എല്ലാ അര്‍ത്ഥത്തിലും സുന്ദര കാണ്ഡം

Thursday 10 August 2017 9:54 am IST

സുന്ദര കാണ്ഡം. രാമായണത്തിലെ ഏറ്റവും സുന്ദരമായ ഭാഗം. മൂലപ്രകൃതിക്ക് പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരന്‍ ശ്രീഹരി തന്നെ. ഭക്തിയാല്‍ ശ്രീഹരിയുമായി താദാത്മ്യം പ്രാപിച്ച സുന്ദരനായ ഹരി തെന്നയാണ് ശ്രീഹനുമാന്‍. ശ്രീരാമദൂതനായി ലങ്കയിലേക്കു ചാടിയ ഹനുമാന്‍ നടത്തിയ കൃത്യനിര്‍വഹണവും ലീലകളും തന്നെയാണ് സുന്ദര കാണ്ഡത്തിലെ പ്രതിപാദ്യം. സുന്ദരന്‍ എന്ന പദത്തിന് വാനരന്‍ എന്നും ദൂതന്‍ എന്നും സുന്ദരമുള്ളവന്‍ എന്നും നല്ല നരന്‍ എന്നുമെല്ലാം അര്‍ഥമുണ്ട്. എല്ലാ അര്‍ഥത്തിലും സുന്ദരമായതും അര്‍ഥവത്തുമായ ഭാഗമാണ് സുന്ദര കാണ്ഡം. ഭൂതകൃത്യം ഉത്തമരീതിയില്‍ നിര്‍വഹിച്ചവനാണ് ഹനുമദ് സ്വാമി. ലങ്കയിലേക്കുള്ള ചാട്ടത്തിനിടയിലുണ്ടായ എല്ലാ തടസങ്ങളേയും ഹനുമാന്‍ തന്മയത്വത്തോടെ തരണം ചെയ്തു. ലങ്കാ പ്രവേശന സമയത്ത് മുന്നില്‍ തടസമായി വന്ന ലങ്കാലക്ഷ്മിയെ സ്‌നേഹ ബഹുമാനാദികളോടെ തന്നെ ചെറുതായൊന്നടിച്ച് ആ തടസവും മാറ്റി. ഈ ചെറിയ അടിയേറ്റു വീണ ലങ്കാലക്ഷ്മി ഹനുമാന് അനുവാദം നല്‍കിക്കൊണ്ട് വിടവാങ്ങി. രാത്രി മുഴുവന്‍ രാജധാനിയിലും പരിസരത്തും സീതാന്വേഷണം നടത്തിയ ഹനുമാന്‍ ഒടുവില്‍ അശോക വനത്തില്‍ സീതാസാന്നിധ്യം തിരിച്ചറിഞ്ഞു. സീതയില്‍ വിശ്വാസം വരുത്തുംവിധത്തില്‍ അവസരം കാത്തു വൃക്ഷശിഖിരത്തില്‍ കഴിഞ്ഞ് രാമകഥകള്‍ അവതരിപ്പിച്ച് ബോധ്യപ്പെടുത്തി. ദൂതനായി വന്ന താന്‍ സീതാദര്‍ശനം ഒളിവില്‍ നടത്തിപ്പോയതുകൊണ്ടായില്ലാ എന്നായിരുന്നു ഹനുമാന്റെ ചിന്ത. തന്റെ വരവ് ലങ്കാതിപതിയെ അറിയിക്കണം. ലങ്കയിലെ എല്ലാ സജ്ജീകരണങ്ങളെക്കുറിച്ചും പഠിക്കണം. അതിന് ചതുരുപായങ്ങളുമാകാമെങ്കിലും രാക്ഷസന്മാരില്‍ സാമം ഏല്‍ക്കില്ല. ഐശ്വര്യപ്രമത്തന്മാരില്‍ ദാനവും പറ്റില്ല. ശക്തന്മാരായതുകൊണ്ട് ഭേദമാര്‍ഗവും എളുപ്പം പ്രായോഗികമല്ല. ദണ്ഡ മാര്‍ഗം തന്നെ ഉത്തമമെന്നു നിശ്ചയിച്ച് ഉദ്യാനഭംഗം നടത്തി. പഞ്ച സേനാധിപന്മാരെയും വധിച്ച് രാവണ നന്ദനനായ അക്ഷ കുമാരനെയും പൊക്കിയെറിഞ്ഞു. ബാലനായ അക്ഷ കുമാരന്റെ ശൗര്യത്തില്‍ ബഹുമാനം തോന്നിയെങ്കിലും നിമിഷം പ്രതി ശക്തനായി മാറുന്ന അവനെ നിഗ്രഹിച്ചാലെ ശത്രു വിജയം എളുപ്പമാകൂ എന്നു തിരിച്ചറിഞ്ഞ ഹനുമാന്‍ രാവണന് ഏല്‍പ്പിക്കാനാവുമെന്ന ഉത്തമ പ്രഹരമായും അക്ഷ കുമാര നിഗ്രഹത്തെ പ്രാവര്‍ത്തികമാക്കി. പ്രതിപക്ഷ ബഹുമാനം മൂലം അക്ഷ കുമാരന്റെ കാലുപിടിച്ച് ശത്രുതാ ബോധത്തോടെ പൊക്കി ചുഴറ്റിയെറിയുകയായിരുന്നു. തുടര്‍ന്നു ഹനുമാനുമായി യുദ്ധത്തിനു വന്ന ഇന്ദ്രജിത് ദിവ്യാസ്ത്രങ്ങള്‍ പലതും പ്രയോഗിച്ചിട്ടും ഹനുമാനില്‍ അതൊന്നും ഏല്‍ക്കുന്നില്ലാ എന്നു കണ്ടു. ഇവന്‍ അവധ്യനാണെന്നു മനസിലാക്കിയ ഇന്ദ്രജിത് ബ്രഹ്മാസ്ത്രം കൊണ്ടു ബന്ധിക്കാന്‍ തീരുമാനിച്ചു. അസ്ത്രം ജപിക്കുന്നതു കണ്ടപ്പോള്‍ തന്നെ ഹനുമാന് മനസിലായി അത് ബ്രഹ്മാസ്ത്രമാണെന്ന്. ലോക പിതാമഹനായ ബ്രഹ്മാവിനെ ബഹുമാനിച്ചു കൊണ്ട് ഹനുമാന്‍ ആ ശസ്ത്രത്തെ ശരീരത്തില്‍ ഏറ്റുവാങ്ങി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.