അമ്പലപ്പുഴ തിരുവാഭരണം കവര്‍ച്ച; പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ഭക്തര്‍ ശയനപ്രദക്ഷിണം നടത്തി

Sunday 6 August 2017 11:58 pm IST

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ പതക്കം മോഷണം പോയ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ശയന പ്രദക്ഷിണം നടത്തി. കര്‍മ്മസമിതി സംഘാടകരായ ഡി.സുബാഷ്, വി . ദില്‍ജിത്ത്, ഉണ്ണികൃഷ്ണന്‍ തമ്പി, മനോജ് മൂര്‍ത്തി, ഷിബു, സിനു, ജയന്‍ തുടങ്ങിയവരാണ് നാലമ്പലത്തിന് ചുറ്റും ശയന പ്രദക്ഷിണം നടത്തിയത്. ശങ്കരന്‍നായര്‍, അനില്‍ പാഞ്ചജന്യം, ബിജു സാരംഗി, പുന്നശ്ശേരി മുരളി, പി.കെ.കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭക്തര്‍ നാമജപമന്ത്രങ്ങളോടെ അനുഗമിച്ചു. പോലീസും ദേവസ്വംബോര്‍ഡും നടത്തുന്ന ഒത്തുകളിക്കെതിരെ വ്യത്യസ്തമായ സമരങ്ങളാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് ഒളിച്ചുകളി തുടരുന്നത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന് വിമര്‍ശനം ഉയരുന്നു. കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തിയ ക്ഷേത്രം ജീവനക്കാരെ ദേവസ്വം ബോര്‍ഡും സംരക്ഷിക്കുകയാണ്. പതക്കം മോഷണം പോയി ഒരു മാസത്തിന് ശേഷം രൂപമാറ്റം വരുത്തിയ നിലയില്‍ കാണിക്കവഞ്ചികളില്‍ നിന്ന് കണ്ടു കിട്ടിയിരുന്നു. ഇത് കാണിക്കവഞ്ചിയില്‍ ഇട്ടതാരാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ പതക്കം തിരികെ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ വിഷുവിന് ഭഗവാന് തിരുവാഭരണം ചാര്‍ത്താതിരുന്നതോടെയാണ് പതക്കം നഷ്ടപ്പെട്ട വിവരം പുറംലോകം അറിയുന്നത്. മോഷ്ടാവിനെ കണ്ടെത്താതെ കാണിക്കവഞ്ചി എണ്ണിക്കില്ല എന്ന വാശിയിലാണ് ഭക്തജനങ്ങള്‍. ഇതിനിടെ ഒരു ക്ഷേത്രം ജീവനക്കാരന്‍ മരിച്ചിരുന്നു. ഈയാളുടെ മേല്‍ കുറ്റം കെട്ടിവെച്ച് അന്വേഷണം അവസാനിപ്പിക്കാനും ശ്രമം നടന്നിരുന്നു. തല മുണ്ഡനം ചെയ്തും ദേശീയപാത ഉപരോധിച്ചും പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.