യാത്രക്കാരുടെ ജീവന് സുരക്ഷിതത്വമില്ല; എഴുപത് ശതമാനം ഹൗസ് ബോട്ടുകള്‍ക്കും ഇന്‍ഷുറന്‍സില്ല

Thursday 10 August 2017 10:03 am IST

ആലപ്പുഴ: വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പുല്ലുവില, എഴുപത് ശതമാനം ഹൗസ് ബോട്ടുകള്‍ക്കും ഇന്‍ഷുറന്‍സില്ലെന്ന് സിഎജിയുടെ കണ്ടെത്തല്‍. ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടാല്‍ സഞ്ചാരികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് വ്യക്തം. എല്ലാ യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍ ആയിരം രൂപ പിഴ ഈടാക്കുകയും സര്‍വീസ് നിര്‍ത്തി വയ്ക്കുകയും ചെയ്യണം. ആലപ്പുഴ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 734 ഹൗസ് ബോട്ടുകളില്‍ 225 എണ്ണത്തിന് മാത്രമാണ് ഇന്‍ഷുറന്‍സുള്ളത്. 2011-12 മുതല്‍ 2015-16വരെയുള്ള കാലയളവില്‍ നടത്തിയ 17 മിന്നല്‍ പരിശോധനയില്‍ 42 ഹൗസ് ബോട്ടുകള്‍ക്ക് പിഴ ചുമത്തിയെങ്കിലും പിഴ അടച്ചതിനു ശേഷവും ഇന്‍ഷുറന്‍സില്ലാതെ ഇവ പ്രവര്‍ത്തിച്ചുവെന്നും സിഎജി കണ്ടെത്തി. ഇന്‍ഷുറന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകളില്‍ യാത്രചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയായ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതില്‍ തുറമുഖ വകുപ്പ് പരാജയപ്പെട്ടു. ഹൗസ് ബോട്ടുകളില്‍ ഭൂരിഭാഗവും യോഗ്യതയില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും അവയില്‍ ജീവന്‍ രക്ഷാ സാമഗ്രികളോ അഗ്‌നി സുരക്ഷാ ഉപകരണങ്ങളോ ആവശ്യത്തിന് ഇല്ലായെന്നും സിഎജി കണ്ടെത്തി. യോഗ്യതയില്ലാത്തവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതില്‍ കടുത്ത ശിക്ഷ ഇല്ലാത്തതും ആവശ്യത്തിന് മിന്നല്‍ പരിശോധന നടത്താത്തതും കാരണം ഹൗസ് ബോട്ട് ഉടമകള്‍ ഒരേ കുറ്റം നിരവധി തവണ ആവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഹൗസ് ബോട്ടുകളില്‍ യാത്രാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കാത്തതു കാരണം യാത്രക്കാരെ ഹൗസ് ബോട്ട് ഉടമകള്‍ ചൂഷണത്തിന് വിധേയമാക്കി. നിയമപരമായാണ് ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതെന്ന് തുറുമുഖ ഡയറക്ടര്‍ ഉറപ്പു വരുത്താത്തതും അനധികൃതമായി സര്‍വീസ് നടത്താന്‍ ഹൗസ് ബോട്ടുകളെ സഹായിച്ചു. തുറുമുഖ വകുപ്പിന് കീഴില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ഇല്ലാത്തത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഹൗസ് ബോട്ടുടമകള്‍ക്ക് ധൈര്യം നല്‍കിയെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.