ശ്രീശാന്ത് വീണ്ടും കളിക്കുമ്പോള്‍

Wednesday 9 August 2017 9:13 pm IST

ക്രിക്കറ്റ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്ററും മലയാളിയുമായ ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്. വിലക്കിന്റെ പേരുപറഞ്ഞ് എല്ലാത്തരം ക്രിക്കറ്റ് ഗ്രൗണ്ടുകളിലും പന്തെറിയുന്നതിന് വിലക്കുണ്ടായിരുന്ന ശ്രീശാന്ത് അത് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീശാന്തിനെ കളിപ്പിക്കാതിരിക്കുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്നു വ്യക്തമാക്കി കേരള ഹൈക്കോടതിയുടെ വിധിവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതിനി ബിസിസിഐയാണ്. ശ്രീശാന്തുമായിട്ടുള്ള വിഷയത്തില്‍ എക്കാലവും അദ്ദേഹത്തിനനുകൂലമല്ലാത്ത നിലപാട് സ്വീകരിച്ച ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ എന്തു തീരുമാനിക്കുമെന്നറിയാന്‍ കായികലോകം കാത്തിരിക്കുകയാണ്. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് നിലവില്‍ വന്ന കമ്മിറ്റി ശ്രീക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം കാര്യങ്ങള്‍ നേരാംവഴിക്ക് നീങ്ങുമോ എന്നാണറിയേണ്ടത്. കേരള കായികരംഗത്തിന്റെ അഭിമാനമായി അതിവേഗം ഉയര്‍ന്നുവന്ന താരമാണ് ശ്രീശാന്ത്. ഒരുപക്ഷേ, പി.ടി.ഉഷയ്ക്കുശേഷം അന്താരാഷ്ട്രതലത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച മലയാളി കായികതാരം. കായികരംഗത്തെ പടവുകള്‍ കയറിപ്പോകുന്നതിനൊപ്പം വ്യക്തിജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും ശ്രീശാന്ത് എന്ന ക്രിക്കറ്ററെക്കുറിച്ച് മലയാളികള്‍ക്ക് ഇഷ്ടക്കേടുണ്ടാക്കിയെന്നത് സത്യം. പെരുമാറ്റത്തിലും സംസാരത്തിലും അഹങ്കാരിയുടെ ധ്വനിയുണ്ടായത് ഇതിന് കാരണമായി. പക്ഷേ, ക്രിക്കറ്റ് മൈതാനങ്ങളില്‍ അഹങ്കാരികളുടെ പര്യായമായി മാറിയ ആസ്‌ട്രേലിയക്കാരുള്‍പ്പെടെയുള്ള താരങ്ങളെ അടിച്ചിരുത്താന്‍ ശ്രീശാന്തിന്റെ 'അഹങ്കാരം' പലപ്പോഴും അവസരമൊരുക്കിയെന്നത് മറ്റൊരുകാര്യം. രാജ്യം നേടിയ രണ്ടുലോകകപ്പ് ഫൈനലുകളില്‍ പങ്കാളിയായതുമാത്രമല്ല, ശ്രീശാന്ത് എന്ന പേസ് ബൗളറുടെ മികവ്. കളിച്ചിരുന്ന സമയത്ത് ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാള്‍ എന്ന പേരുനിലനിര്‍ത്താന്‍ കഴിഞ്ഞു. പോരാട്ട വീര്യത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും യുവത്വമായി ശ്രീയെ പലരും കണ്ടു. പക്ഷേ, അതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ സമ്പത്തിന്റെ മണികിലുക്കിയ ഐപിഎല്‍ മത്സരത്തില്‍ കളിച്ചുകൊണ്ടിരിക്കെ ഉയര്‍ന്ന കോഴ വിവാദമാണ് ശ്രീയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇന്നും ദുരൂഹത അഴിയാത്ത വാതുവെപ്പ് കേസില്‍ കുരുക്കി ദല്‍ഹി പോലീസ് മുംബൈയില്‍ നിന്നും ശ്രീശാന്തിനെ അറസ്റ്റുചെയ്യുകയായിരുന്നു. തിഹാര്‍ ജയിലില്‍ കൊടുംകുറ്റവാളികള്‍ക്കൊപ്പം ഇന്ത്യയുടെ വജ്രമെന്ന് ആധുനിക പേസര്‍മാര്‍ക്കിടയിലെ തലതൊട്ടപ്പനായ അലന്‍ ഡൊണാള്‍ഡ് വിശേഷിപ്പിച്ച പേസ് ബൗളര്‍ ദിവസങ്ങളോളം കിടന്നു. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കുവേണ്ടി പോലും മനുഷ്യാവകാശത്തിന്റെ പേരില്‍ പ്രസ്താവനകളും പ്രതിഷേധങ്ങളും നടത്തുന്നവര്‍ നിശബ്ദരായി. തികച്ചും നിയമപരമായ മാര്‍ഗത്തിലൂടെ ജയില്‍മോചിതനാവുകയും, പിന്നീട് കോടതി നടപടികളിലൂടെ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തിട്ടും രാജ്യത്തെ ക്രിക്കറ്റ് മേലാളന്മാര്‍ക്ക് ശ്രീശാന്തിനെ ഉള്‍ക്കൊള്ളാനായില്ല. സുപ്രീം കോടതിയേക്കാള്‍ മേലെയാണ് തങ്ങളുടെ തീരുമാനമെന്ന തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ബിസിസിഐ പുലര്‍ത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തില്‍ പല വിജയങ്ങളും സമ്മാനിക്കാന്‍ കൈക്കരുത്തുണ്ടായിരുന്ന റിവേഴ്‌സ് സ്വിങ്ങുകളെയും ഔട്ട് സ്വിങ്ങുകളെയും ഒരുപോലെ പ്രയോഗിച്ചിരുന്ന ശ്രീയുടെ ഏറുകള്‍ക്ക് നാലുവര്‍ഷം വിരാമമായി. ഇപ്പോള്‍ കോടതിവിധിയിലൂടെ വീണ്ടും കളിക്കളത്തിലേക്കുള്ള പിച്ച് തുറന്നിരിക്കുകയാണ്. മാന്യതയുണ്ടായിരുന്നെങ്കില്‍ കോടതിവിധി വന്നയുടന്‍ ശ്രീയെ തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ബിസിസിഐ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായിട്ടില്ല. അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. മലയാളിയായ ടി.സി.മാത്യു ഉപാധ്യക്ഷനെന്ന നിലയില്‍ ബിസിസിഐയുടെ തലപ്പത്തുണ്ട്. അദ്ദേഹം കേരള ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷനായിരുന്നപ്പോള്‍ ശ്രീശാന്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പയറ്റിയ തന്ത്രങ്ങള്‍ ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്നും അനുകൂലസമീപനമോ നിലപാടോ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ബിസിസിഐ ഭരണസമിതിയുടെ അധ്യക്ഷന്‍ മുന്‍ സിഐജി വിനോദ് റായി ആണെന്നത് ശ്രീശാന്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വിരമിക്കല്‍ പ്രായത്തിന്റെ പരിധിയിലാണ് ശ്രീശാന്ത്. പക്ഷേ, പോരാട്ട വീര്യത്തിന്റെ മുഖമായിമാറിയ ശ്രീക്ക് മൂന്നോ നാലോ വര്‍ഷം മികച്ച രീതിയില്‍ പന്തെറിയാന്‍ പ്രയാസമുണ്ടാകില്ല. അതിനുള്ള അവസരം ഉണ്ടാകുമോ എന്നാണിനി അറിയാനുള്ളത്.