കായംകുളം കൊച്ചുണ്ണിമാരും മറ്റും

Monday 7 August 2017 9:32 am IST

സിനിമകള്‍ എപ്പോഴും ചില ട്രെന്റുകള്‍ക്കു പുറകെയാണ്. ഒരു ചിത്രം വിജയിച്ചാല്‍ അമ്മാതിരിയുള്ളവ പടച്ചുവിടാനായിരിക്കും താല്‍പ്പര്യം. ഇപ്പോള്‍ മലയാള സിനിമ ഐതിഹ്യങ്ങള്‍ക്കും ചരിത്രത്തിനും പിന്നാലെയാണ്. ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഇങ്ങനെ ഒരുങ്ങുന്നത്. കര്‍ണ്ണന്‍, പയ്യമ്പിള്ളിചന്തു, വേലുത്തമ്പിദളവ, കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുന്നതിന്റെ വാര്‍ത്തയും പോസ്റ്ററും വന്നു കഴിഞ്ഞു. പുതു തലമുറക്കാര്‍ക്ക് ഇതുകേള്‍ക്കുമ്പോള്‍ പെട്ടെന്നൊരു കൗതുകം തോന്നിയേക്കാം. പക്ഷേ ഡസന്‍ കണക്കിനു ഇത്തരം ചിത്രങ്ങള്‍ നേരത്തെ മലയാളത്തില്‍ വന്നിട്ടുണ്ട്. ചിലതു വലിയ വിജയവും ചിലത് അമ്പേ പരാജയവുമായിരുന്നു. സത്യന്‍, കൊട്ടാരക്കര, നസീര്‍, ജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചരിത്ര-ഐതിഹ്യ ചിത്രങ്ങള്‍ ധാരാളമായുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍, പാലാട്ടുകോമന്‍, കായംകുളം കൊച്ചുണ്ണി, വെള്ളായണി പരമു എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നല്ല വിജയം നേടിയവയാണ്. അതുപോലെ ഈ നടന്മാര്‍ അഭിനയിച്ച വടക്കന്‍പാട്ട് ചിത്രങ്ങളും ഭക്തിരസ പ്രദമായ സിനിമകളുമുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ഇന്നത്തെ സൂപ്പര്‍ താരങ്ങളും ചില വടക്കന്‍പാട്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പഴയ കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു നായകന്‍. പണക്കാരെ കൊള്ളയടിച്ച് പാവപ്പെട്ടവനെ സഹായിക്കുന്ന കൊച്ചുണ്ണി അന്നത്തെ വലിയ ഹിറ്റായിരുന്നു. യേശുദാസ് ഈ ചിത്രത്തില്‍ പാടി അഭിനയിച്ചിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തില്‍ മെഗാഹിറ്റായ സീരിയലായിരുന്നു കായംകുളം കൊച്ചുണ്ണി. പി.സി.വേണുഗോപാല്‍ സംവിധാനം ചെയ്ത ഈ സീരിയല്‍ ആയിരത്തോളം എപ്പിസോഡുകളാണ് നീണ്ടത്. ഇതിന്റെ വിജയം കണ്ട് പിന്നീട് കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നപേരിലും ഒരു സീരിയല്‍ ഉണ്ടായി. പക്ഷേ അത് അധികം നാളുകള്‍ നീണ്ടുനിന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.