എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചു: വനവാസി യുവാവ്

Monday 7 August 2017 9:58 pm IST

കാസര്‍കോട്: ദളിത് സ്‌നേഹം നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പ്രസംഗിക്കുന്ന എസ്എഫ്‌ഐക്കാര്‍, ദളിതനെന്ന് പരിഗണിക്കാതെ ആദിവാസി ബാലനെ ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു. കാസര്‍കോട് സ്വദേശിയായ ബിനേഷ് ബാലനാണ് തനിക്ക് നേരട്ട പീഡനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വിവരിച്ചത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠനം നടത്തുന്ന കാസര്‍കോട്ടെ ആദിവാസി യുവാവ് ബിനേഷ് ബാലനാണ് എസ്എഫ്‌ഐക്കെതിരെ നിശിത വിമര്‍ശനവുമായി രംഗത്ത് വന്നത്. കേന്ദ്രസര്‍ക്കാറിന്റെ നാഷനല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടികവര്‍ഗ വിദ്യാര്‍ഥിയാണ് ബിനേഷ്. കാസര്‍കോട് കോളിച്ചാല്‍ പതിനെട്ടാംമൈലിലെ ബാലന്‍-ഗിരിജ ദമ്പതികളുടെ മകന്‍ ബിനേഷ് ഇപ്പോള്‍ ബ്രിട്ടനിലാണ്. ബിനേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോഴിക്കോട് കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് വെളിപ്പെടുത്തിയത്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി സമരം ചെയ്യുന്ന എസ്എഫ്‌ഐക്കാര്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തന്നെ ഉപദ്രവിക്കുമ്പോള്‍ താനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയുമായിരുന്നു. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തുകയും ദളിത് ഭീകരനും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനുമാക്കി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതായി ബിനേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഒരു റെക്കമന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ ഇപ്പോള്‍ തന്നെ 'സഹായിച്ച' കഥകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ താനത് ആസ്വദിക്കുകയാണ്. ഉപരിപഠനത്തിന് സഹായം ചെയ്തില്ലെന്നു മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്തിട്ട് പിന്നീട് തന്റെ വിഷയം മാധ്യമങ്ങളേറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തുകയായിരുന്നെന്നും ബിനേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു ദളിത് സംഘടനാ പ്രവര്‍ത്തകനോട് സംസാരിച്ചാല്‍ തീവ്ര ദളിത് സംഘടനാ പ്രവര്‍ത്തകനാക്കാനും മുസ്ലിം കുട്ടികളോട് സംസാരിച്ചാല്‍ മുസ്ലിം സംഘടനാ പ്രവര്‍ത്തകനാക്കാനുമൊക്കെ എസ്എഫ്‌ഐക്കാര്‍ക്ക് ഒരു മടിയുമില്ലായിരുന്നു. തനിക്ക് കാര്യവട്ടം കാമ്പസില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് വിശദമായി ബിനേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ബിനേഷിന് വിദേശ പഠനത്തിന് മൂന്നു തവണ അവസരം മുടങ്ങിയത് നേരത്തെ വാര്‍ത്തയായിരുന്നു. പിന്നീട് നാലാം തവണയാണ് പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും സസക്‌സ് യൂണിവേഴിസിറ്റിയിലും പ്രവേശനം നേടിയത്. മുന്‍പ് വിദേശ പഠനത്തിന് പ്രവേശനം ലഭിച്ചപ്പോള്‍ സര്‍ക്കാരിന്റെ ധനസഹായത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. യാത്രയ്ക്കാവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിന് തടസ്സങ്ങള്‍ വന്നതോടെ യാത്ര മുടങ്ങുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.