ഭീതി വിതച്ച് നാട്ടിലിറങ്ങി കാട്ടാനക്കൂട്ടം

Tuesday 8 August 2017 10:02 pm IST

പാലക്കാട്/തൃശൂര്‍ : കാടിറങ്ങിയ ആനക്കൂട്ടം തൃശ്ശൂര്‍- പാലക്കാട് ജില്ലാതിര്‍ത്തികളില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെരിങ്ങോട്ടുകുറിശ്ശി മേഖലകളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഭാരത പുഴയിലൂടെ തിരുവില്വാമല ഭാഗത്തേക്ക് എത്തിയത്. രാവിലെ മായന്നൂരിനും കുത്താംമ്പുള്ളിക്കും മദ്ധ്യേ പുഴയില്‍ ആനകള്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ഉച്ചയ്ക്കുശേഷം മായന്നൂര്‍ കടവിലേക്ക് നീങ്ങിയ ആനകളെ നാട്ടുകാരും, വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റും തിരിച്ചോടിച്ചു. മായന്നൂരില്‍ നിന്നും തുരത്തിയപ്പോള്‍ പാലപ്പുറം- കുത്താമ്പുള്ളി വഴി പാഞ്ഞ ആന നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്ന് ആനകള്‍ ഭാരതപ്പുഴയില്‍ ഇറങ്ങി നിലയുറപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ നാടിനെ വിറപ്പിച്ച കാട്ടാനകളെ പുഴയില്‍ നിന്നും കരക്കു കയറ്റി. പന്തം കൊളുത്തിയും, പടക്കം പൊട്ടിച്ചുമാണ് കരക്കുകയറ്റിയത്. എലിഫന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും, വനംവകുപ്പ് അധികൃതരും പോലീസും ഏറെ പരിശ്രമിച്ചാണ് ആനകളെ കരക്കുകയറ്റിയത്. മീറ്റ്നയില്‍ നിന്നും പുഴയുടെ തീരത്തുകൂടെ ലക്കിടി റെയില്‍വേ ട്രാക്ക് മുറിച്ച് കടത്തി പറളിയിലെത്തിച്ച് മുണ്ടൂരുവഴി കല്ലടിക്കോടന്‍ മലനിരകളിലേക്ക് കയറ്റിവിടാനാണ് ശ്രമം.എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് നടപടി. ഉദ്യോഗസ്ഥരും,വനപാലകരും,പോലീസും കാട്ടാനക്കൂട്ടത്തെ അനുഗമിക്കുന്നുണ്ട്. നാലിനാണ് പാലക്കാട്–കോഴിക്കോട് ദേശീയപാത മുറിച്ച് കടന്ന് 30 കിലോമീറ്ററിലധികം സഞ്ചരിച്ച് ആനകള്‍ മാങ്കുറിശ്ശിയിലെത്തിയത്.ആദ്യം വയലില്‍ തമ്പടിച്ച ഇവ പിന്നീട് വന്‍മരങ്ങള്‍ ഉള്ള നാലേക്കര്‍ സ്ഥലത്തേക്ക് മാറി. ഇവിടെ നിന്ന് തൊട്ടടുത്ത ജനവാസ മേഖലയായ കൂരാത്ത് കോളനിയില്‍ എത്തിയ കാട്ടാനകള്‍ വെള്ളം കുടിച്ചശേഷം വീണ്ടും പറമ്പില്‍ കയറി മണിക്കൂറുകളോളം നിലയുറപ്പിച്ചു.തുരത്താനെത്തിയ വനപാലകരെ ഇതിനിടക്ക് പേടിപ്പിച്ച് ഓടിക്കാനും ആനക്കൂട്ടം മറന്നില്ല. വൈകിട്ടോടെ ഇവയെ കാടുകയറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ തിങ്കളാഴ്ച ഇവ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു. കല്ലടിക്കോടന്‍ മലനിരകളില്‍നിന്നും മുണ്ടൂര്‍, അയ്യര്‍മല, തേനൂര്‍, പറളി, പെരുങ്കോട്ടുകുറുശ്ശി പരുത്തിപ്പുള്ളി വഴിയാണ് കാട്ടാനകൂട്ടം മീറ്റ്‌നയില്‍ എത്തിയതെന്നു വനം വകുപ്പ് പറയുന്നു. മീറ്റ്‌ന പ്രദേശത്തോട്‌ചേര്‍ന്ന് വനമേഖലയുണ്ട്. ചീഫ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനകളെ കാട്കയറ്റാനുള്ള പദ്ധതിയുമായി ഒറ്റപ്പാലം മീറ്റ് നയിലെത്തിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.