റേഷന്‍ അനര്‍ഹര്‍ക്ക്; തടയാന്‍ പുതിയ സംവിധാനം വേണം

Wednesday 9 August 2017 8:41 pm IST

കൊച്ചി: പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡിയടക്കമുള്ള സൗജന്യങ്ങള്‍ അനര്‍ഹര്‍ വാങ്ങുന്നത് തടയാന്‍ കേന്ദ്രം നടപടിയെടുക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്നത് വന്‍ കൊള്ള. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരാണ് റേഷനും മറ്റും വാങ്ങിയെടുക്കുന്നത്. റേഷനാനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്നവരില്‍ ഒന്നര ലക്ഷത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമുണ്ട്. സ്വത്തും മറ്റുവരുമാനങ്ങളുമുള്ള സ്വകാര്യ ഉേദ്യാഗസ്ഥര്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ വേറെ. റേഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി തുടരുകയാണ്. ഈ 20 നകം റേഷന്‍ കാര്‍ഡ് ഹാജരാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. ഇത് നടപ്പാക്കുന്നതോടെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരെ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ കഴിയും. പക്ഷെ അല്ലാതുള്ളവരെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരും സ്വത്തുള്ളവരും പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ സ്വന്തമാക്കുന്നുണ്ട്. ഗ്യാസ് സബ്‌സിഡി പാവപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിവരികയാണ് മോദി സര്‍ക്കാര്‍. ഗ്യാസ് കണക്ഷന്‍ ആധാറുമായി ബന്ധപ്പെടുത്തിയതോടെ തന്നെ ഗ്യാസ് കരിഞ്ചന്ത കുറെയെങ്കിലും കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സബ്‌സിഡി നിരക്കിലുള്ള പാചക വാതകം ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്നത് തടയാന്‍ ഇതുവഴി സാധിച്ചു. ഉജ്വല്‍ പദ്ധതി പ്രകാരം പാവപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പാചക വാതകം നല്‍കാനും കഴിഞ്ഞു. സബ്‌സിഡിയുള്ള ഗ്യാസിന്റെയും അല്ലാത്തതിന്റെയും വില തമ്മിലുള്ള വ്യത്യാസം കുറച്ചുവരികയാണ്. ഇപ്പോള്‍ വ്യത്യാസം നൂറു രൂപയുടെ അടുത്തേയുള്ളു. ക്രമേണ ഇത് ഇനിയും കുറയും, ഒപ്പം പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരുകയും ചെയ്യും. പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ ഇവയുടെ വില താങ്ങാന്‍ കഴിയുന്നവര്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ല. റേഷനിലും ഇതിന് ഉതകുന്ന സംവിധാനം കൊണ്ടുവന്നാല്‍ അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നത് തടയാന്‍ കഴിയും. കേന്ദ്രം നിര്‍ദ്ദേശിച്ച ബയോ മെട്രിക് സംവിധാനം വന്നാല്‍ തന്നെ റേഷന്‍ വസ്തുക്കള്‍ അനര്‍ഹര്‍ കൈയടക്കുന്നത് തടയാന്‍ കഴിയും. പക്ഷെ ഈ സംവിധാനം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.