ബ്ലേഡ്‌ മാഫിയക്കെതിരെ അന്വേഷണം ആരംഭിച്ചു കൗണ്‍സിലര്‍മാര്‍ക്കും പങ്കെന്ന്‌ സൂചന

Friday 15 July 2011 1:40 am IST

ആലുവ: ആലുവയിലല്‍ സജീവമായിട്ടുള്ള ബ്ലേഡ്‌ മാഫിയക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി. ആലുവ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക്‌ കനത്ത പലിശക്ക്‌ പണം നല്‍കുന്ന ചിലര്‍ക്കെതിരെയാണ്‌ അന്വേഷണം നടത്തുന്നത്‌. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പിടിയിലായ തായിക്കാട്ടുകര സ്വദേശി ജോഷി പോളിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ റിമാന്‍ഡ്‌ ചെയ്തിരുന്നു. ഇത്തരത്തില്‍ അമിത പലിശ ഈടാക്കുന്നവരെക്കുറിച്ച്‌ തെളിവ്‌ സഹിതം പരാതി നല്‍കിയാല്‍ ജാമ്യമില്ലാത്ത വകുപ്പ്‌ പ്രകാരം അറസ്റ്റ്‌ ചെയ്യുമെന്ന്‌ എസ്‌ഐ നിഷാദ്‌ ഇബ്രാഹിം അറിയിച്ചു. ആലുവ മാര്‍ക്കറ്റില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി പത്തോളം അമിത പലിശ സംഘങ്ങളാണ്‌ നിലയുറപ്പിക്കുന്നത്‌. തലേദിവസം ചരക്കെടുക്കാന്‍ അഞ്ചുലക്ഷം രൂപവരെയാണ്‌ ഇവര്‍ ചെക്കെഴുതി വാങ്ങി നല്‍കുന്നത്‌. ഒരു ദിവസത്തേക്ക്‌ ഒരുലക്ഷം രൂപക്ക്‌ രണ്ടായിരം രൂപവരെയാണ്‌ ഇവരുടെ പലിശ. പലരും ഇവരെ ആശ്രയിചചാ ണ്‌ വ്യാപാരം തുടര്‍ന്നുകൊണ്ടുപോകുന്നത്‌. പലിശ ഇടപാടുമായി ബന്ധപ്പെട്ട്‌ ആലുവ നഗരസഭയിലെ രണ്ട്‌ കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇവരിലൊരു കൗണ്‍സിലര്‍ അടുത്തിടെ വായ്പ യഥാമസമയം നല്‍കാത്തതിന്‌ ഒരു വ്യാപാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. ആലുവയില്‍ വ്യാപാരികളെ കൊള്ളപ്പലിശക്കാരില്‍നിന്നും രക്ഷിക്കാന്‍ വ്യാപാരി സംഘടന ചില വായ്പാ പദ്ധതികള്‍ തരപ്പെടുത്തിയെങ്കിലും കൊള്ളപ്പലിശ സംഘം തന്നെ ചില വ്യാപാരികളെ മറയാക്കി ഈ വായ്പകളിലേറെയും കരസ്ഥമാക്കുകയായിരുന്നു. തിരിച്ചടവ്‌ വേണ്ടവിധത്തില്‍ പിരിച്ചെടുക്കാന്‍ വ്യാപാര സംഘടനയും അനാസ്ഥ കാണിച്ചു. യഥാര്‍ത്ഥത്തില്‍ കൊള്ളപ്പലിശ സംഘം തന്നെ ഈ പദ്ധതിയെ അട്ടിമറിക്കുകയായിരുന്നു. കൊള്ളപ്പലിശക്കെതിരെ പോലീസ്‌ നടപടിയെടുത്ത്‌ തുടങ്ങിയതോടെ പല പലിശ ഇടപാടുകാരും ഇപ്പോള്‍ ഇത്‌ ചിട്ടിയാക്കി മാറ്റിയിരിക്കുയാണ്‌. എന്നാല്‍ ചിട്ടി നടത്തണമെങ്കിലും സര്‍ക്കാരില്‍ നിശ്ചിത തുക കെട്ടിവെച്ച്‌ ലൈസന്‍സ്‌ എടുക്കണമെന്നാണ്‌ നിയമമുള്ളത്‌. ഇത്‌ പാലിക്കുന്നില്ല. ആലുവായിലെ ചില കുടുംബശ്രീ യൂണിറ്റുകളും അനധികൃതമായി പണം പലിശക്കുകൊടുക്കുന്ന ഇടപാട്‌ നടത്തുന്നുണ്ട്‌. ഇതേക്കുറിച്ച്‌ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.