സ്റ്റേഡിയം ഭൂമി കയ്യേറിയത് തിരിച്ചുപിടിക്കും : പഞ്ചായത്ത്

Tuesday 8 August 2017 9:12 pm IST

മീനങ്ങാടി: മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം കയ്യേറിയതായി വിജിലന്‍സ് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ സ്റ്റേഡിയം ഭൂമി ഉടന്‍ അളന്ന് തിട്ടപ്പെടുത്തുമെന്നും പഞ്ചായത്തിന്റെ ഒരു സെന്റ് പോലും നഷ്ടപ്പെടാതെ സംരക്ഷിക്കുമെന്നും മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ അറിയിച്ചു. 1980 കളില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.വി വര്‍ഗ്ഗീസ് വൈദ്യരുടെ നേതൃത്വത്തില്‍ പലരില്‍ നിന്ന് വാങ്ങിയാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. സ്റ്റേഡിയം ഏറ്റെടുക്കുന്നതായുള്ള ആദ്യകാല രേഖകളില്‍ 6.99 ഏക്കര്‍ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാല്‍ പട്ടയത്തില്‍ 6.50 ഏക്കര്‍ സ്ഥലമാണ് ഉള്ളത് ഇതിന് പഞ്ചായത്ത് നികുതി കൊടുക്കുന്നുമുണ്ട്. എന്നാല്‍ വിജിലന്‍സ് ഭൂമി അളന്നപ്പോള്‍ ആറര ഏക്കറില്‍ വീണ്ടും 65 സെന്റ് കയ്യേറിയതായി കണ്ടെത്തി. ഈ സ്ഥലം രണ്ടുപേരുടെ കൈവശത്തിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറക്കാടി വില്ലേജില്‍ ബ്ലോക്ക് 21ല്‍ റീസര്‍വ്വേ നമ്പര്‍ 620/3ല്‍പ്പെട്ട 2.5സെന്റ് ഒരു വീട്ടിലെ നാലുപേരുടെ പേരിലും റീ സര്‍വ്വേ നമ്പര്‍ 620/4ല്‍പ്പെട്ട 63.1 സെന്റ് സ്ഥലം സ്റ്റേഡിയത്തോട് ചേര്‍ന്ന് താമസിക്കുന്ന ഒരാളും അനധികൃതമായി കൈവശംവെച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 3.5 കോടി രൂപയോളം മതിപ്പ് വിലയുള്ള ഭൂമി കയ്യേറ്റമാണെന്ന് ആരോപണം ഉണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ കൃഷ്ണകൃപയില്‍ നാരായണന്‍ നായര്‍ കൊടുത്ത പരാതിയിന്‍മേലാണ് വിജിലന്‍സ് അന്വഷണം നടത്തിയത്. സ്റ്റേഡിയത്തിന്റെ ഭൂമി തഹസില്‍ദാരുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തി നാലുവശവും മതില്‍കെട്ടി സംരക്ഷിക്കുകയാണ് ഉടന്‍ വേണ്ട നടപടി എന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.