ലോക ചാമ്പ്യന്‍ഷിപ്പ്; പ്രതീക്ഷയോടെ നീരജ് ചോപ്ര

Wednesday 9 August 2017 9:29 pm IST

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് മത്സരിക്കാനിറങ്ങും. നിലവില്‍ ഈ ഇനത്തിലെ ജൂനിയര്‍ വിഭാഗത്തിലെ ലോക റെക്കോര്‍ഡ് ജേതാവായ ചോപ്ര ഇന്ത്യയ്ക്കായി മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ. യോഗ്യതാ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയുടെ ദേവീന്ദര്‍ സിങ്ങ് കാങ്ങും ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്നുണ്ട്. 86.48 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചതാണ് ഈ സീസണിലെ ചോപ്രയുടെ മികച്ച പ്രകടനം. നിലവില്‍ ലോക പതിനാലാം റാങ്കുകാരനാണ്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ജൂനിയര്‍ ലോക റെക്കോര്‍ഡാണ് (86.48 മീറ്റര്‍) ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനം. നിലവിലെ ലോക ചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ തോമസ് റോളര്‍ ഈവര്‍ഷം 90 മീറ്റര്‍ ദുരത്തേയ്ക്ക് ജാവലില്‍ എറിഞ്ഞിരുന്നു. 2015ലെ ബീജിങ്ങ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവ് കണ്ടെത്തിയ 87.64 മീറ്റര്‍ ദൂരം ഇൗ വര്‍ഷം എട്ടുതാരങ്ങള്‍ മറികടന്നിരുന്നു. യോഗ്യതാ റൗണ്ടില്‍ ചോപ്ര ഗ്രൂപ്പ് എ യിലാണ് മത്സരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.35 നാണ് എ ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. കാങ്ങ് ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുക. ഈ മത്സരങ്ങള്‍ നാളെ വെളുപ്പിന് 1.05 ന് ആരംഭിക്കും.ചോപ്ര ഫൈനല്‍ റൗണ്ടില്‍ കടക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കാങ്ങിന് അവസാന റൗണ്ടിലെത്താന്‍ കഠിനപ്രയ്ത്‌നം തന്നെ വേണ്ടിവരും. കാങ്ങിന്റെ ഈ സീസണിലെ മികച്ച പ്രകടനം 84.57 മീറ്ററാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.