ചുരമിറങ്ങിവന്ന ദുരന്തം

Saturday 5 August 2017 10:01 pm IST

കോഴിക്കോട്: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേര്‍ മരിച്ചതറിഞ്ഞ് മഴയെ വകവെക്കാതെ അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത് നൂറുകണക്കിന് നാട്ടുകാര്‍. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസും സ്ഥലവാസികളുമാണ് അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും എത്തിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് താമരശ്ശേരിക്കും അടിവാരത്തിനുമിടയില്‍ ദേശീയ പാതയില്‍ കൈതപ്പൊയിലിന് സമീപം എലിക്കാട് ജംഗ്ഷനില്‍ സ്വകാര്യ ബസ്സും ജീപ്പും കാറും കൂട്ടിയിടിച്ചത്. മഴയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ മരിച്ച കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേകര അബദുറഹിമാനും ഭാര്യ സുബൈദയും പേരമക്കളായ നിഹാല്‍, ജസ, ഫാത്തിമഹന എന്നിവര്‍ ജീപ്പില്‍ വയനാട് വടുവന്‍ചാലിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ മരണം കൊടുവള്ളി കരുവന്‍പൊയില്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍പ്പെട്ട ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. ആദ്യം ബസ്സും ജീപ്പും കൂട്ടിയിടിച്ച് കാറിനുമിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം നലച്ചു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും, താമരശ്ശേരി, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും ഇരുപത് പേരാണുള്ളത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.