ജ് കൂട്ടിയ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുകുന്ദന്‍ ആരോപിച്ചു. വിഷയം ആദ്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസ് ബി.ജെ.പി അംഗങ്ങള്‍ കൂട്ടായി ആവശ്യപ്പെട്ടെങ്കിലും ആവശ്യം മേയര്‍ അജിത ജയരാജന്‍ നിരാകരിച്ചിതനെ തുടര്‍ന്ന് മേയറുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങള്‍ നടത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി സഭ സ്തംഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിക്കുശേഷം ചര്‍ച്ച ആകാമെന്ന് മേയര്‍ നിര്‍ദ്ദേശം വെച്ചു. മേയറുടെ നിര്‍ദ്ദേശം പ്രതിപക്ഷം അംഗീകരിച്ചു. 12ന്‌ശേഷം വിഷയം ചര്‍ച്ച ചെയ്യാനായി തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റി നിരക്കില്‍ വാട്ടര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അജണ്ട ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ മാര്‍ച്ച് 27ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം, ഗാര്‍ഹികേതര നിരക്കുമാത്രം വര്‍ധിപ്പിക്കാനും ഗാര്‍ഹിക നിരക്ക് തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടതില്ലെന്നും തീരുമാനമെടുത്തതായിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായി ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഗാര്‍ഹിക വാട്ടര്‍ചാര്‍ജ്കൂടി കൂട്ടി മേയര്‍ ഉത്തരവാകുകയായിരുന്നു. കൂട്ടിയ കാര്യം ജനങ്ങളേയും അറിയിച്ചിരുന്നില്ല. കഴിഞ്ഞദിവസം കുടിശ്ശിക സഹിതം വാട്ടര്‍ചാര്‍ജ് അടക്കാന്‍ ബില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചപ്പോഴാണ് പ്രതിപക്ഷവും വാട്ടര്‍ ചാര്‍ജ് കൂട്ടിയ വിവരം അറിയുന്നത്. വര്‍ധന ഉപഭോക്താക്കളിലും വന്‍ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. മാര്‍ച്ച് 27ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ഗാര്‍ഹിക നിരക്ക് കൂട്ടേണ്ടതില്ലെന്നു തീരുമാനമെടുത്തെങ്കിലും മാര്‍ച്ച് 29ന് പാസാക്കിയ ബജറ്റില്‍ വാട്ടര്‍ചാര്‍ജ് ഏകീകരിക്കാന്‍ തീരുമാനമുണ്ടെന്നാണ് എല്‍.ഡി.എഫ് ഭരണ നേതൃത്വത്തിന്റെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.