കൊളുത്താമലയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Wednesday 9 August 2017 9:25 pm IST

  മറയൂര്‍: കാന്തല്ലൂര്‍ കൊളുത്താമലയില്‍ കാട്ടാനക്കൂട്ടം എത്തി പതിനഞ്ചിലധികം ഏക്കറിലെ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും വാഴകൃഷികളും നശിപ്പിച്ചു. കാത്തിരുന്ന മഴയെത്തി കര്‍ഷകര്‍ സന്തോഷത്തിലായപ്പോള്‍ കാട്ടാനക്കൂട്ടം എത്തി വന്‍നാശം വിതച്ചു. ഓണത്തിന് വിളവെടുക്കുവാന്‍ വേണ്ടി കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. കഴിഞ്ഞ നാല്പ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കൊളുത്താമലയില്‍ കാട്ടാനക്കൂട്ടം എത്തിയിരുന്നില്ല. കൊണ്ടക്കാട്, പുതുവെട്ട്, കീഴാന്തൂര്‍ മേഖലയില്‍ നിന്നും വനം വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുരത്തിയ ആനക്കൂട്ടങ്ങളില്‍ ചിലത് വേട്ടക്കാരന്‍ വഴി കൊളുത്താമലയില്‍ എത്തിയതാണെന്ന് കര്‍ഷകര്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടു കൂടി 8 ആനകള്‍ ആണ് കൃഷിയിടത്തില്‍ എത്തി കൃഷി നാശം വിതച്ചത്. അഞ്ഞൂറിലധികം വാഴകളാണ് ഒറ്റരാത്രി നശിപ്പിച്ചത്. കെ രാജന്റെ കാരറ്റ്, കാബേജ്, ബീന്‍സ് എന്നീ കൃഷികള്‍ പൂര്‍ണ്ണമായും ചവിട്ടി നശിപ്പിച്ചു. കെ ഗണേശന്റെ കിഴങ്ങ്, പട്ടാണി ബീന്‍സ് കൃഷിയും, ജോസിന്റെ അഞ്ഞൂറിലധികം വാഴകളും ഈ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന ഓറഞ്ച്, സബര്‍ജില്‍ എന്നിവയും നശിപ്പിച്ചു. ഓറഞ്ചിന്റെയും സബര്‍ജില്‌ന്റെയും ഒക്കെ മാധുര്യം തിരിച്ചറിഞ്ഞ കാട്ടാനക്കൂട്ടം ഈ മേഖലയില്‍ വീണ്ടും എത്തുമെന്ന ആശങ്കയിലാണ്പ്രദേശവാസികള്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.