വനവാസികളുടെ സൗഖ്യത്തിനായി

Tuesday 8 August 2017 7:03 pm IST

കോളനി മുറ്റത്ത് വന്നെത്തുന്ന ആംബുലന്‍സില്‍ നിന്നിറങ്ങുന്ന ഹിന്ദിക്കാരനായ ഡോക്ടറോട് രോഗവിവരങ്ങള്‍ പറയാന്‍ വനവാസികള്‍ക്ക് ഇന്ന് ഒരു ബുദ്ധിമുട്ടുമില്ല. അവരുടെ ഹൃദയഭാഷ ഡോക്ടര്‍ പഠിച്ചിരിക്കുന്നു, ഒപ്പം മലയാളവും. ഡോക്ടര്‍ ധനഞ്ജയ് സഖ്‌ദേവ് എന്നയാളെ വയനാട്ടില്‍ പലര്‍ക്കുമറിയില്ല. എന്നാല്‍ സഖ്‌ദേവ് ഡോക്ടര്‍ വനവാസികള്‍ക്കെല്ലാം സുപരിചിതന്‍. വയനാട്ടിലെ മുട്ടിലിലുള്ള സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണദ്ദേഹം. 1972 ല്‍ ഡിസ്‌പെന്‍സറിയായി ആരംഭിച്ച് 1981 ല്‍ ആശുപത്രിയായി. ഇക്കാലയളവില്‍ 11,000 ത്തില്‍ അധികം മെഡിക്കല്‍ ക്യാമ്പുകളിലായി ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഡോക്ടറുടെ കരസ്പര്‍ശം തുണയായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രികള്‍ വന്‍തുക ഈടാക്കി ചികിത്സ നടത്തുമ്പോള്‍ വനവാസികള്‍ക്ക് തീര്‍ത്തും സൗജന്യ ചികിത്സ നല്‍കുന്ന വേറിട്ട ആതുരാലയമാണ് മെഡിക്കല്‍ മിഷന്‍ ആശുപത്രി. 1981 കാലഘട്ടങ്ങളില്‍ 25 പൈസയായിരുന്നു വനവാസി ഇതര വിഭാഗക്കാര്‍ക്ക് ഡോക്ടറുടെ ഫീസ്. പിന്നെ മരുന്നുകളുടെ തുക മാത്രം നല്‍കിയാല്‍ മതി. ഇന്നും ഇതര വിഭാഗക്കാരോട് നാമമാത്രമായ തുകയാണ് വാങ്ങുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മാര്‍ഗ്ഗരേഖയില്‍ എ.പി.കേശവന്‍ നായര്‍, സി.ചന്ദ്രശേഖരന്‍, ഡോക്ടര്‍ എം.മോഹന്‍ദാസ്, പരേതനായ പി.വി.കരുണാകരന്‍ തുടങ്ങിയവര്‍ ആശുപത്രിയെ സാധാരണക്കാരുടെ അത്താണിയാക്കി മാറ്റി. ഇന്നും ആയിരക്കണക്കിനാളുകള്‍ ഇവിടെ ചികിത്സ തേടുന്നു. 2016-17 ല്‍ മാത്രം 92,406 പേര്‍ ഇവിടെ ചികിത്സക്കെത്തി. 63,585 ഒപിയും ഐപി വിഭാഗത്തില്‍ 35,504 ഉം വിവിധ മെഡിക്കല്‍ ക്യാമ്പുകളിലായി 10,642 ഉം ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍ മുഖാന്തരം 14,675 പേര്‍ക്കും ഈ ആശുപത്രി വഴി ചികിത്സ ലഭിച്ചു. വയനാട്ടിലെ വനവാസികളുടെ പ്രധാന ആരോഗ്യപ്രശ്‌നം വിളര്‍ച്ചയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പോഷകാഹാരക്കുറവായിരുന്നു പ്രധാന കാരണം. പിന്നെ ശുചീകരണ അഭാവം മൂലം ഉണ്ടാകുന്ന ചൊറിയും മറ്റ് രോഗങ്ങളും. അതെല്ലാം ഏതാണ്ട് പാടെ മാറി. ഇന്നാകട്ടെ ആ സ്ഥാനത്ത് പ്രഷറും ഷുഗറുമെല്ലാം കടന്നുവന്നു. ജീവിതശൈലീരോഗങ്ങളാണ് വയനാട്ടുകാരുടെ പ്രധാന പ്രശ്‌നമെന്നാണ് ഡോക്ടറുടെ അഭിപ്രായം. 1995 കാലഘട്ടത്തില്‍ വനവാസികളില്‍ ചിലര്‍ക്കുണ്ടായ രോഗലക്ഷണങ്ങളില്‍ ഡോക്ടര്‍ ഭയപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തസാമ്പിളുകള്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്)ലേക്ക് അയച്ചു. പരിശോധനാഫലം കണ്ടതോടെ ഡോക്ടര്‍ ഞെട്ടി. സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം) രോഗലക്ഷണങ്ങളായിരുന്നു അത്. ഡോക്ടറുടെ നേതൃത്വത്തില്‍ ആശുപത്രി ജില്ലാമെഡിക്കല്‍ ഓഫീസറെയും ജില്ലാ കളക്ടറെയും വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധര്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തി. പത്രങ്ങളിലെല്ലാം വാര്‍ത്ത പരന്നു. വനവാസികള്‍ക്ക് ഭീതിയുടെ നാളുകളായിരുന്നു അന്ന്. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ ആശുപത്രി ജില്ലയില്‍ 1500 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരുലക്ഷം വനവാസികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചു. എല്ലാവര്‍ക്കും കൗണ്‍സലിംഗ് നല്‍കി. എയിംസിന്റെ സഹായത്തോടെ സിക്കിള്‍സെല്‍ പ്രൊജക്ട് 1997 മുതല്‍ 2001 വരെ ഏറ്റെടുത്ത് നടത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ദിവാകറിന്റെയും സരോജിന്റെയും രണ്ടാമത്തെ മകനായി 1956 ല്‍ ആണ് ഡോക്ടറുടെ ജനനം. എംബിബിഎസ് പാസായതോടെ സാമൂഹ്യസേവനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമായി. അച്ഛനമ്മമാര്‍ ആദ്യം എതിര്‍ത്തെങ്കിലും മകന്റെ പിടിവാശിക്കുമുന്‍പില്‍ അവര്‍ വഴങ്ങി. അങ്ങനെ 1980 ല്‍ ഡോക്ടര്‍ മുട്ടിലിലെത്തി. ഇന്ന് ഭാര്യ സുജാതയും മക്കളായ അതിഥി, ഗായത്രി എന്നിവരുമൊത്ത് മുട്ടിലില്‍ ആശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്നു. അതിഥി വിവാഹിതയായി, എഞ്ചിനീയറിംഗ് ജോലിയുമായി നാഗ്പൂരിലാണ്. ഗായത്രി മെഡിസിന് പഠിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.