അന്‍വാര്‍ശേരിയില്‍ മദനിക്കായി 150 പോലീസുകാര്‍ !

Monday 7 August 2017 10:59 am IST

ശാസ്താംകോട്ട: മകന്റെ വിവാഹത്തിലും സല്‍ക്കാരചടങ്ങിലും പങ്കെടുക്കാന്‍ ഇന്നലെ മദനി കേരളത്തിലെത്തി. പതിമൂന്ന് ദിവസം കൊല്ലം മൈനാഗപ്പള്ളി അന്‍വാര്‍ശേരിയില്‍ തങ്ങുന്ന മദനിക്ക് സുരക്ഷ ഒരുക്കാന്‍ കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ 150 അംഗ കേരള പോലീസ് സംഘവുമുണ്ട്. ഇന്നലെ രാത്രിയോടെയാണ് കൊച്ചിയില്‍ വിമാനം ഇറങ്ങിയ മദനി മൈനാഗപ്പള്ളിയില്‍ എത്തിയത്. മൈനാഗപ്പള്ളി, കരുനാഗപ്പള്ളി മേഖലയിലെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രാദേശികനേതാക്കള്‍ അടക്കം വന്‍ജനാവലി മദനിയെ സ്വീകരിക്കാന്‍ കൊല്ലം ജില്ലാഅതിര്‍ത്തിയായ ഓച്ചിറയില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മദനിയെ മൈനാഗപ്പള്ളിയിലേക്ക് കൊണ്ടുവന്നത്. കൊല്ലം റൂറല്‍ എസ്പി അശോകന്‍, ഡിവൈഎസ്പി ജെ.ജേക്കബ് തുടങ്ങി മൂന്ന് സിഐമാരും ആറ് എസ്‌ഐമാരും അടക്കം 150 അംഗ പോലീസ് പട മദനിക്ക് കാവല്‍ ഒരുക്കി മൈനാഗപ്പള്ളിയില്‍ തമ്പടിച്ചിരിക്കുന്നത്. 19 വരെയാണ് മദനി മൈനാഗപ്പള്ളിയില്‍ ഉള്ളത്. ഇതില്‍ എട്ടിന് തലശേരിയില്‍ മകന്റെ വിവാഹത്തിന് പോകും. തുടര്‍ന്ന് ഒന്‍പതിന് വൈകിട്ട് വിവാഹത്തിന്റെ സ്വീകരണ പരിപാടി കൊല്ലത്തുവച്ച് നടക്കും. അതിലും പങ്കെടുത്തശേഷം തിരികെ അന്‍വാര്‍ശേരിയില്‍ എത്തുന്ന മദനി 19ന് തിരികെ പോകും. ഇത്രയും ദിവസവും കൊല്ലം ഗ്രാമജില്ലയിലെ പോലീസ് സംവിധാനം മുഴുവന്‍ രാപകല്‍ വ്യത്യാസമില്ലാതെ മദനിക്ക് ഒപ്പമുണ്ടാകും. എസ്പിയും ഡിവൈഎസ്പിയും സിഐമാരും എസ്‌ഐമാരും മറ്റ് പോലീസുകാരും ഓഫീസ് വിട്ട് 13 ദിവസം മൈനാഗപ്പള്ളിയില്‍ തമ്പടിക്കുന്നതോടെ ബുദ്ധിമുട്ടുന്നത് അതാതു പ്രദേശത്തെ ക്രമസമാധാനപാലനത്തെയും പരാതിക്കാരായി സ്റ്റേഷനുകളില്‍ എത്തുന്ന സാധാരണക്കാരുമാണെന്ന് പോലീസ് സേനയിലെതന്നെ ഒരുവിഭാഗം ആരോപിക്കുന്നു. മാത്രവുമല്ല 13 ദിവസം മൈനാഗപ്പള്ളി ശാസ്താംകോട്ട പ്രദേശങ്ങളില്‍ ഭീകര അന്തരീക്ഷവും യുദ്ധപ്രതീതിയുമാണ് ഉണ്ടാകുന്നതെന്ന് മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്രയും പോലീസ് ഉള്ളപ്പോഴും അന്‍വാറുശേരിയും സമീപപ്രദേശങ്ങളും ഈ ദിവസങ്ങളില്‍ അടക്കിവാഴുന്നത് മദനിയുടെ അനുചരന്മാരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.