'ഐഐഎം-ക്യാറ്റ് നവംബര്‍ 26 ന്

Sunday 6 August 2017 9:14 pm IST

പ്രമുഖ മാനേജ്‌മെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇരുപത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളുടെ (ഐഐഎമ്മുകള്‍) പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേയ്ക്കും പതിമൂന്ന് ഐഐഎമ്മുകളുടെ മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാമുകളിലേയ്ക്കുമുള്ള േകാമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ഐഐഎം-ക്യാറ്റ് 2017) ദേശീയതലത്തില്‍ നവംബര്‍ 26 ഞായറാഴ്ച നടക്കും. കോഴിക്കോട്, തിരുച്ചിറപ്പള്ളി, ബാംഗ്ലൂര്‍, വിശാഖപട്ടണം, അഹമ്മദാബാദ്, ലക്‌നൗ, നാഗ്പൂര്‍, റായ്പൂര്‍, അമൃത്‌സര്‍, ബോധ്ഗയ, കല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കശിപൂര്‍, റാഞ്ചി, രോഹ്തക്, സാമ്പല്‍പൂര്‍, ഷില്ലോംഗ്, സിര്‍മൗര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലാണ് ഐഐഎമ്മുകള്‍ ഉള്ളത്. PGP, PGP-FABM, PGPEM, PGPPM, PGDM, PGP-HRM, PGP-ABM, PGPBM, FPM മുതലായ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ക്യാറ്റ് സ്‌കോര്‍ പരിഗണിച്ചാണ്. ഐഐഎമ്മുകള്‍ക്ക് പുറമെ മറ്റ് നിരവധി ബിസിനസ് സ്‌കൂളുകളും എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് പിജി പ്രവേശനത്തിനുള്ള സ്‌ക്രീനിംഗിന് ക്യാറ്റ് സ്‌കോര്‍ ഉപയോഗിക്കാറുണ്ട്. പ്രസ്തുത സ്ഥാപനങ്ങളുടെ ലിസ്റ്റ് ക്യാറ്റ് വെബ്‌സൈറ്റിലുണ്ട്. ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്ക് 'ക്യാറ്റി'ല്‍ പങ്കെടുക്കാം. ജനറല്‍/ഒ.ബി.സി (നോണ്‍ ക്രിമിലെയര്‍) വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബാച്ചിലേഴ്‌സ് ബിരുദമുണ്ടാകണം. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 45 % മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തിരിക്കണം. തത്തുല്യ സിജിപിഎയുള്ള ബിരുദക്കാരെയും പരിഗണിക്കും. സിഎ/സിഎസ്/സിഎംഎ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധിയില്ല. www.iimcat.ac.in- എന്ന വെബ്‌പോര്‍ട്ടലില്‍ ആഗസ്റ്റ് 9 മുതല്‍ (രാവിലെ 10 മണിക്ക്) ക്യാറ്റ് രജിസ്‌ട്രേഷന് സൗകര്യം ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 900 രൂപ മതി. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരമോ നെറ്റ് ബാങ്കിംഗിലൂടെയോ ഫീസ് അടയ്ക്കാം. സെപ്റ്റംബര്‍ 20 ന് വൈകിട്ട് 5 മണിവരെ ഓണ്‍ലൈന്‍ ക്യാറ്റ് രജിസ്‌ട്രേഷന് സമയമുണ്ട്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2017 നവംബര്‍ 26 ന് രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് സെഷനുകളായാണ് ടെസ്റ്റ്. ഇതില്‍ ഏത് സെഷന്‍ വേണമെങ്കിലും പരീക്ഷക്ക് തെരഞ്ഞെടുക്കാം. കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ 140 കേന്ദ്രങ്ങളിലായാണ് ടെസ്റ്റ് നടത്തുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ മൂന്ന് സെഷനുകളുണ്ടാവും. പരമാവധി 180 മിനിറ്റ് അനുവദിക്കും. സെഷന്‍-1: വെര്‍ബല്‍ എബിലിറ്റി ആന്റ് റീഡിംഗ് കോംബ്രിഹന്‍ഷന്‍. 2: ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍ ആന്റ് ലോജിക്കല്‍ റീസണിംഗ്. 3: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണെങ്കിലും ഓരോ സെക്ഷനിലേയും ചില ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ടൈപ്പ് ചെയ്യേണ്ടതായി വരും. ഓരോ സെക്ഷനും ഉത്തരം കണ്ടെത്തുന്നതിന് പരമാവധി 60 മിനിറ്റ് ലഭിക്കും. സമയബന്ധിതമായി ഓരോ സെക്ഷനും അഭിമുഖീകരിക്കണം. ഒരേസമയം ഒന്നിലധികം സെക്ഷനിലേക്ക് കടക്കാന്‍ കഴിയില്ല. 'ക്യാറ്റ്' ഇന്റര്‍നെറ്റ് അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയല്ല. ഇതൊരു കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. കമ്പ്യൂട്ടര്‍ ടെര്‍മിനലില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. ശരിയായ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സമയബന്ധിതമായി പരീക്ഷ പൂര്‍ത്തിയാക്കാം. മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്ക് ശരി ഉത്തരത്തിന് 3 മാര്‍ക്കാണ്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. നെഗറ്റീവ് മാര്‍ക്കുള്ളതിനാല്‍ ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ മാര്‍ക്ക് കുറയില്ല. എന്നാല്‍ കമ്പ്യൂട്ടറില്‍ ഉത്തരം ടൈപ്പ്‌ചെയ്യേണ്ട നോണ്‍ മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല. ടെസ്റ്റ് മാതൃക മനസ്സിലാക്കുന്നതിനുള്ള ട്യൂട്ടോറിയല്‍സ് ഒക്‌ടോബര്‍ 18 മുതല്‍ www.iimcat.ac.in- എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. കമ്പ്യൂട്ടേഷന് ഓണ്‍സ്‌ക്രീന്‍ കാല്‍ക്കുലേറ്ററാണ് ഉപയോഗിക്കേണ്ടത്. IIM-CAT ന്റെ ഫലം ജനുവരി രണ്ടാംവാരമറിയാം. ക്യാറ്റ് സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ പട്ടിക തയ്യാറാക്കി റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ്ചര്‍ച്ച, വ്യക്തിഗത ഇന്റര്‍വ്യു എന്നിവ നടത്തിയാണ് ഓരോ ഐഐഎമ്മിന്റെയും മാനേജ്‌മെന്റ് പിജി പ്രവേശനം. ഇതിനായി പ്രതേ്യകം അപേക്ഷിക്കേണ്ടതുണ്ട്. അക്കാദമിക് മെറിറ്റിനും പ്രവൃത്തിപരിചയത്തിനുമെല്ലാം വെയിറ്റേജ് ലഭിക്കും. ഓരോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് തീയതികള്‍ അതത് ഐഐഎമ്മിന്റെ വെബ്‌സൈറ്റിലുണ്ട്. ഐഐഎം-ക്യാറ്റ് 2017 സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ അറിയുന്നതിനും www.iimcat.ac.in- എന്ന വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.