അഭിനയത്തിന്റേയും വരയുടേയും വഴിയേ

Tuesday 8 August 2017 8:14 pm IST

സിനിമയിലൂടെയും സീരിയലിലൂടെയും അഭിനയ ലോകത്തെത്തിച്ചേരുന്നവര്‍ ധാരാളം. എന്നാല്‍ സീരിയലിലും സിനിമയിലും ഒരേപോലെ കൈയ്യൊപ്പ് ചാര്‍ത്തി പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നവര്‍ ചുരുക്കമായിരിക്കും. സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയാല്‍ സീരിയല്‍ ഉപേക്ഷിക്കുന്നവരും ഒരുപാടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നു വ്യത്യസ്തരായി സീരിയലിലും സിനിമയിലും തിളങ്ങുന്ന നടിയാണ് രേണു സൗന്ദര്‍. നടി എന്നതിനപ്പുറം ഒരു ചിത്രകാരി കൂടിയാണ് രേണു. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതി നേടിയ കറുത്തമുത്ത് സീരിയലില്‍ ആദ്യം അവതരിപ്പിച്ച നായികയ്ക്ക് പകരക്കാരിയായാണ് രേണു അഭിനയലോകത്തെത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടൊ കണ്ടിട്ടാണ് കറുത്തമുത്താവാനുള്ള ക്ഷണം കിട്ടുന്നത്. കറുത്തമുത്ത് സീരിയല്‍ കൂടാതെ കെ. പി. കേശവമേനോന്റെ ജീവിതകഥ ആസ്പദമാക്കിയെടുത്ത കഴിഞ്ഞകാലം എന്ന ചിത്രത്തിലും അഭിനയിച്ചു. ചാരുഹാസനായിരുന്നു ഒപ്പം അഭിനയിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ചിത്രരചനാ വിഭാഗത്തിലെ പഠനവും രേണുവിന് കലാജീവിതം തുടരാന്‍ പ്രേരണയായി. എല്ലാത്തരത്തിലുള്ള പ്രോത്സാഹനവും ഇവിടെ നിന്നും ലഭിച്ചു. സീരിയലില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്നതിനിടയിലാണ് രേണുവിനെ തേടി മറ്റൊരു ഭാഗ്യം എത്തിയത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ നവാഗത സംവിധായകയ്ക്കുള്ള രജതചകോരവും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും നേടിയ മാന്‍ഹോള്‍ എന്ന സിനിമയിലേക്കുള്ള അവസരം. ആന മയില്‍ ഒട്ടകം എന്ന സിനിമക്ക് ശേഷമാണ് മാന്‍ഹോള്‍ സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ശാലിനിയെ അവതരിപ്പിച്ചതെന്ന് രേണു പറഞ്ഞു. സ്വന്തം ജീവന്‍ പണയം വച്ച് അഴുക്കുചാലിലും മറ്റും ജോലി ചെയ്യുന്നവരുടെ ജീവിതം അടുത്തറിയാനായി. ഇതുവരെ ഇവരുടെ ജീവിതം അഭ്രപാളിയില്‍ ശക്തമായി ആവിഷ്‌കരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വ്യത്യസ്തമായ പ്രമേയമാണ് ഈ സിനിമ കൈകാര്യം ചെയ്തത്. അത്തരമൊരു സിനിമയുടെ ഭാഗമാകാനും, പുരസ്‌കാരങ്ങള്‍ നേടാനും സാധിച്ചു. ഈ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ സാധിച്ചത് അഭിനയജീവിതത്തിലെ നാഴികക്കല്ലാണെന്നും രേണു പറയുന്നു.വിധു വിന്‍സെന്റാണ് മാന്‍ഹോള്‍ സംവിധാനം ചെയ്തത്. തിരുവനന്തപുരം വിളവൂര്‍ സ്വദേശികളായ സൗന്ദര്‍ രാജ്-രമണി ഭായ് ദമ്പതികളുടെ മകളാണ് രേണു. സംസ്‌കൃത സര്‍വ്വകലാശാലയിലെ എംഎഫ്എ വിദ്യാര്‍ത്ഥിനിയാണ്. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, സംവിധായകന്‍ ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പഠിച്ചിറങ്ങിയ ക്യാംപസ് എന്നും രേണുവിന്റെ കലാജീവിതത്തിനു പ്രോത്സാഹനം നല്‍കിയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ ജനലക്ഷങ്ങള്‍ ആരാധിക്കുന്ന കറുത്തമുത്ത് ഇപ്പോള്‍ കാലടിയുടെയും മുത്താണ്.