നിയമം വേണം,കലയുടെ കഴുത്തിനു പിടിക്കരുത്‌

Thursday 10 August 2017 12:17 pm IST

വന്‍ പ്രതിസന്ധിയിലായ മലയാള സിനിമയെ രക്ഷിക്കാനും കൊള്ളരുതായ്മയ്ക്ക് അറുതി വരുത്താനും സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും നിയമനിര്‍മ്മാണവും പരിഷ്‌ക്കാരങ്ങളും വേണ്ടതു തന്നെയാണ്. ഇതിനായുള്ള സാംസ്‌ക്കാരിക മന്ത്രിയുടെ പ്രസ്താവനയും കൊള്ളാം. അതിന്റെ കാര്യങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നവരുടെ പേരും കണ്ടു. അതെല്ലാം സമ്മതിച്ചാല്‍ തന്നെയും ഇതൊക്കെ എങ്ങനെ വരുമെന്നുള്ള ആശങ്കയുമുണ്ടാകാം. ഇത്തരം നിയമങ്ങളില്‍ പാര്‍ട്ടിപരിപാടിയെ കൂട്ടിക്കെട്ടാതിരിക്കാന്‍ കഴിയണം. അത്തരം കൂട്ടിക്കെട്ടലുകള്‍ കലയെ കൊല്ലുകയേയുള്ളൂ. ഇന്നത്തെ സിനിമാപ്രതിസന്ധിയുടെ കാരണങ്ങള്‍ പലതാണ്.കൊച്ചു കുട്ടികള്‍ക്കുപോലും ഇതൊക്കെ അറിയാം. വര്‍ഷങ്ങളായി സൂപ്പര്‍താരങ്ങള്‍ ഇടപെട്ടുകൊണ്ടുണ്ടാക്കിയ ഏകാധിപത്യത്തിന്റെ പ്രത്യാഘാതവും കൂടിയാണ് ഇന്നത്തെ സിനിമയുടെ വന്‍പ്രതിസന്ധിയായി കലാശിച്ചതെന്ന് പ്രശസ്ത സംവിധായകന്‍ പ്രതികരിക്കുകയുണ്ടായി. ഇത്തരം നാലഞ്ചുപേരുടെ കറക്കു കമ്പനിയായി സിനിമ അധപതിച്ചുവെന്ന ആരോപണം നിലവിലുണ്ട്. അവരുടെ അഹങ്കാരവും പൊങ്ങച്ചവും ഒതുക്കലും കുതികാലുവെട്ടും ചതിയുമൊക്കെ ഇന്നത്തെ സിനിമാ മലിനീകരണത്തിന്റെ കാരണങ്ങളും കൂടിയാണെന്നതും കാണാതെപോകരുത്. ആത്യന്തികമായി ഏതെങ്കിലും നിയമനിര്‍മ്മാണംകൊണ്ടുമാത്രം നന്നാക്കാന്‍ കഴിയുന്നതല്ല സിനിമാപോലുള്ള കല എന്നത് സിനിമാക്കാര്‍ക്കും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പഴയപോലെ സിനിമയെ കയറൂരി വിടുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാര്‍ തലത്തില്‍ ഒരുപിടിത്തമൊക്കെ വേണം എന്നുതന്നെയായിരിക്കും ഇന്നത്തെ സംഭവ വികാസങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആരും പറയുക. പക്ഷേ സിനിമയുടെ കഴുത്തിനു മുറുകെ പിടിക്കുന്നതാവരുത് നിയമങ്ങളെന്നും അഭിപ്രായപ്പെടുന്നവരുണ്ടാകാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.