'ബാര്‍ക്കില്‍' റേഡിയോളജിക്കല്‍ ഫിസിക്‌സ് ഡിപ്ലോമ

Sunday 6 August 2017 9:16 pm IST

മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) 2017 ഒക്‌ടോബറിലാരംഭിക്കുന്ന ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ഫിസിക്‌സ് (Dip. R.P) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ആഗസ്റ്റ് 21 വരെ സ്വീകരിക്കും. ഭാരതസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണിത്. ആകെ 30 സീറ്റുകളാണുള്ളത്. ഇതില്‍ 5 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്കായിട്ടുള്ളതാണ്. അപേക്ഷ ഓണ്‍ലൈനായി- www.barc.gov.in- എന്ന വെബ്‌സൈറ്റിലൂടെ നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കാം. അപേക്ഷാഫീസ് 200 രൂപയാണ്. വെബ്‌സൈറ്റില്‍നിന്നും ചെലാന്‍ ഡൗണ്‍ലോഡ് ചെയ്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസ് അടയ്ക്കാം. വനിതകള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പട്ടികജാതി/വര്‍ഗ്ഗം, പ്രതിരോധസേനയില്‍ സേവനത്തിനിടെ മരണപ്പെട്ടവരുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷിക്കേണ്ട രീതി വെബ്‌സൈറ്റിലുണ്ട്. യോഗ്യത: എംഎസ്‌സി ഫിസിക്‌സ്‌കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വേണം. തത്തുല്യ ഗ്രേഡുകാരെയും പരിഗണിക്കും. സ്‌പോണ്‍സേര്‍ഡ് കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ റേഡിയോതെറാപ്പി ഡിപ്പാര്‍ട്ടുമെന്റില്‍ ഒരുവര്‍ഷത്തെ വര്‍ക്കിംഗ് എക്‌സ്പീരിയന്‍സുണ്ടാകണം. എംഎസ്‌സി ഫിസിക്‌സ് ഫൈനല്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം 2017 ഒക്‌ടോബര്‍ 30 നകം യോഗ്യത തെളിയിക്കണം. പ്രായപരിധി 2017 ഒക്‌ടോബര്‍ ഒന്നിന് ജനറല്‍ കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് 26 വയസ്സും ഒബിസിക്കാര്‍ക്ക് 29 വയസ്സും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 31 വയസ്സുമാണ്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷത്തെ ഇളവ് ലഭിക്കും. സ്‌പോണ്‍സേര്‍ഡ് കാറ്റഗറിയില്‍പ്പെടുന്നവരുടെ ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എന്‍ട്രന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 3 ന് 11 മണിക്ക് മുംബൈയില്‍വച്ച് നടത്തും. അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25 ന് ഡൗണ്‍ലോഡ് ചെയ്യാം. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ മുംബൈയില്‍വച്ച് ഇന്റര്‍വ്യു നടത്തും. സ്‌പോണ്‍സേര്‍ഡ് വിഭാഗക്കാര്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതേണ്ടതില്ല. എഴുത്തുപരീക്ഷക്ക് ഹാജരാകുന്നവര്‍ക്ക് യാത്രാബത്ത ലഭിക്കും. അഡ്മിഷന്‍ ലഭിക്കുന്ന നോണ്‍സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കെല്ലാം പ്രതിമാസം 9300 രൂപ വീതം സ്‌റ്റൈപ്പന്റുണ്ട്. ഒരുവര്‍ഷത്തേക്കാണ് സ്‌റ്റൈപ്പന്റ്. അഡ്മിഷന്‍ ഫീസ് 3000 രൂപയാണ്. മുംബൈയിലെ അണുശക്തി നഗറില്‍ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. Dip.R.P- വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹോമിഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിപ്ലോമാ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.barc.gov.in-  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.