വ്യക്തത വരുത്തിയില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും ലഭിക്കില്ല

Sunday 6 August 2017 9:25 pm IST

കൊല്ലം: റേഷന്‍ മുന്‍ഗണന പട്ടിക കൃത്യമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനര്‍ഹരെ കണ്ടെത്താന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂണിവേഴ്‌സിറ്റി ജീവനക്കാര്‍, സംസ്ഥാന-ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ അതാത് സ്ഥാപന ഓഫീസ് മേധാവിയെയോ, ശമ്പളവിതരണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മുമ്പാകെയോ ആഗസ്റ്റ് 20ന് മുന്‍പ് പരിശോധനയ്ക്ക് വിധേയമാക്കണം. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോ എല്ലാ വകുപ്പ് മേധാവികള്‍ക്കും ഉത്തരവ് നല്‍കി. മതിയായ കാരണമില്ലാതെ റേഷന്‍ കാര്‍ഡ് ഹാജരാക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പ് മേധാവിമാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്കാര്യം മറച്ചുവച്ചോ, അബദ്ധവശാലോ മുന്‍ഗണനാപട്ടികയില്‍ കടന്നു കൂടിയ ജീവനക്കാരുടെ വിവരം റേഷന്‍കാര്‍ഡ് നമ്പര്‍ സഹിതം ഓഫീസ് മേധാവി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് ആഗസ്റ്റ് 30ന് മുന്‍പ് റിപ്പോര്‍ട്ടായി നല്‍കണം. റേഷന്‍ കാര്‍ഡ് സമര്‍പ്പിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ സപ്തംബറിലെ ശമ്പളത്തെയും പെന്‍ഷനെയും ബാധിക്കാനും സാധ്യതയുണ്ട്. റേഷന്‍കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുടെ സത്യവാങ്മൂലം വാങ്ങി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരിശോധനയ്ക്ക് നല്‍കണം. സംസ്ഥാനത്ത് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ട്രഷറി, ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയവരുടെ വിവരം റേഷന്‍ കാര്‍ഡ് നമ്പര്‍ സഹിതം ബന്ധപ്പെട്ട താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. സംസ്ഥാനത്തെ ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പെന്‍ഷണര്‍മാരുടെയും റേഷന്‍കാര്‍ഡുകള്‍ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളുടെയും രജിസ്ട്രാര്‍മാരും ദേശസാല്‍കൃത,ഷെഡ്യൂള്‍ഡ് ബാങ്ക് അധികാരികളും ശമ്പളം അല്ലങ്കില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ റേഷന്‍കാര്‍ഡുകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.