കളക്ടറേറ്റില്‍ സ്‌ഫോടനം നടന്നിട്ട് എട്ടാണ്ട്

Tuesday 8 August 2017 10:03 pm IST

കാക്കനാട്: കളക്ടറേറ്റ് സ്‌ഫോടനം നടന്ന് 8 വര്‍ഷം പിന്നിട്ടിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2009 ജൂലൈ 10ന് പട്ടാപ്പകല്‍ കളക്ടറേറ്റിലെ 5-ാം നിലയിലാണ് ഉഗ്രശബ്ദത്തോടെ ടൈമര്‍ ഘടിപ്പിച്ച പൈപ്പ് ബോംബ് സ്‌ഫോടനം നടന്നത്. കളക്ടറേറ്റ് ജീവനക്കാരും പരിസര നിവാസികളും സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടിവിറച്ചു. പരിസരത്തുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരനെ മാസങ്ങളോളം കൊണ്ടു നടന്ന് ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിച്ചതല്ലാതെ തെളിവ് കണ്ടെത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. ഇതേ കാലയളവില്‍ തന്നെ കളക്ടറേറ്റില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള അയ്യപ്പ അന്നദാനകേന്ദ്രത്തിനോട് ചേര്‍ന്നും അര്‍ദ്ധരാത്രിയില്‍ സമാനമായി സ്‌ഫോടനം നടന്നു. രണ്ടിലും അന്വേഷണം മുന്നോട്ട് പോയില്ല. ഭീകരപ്രവര്‍ത്തകരുടെ വേരുകള്‍ കേരളത്തിലുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ഈ രണ്ടു സ്‌ഫോടനങ്ങളും. പോലീസും തീവ്രവാദ വിരുദ്ധസംഘവും ഉള്‍പ്പെടെ മാസങ്ങളോളം അരിച്ച് പെറുക്കിയെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. തീവ്രവാദികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും രണ്ടു സ്‌ഫോടനങ്ങളും ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ ഉപയോഗിച്ച ടൈം ബോംബുകളുമായി സാമ്യമുള്ളതായിരുന്നുവെന്ന് കണ്ടെത്തി. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് ബോംബു നിര്‍മ്മിച്ചത് മലയാളി ഭീകരന്‍ തന്നെയാണെന്ന സംശയം ബലപ്പെട്ടു. എട്ടുമാസത്തെ കാലപ്പഴക്കമുള്ള അമോണിയം ചേര്‍ത്ത് നിര്‍മ്മിച്ചതിനാല്‍ ഭീകരര്‍ പ്രതീക്ഷിച്ചത്ര ഭീകരത സ്‌ഫോടനത്തിന് ഉണ്ടായില്ല എന്ന് വിദഗ്ദ്ധ അഭിപ്രായം. കേരളത്തിന്റെ 60-ാം പിറന്നാള്‍ ദിനമായ നവംബര്‍ 1 ന് പട്ടാപ്പകല്‍ മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിനടിയില്‍ പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ചിരുന്ന ടൈം ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടി ഭീകരാന്തരീക്ഷമുണ്ടായി. പരിസരത്തുണ്ടായിരുന്ന മറ്റ് രണ്ടു കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച പെട്ടിയില്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രമടങ്ങിയ ലഘുലേഖയും ഇന്‍ ദ നെയിം ഓഫ് അള്ളാ (അള്ളാഹുവിന്റെ നാമത്തില്‍) എന്നു തുടങ്ങുന്ന വിവരണത്തില്‍ ബീഫ് വിവാദവും, ബീഫ് കൈവശം വച്ചതിന് സെപ്റ്റംബര്‍ 8ന് യു. പി.സ്വദേശി മുഹമ്മദ് അഖിലാഖ് കൊല്ലപ്പെട്ട സംഭവം പ്രതിപാദിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പ്രത്യേക രഹസ്യാന്വേഷണ സംഘവും, സംസ്ഥാന പോലീസ് മേധാവിയുടെ സംഘവും സംയുക്തമായി അന്വേഷിച്ചെങ്കിലും ഈ സംഭവവും മറനീക്കി പുറത്തെത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.