റോഡ് ഗതാഗത യോഗ്യമാക്കണം : ആക്ഷന്‍കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

Saturday 5 August 2017 9:48 pm IST

ചുണ്ടേല്‍: ചുണ്ടേല്‍-ഒലിവുമല റോഡ് തകര്‍ന്നതില്‍ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രധാന്‍മന്ത്രി ഗ്രാമസഡക് യോജന പദ്ധതി പ്രകാരം 5430 മീറ്റര്‍ ദൂരം നിരപ്പാക്കി വീതികൂട്ടി ടാറിങ് നടത്തുന്നതിനായി. 4,27,07594 രൂപയാണ് കേന്ദ്രം അനുവദിച്ചത്. പദ്ധതി എസ്റ്റിമേറ്റ് പ്രകാരം റോഡ് മണ്ണിട്ട് ഉയര്‍ത്തി ക്വാറി വേസ്റ്റും ചെറിയ കരിങ്കല്‍ മിശ്രിതവും ചേര്‍ത്ത് ഉറപ്പിച്ച് ടാറിങ് നടത്തണമെന്നാണ്. എന്നാല്‍ പാതയ്ക്ക് നടുവിലുള്ള വലിയ കയറ്റത്തിന്റെ പുഴയോട് ചേര്‍ന്ന വശങ്ങളിലെ കല്ലുകള്‍ ഇളക്കി മാറ്റിയതും ജനസഞ്ചാരം കുറഞ്ഞ കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗത്ത് മെറ്റല്‍ പാകി പാലം പണിതത് മാത്രമാണ് ഇതുവരെ നടന്ന പ്രവൃത്തി. റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഒലിവുമല പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതും അങ്ങാടിയില്‍ നിന്നും മൂന്ന് കിലോമീറ്ററിലധികം മാറി കിടക്കുന്നതിനാലും സ്വന്തം വാഹനങ്ങളില്ലാത്തവര്‍ക്ക് ഓട്ടോറിക്ഷകളാണ് ഏക ആശ്രയം. പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമാണ് ഒലിവുമലയ്ക്കായി കോടികളുടെ ഫണ്ട് അനുവദിക്കപ്പെട്ടത്. ഇതില്‍ സന്തോഷിച്ചിരിക്കുകയായിരുന്നു ജനം. എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനാകട്ടെ പ്രദേശവാസികളെ ആകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നതും ചുണ്ടേല്‍-വൈത്തിരി പാതയ്ക്ക് സമാന്തരമായ പാതയുമായ ഈ റോഡിന് വേണ്ടി ഗതാഗതയോഗ്യമാക്കുന്നതിനായി ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍. ഇതിന് മുന്നോടിയായി അനീഷ് ആന്റണി കണ്‍വീനറായും, കെ.കെ തോമസ് ചെയര്‍മാനായും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.