ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു

Tuesday 8 August 2017 1:32 pm IST

ന്യൂദല്‍ഹി: തന്ത്രപ്രധാനമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും സെപ്തംബറില്‍ സംയുക്ത യുദ്ധാഭ്യാസത്തിന് തയ്യാറെടുക്കുന്നു. സെപ്തംബര്‍ 14 മുതല്‍ 17വരെ ലൂയിസ് മക്‌കോര്‍ഡ് ബേസില്‍ ആയിരിക്കും യുദ്ധാഭ്യാസം നടക്കുക. അമേരിക്കയുടെ തന്ത്രപധാന പങ്കാളിയാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സൈനിക ബന്ധം കുറച്ച് കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ നീക്കം. ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് ഉചിതമായ മറുപടി നല്‍കുക എന്നത് കൂടി ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. നേരത്തെ മലബാര്‍ നാവികാഭ്യാസം നടത്തിയപ്പോഴും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. പത്ത് ദിവസം നീണ്ടുനിന്ന സൈനികാഭ്യാസത്തില്‍ അമേരിക്കയെ കൂടാതെ ജപ്പാനും പങ്കെടുത്തിരുന്നു. ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് മലബാര്‍ എക്‌സര്‍സൈസ് ആരംഭിച്ചതെങ്കിലും പിന്നീട് ജപ്പാനും ഇതില്‍ പങ്കാളികളാവുകയായിരുന്നു. ദോക് ലാമിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ അമേരിക്കയുമായുള്ള യുദ്ധ്യാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നത് ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.