ഗൃഹസ്ഥധര്‍മ്മം പഠിപ്പിക്കാന്‍ ലോകഗുരുവായ വിഭു

Thursday 10 August 2017 9:08 pm IST

  അല്ലയോ ഭഗവാനെ അങ്ങയെ വാഴ്ത്തുന്നവരായി കുറെ ഭിക്ഷുക്കള്‍ മാത്രമേയുളളുവെന്നും അവരുടെ വാക്കുകേട്ട് വിശ്വസിച്ചാണ് ഞാന്‍ അങ്ങയോടൊപ്പം ഇറങ്ങിത്തിരിച്ചതെന്നും അവിടുന്നു പറഞ്ഞില്ലേ. അതേ, ആ ഭിക്ഷുക്കള്‍ പറഞ്ഞതുകേട്ടുതന്നെയാണ് ഞാന്‍ വിശ്വസിച്ചിറങ്ങിയത്. നാരദാദികള്‍ അങ്ങയെ സേവിച്ച് വന്നപ്പോള്‍ അവര്‍ അനുഭവിച്ച പരമാനന്ദം അവര്‍ക്കറിയാം. ആ ആനന്ദം മറ്റുളളവര്‍ക്കുക്കൂടി അനുഭവിക്കാന്‍ ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് അവര്‍ അങ്ങയെക്കുറിച്ച് പാടിസ്തുതിച്ച് പ്രചരിപ്പിച്ചത്. അല്ലയോ ഭഗവാനേ, അങ്ങയുടെ പുരികക്കൊടികളുടെ ഇളക്കത്തിനനുസരിച്ച് ബ്രഹ്മാദികള്‍ക്കുക്കൂടി കാലവ്യതിയാനം സംഭവിക്കുന്നു. പിന്നെ ശിശുപാലാദികളുടെ കാര്യം പറയാനുണ്ടോ! ഞാന്‍ പിന്നെ എന്തിനായി ശിശുപാലാദി ക്ഷത്രിയന്മാരെ വരിക്കണം. അവരുടെയെല്ലാം നാശം അങ്ങയുടെ ചെറുവിരല്‍ അനക്കുന്നതുപോലയെയുളളൂ എന്നെനിക്കറിയാം. അങ്ങയെ മാത്രം മനസ്സിലുറപ്പിച്ചുകഴിയുന്ന എന്റെ മുന്നില്‍ പരപുരുഷന്മാരെക്കുറിച്ച് പറഞ്ഞത് കേള്‍ക്കാനിടവന്നത് എന്റെ അജ്ഞാനം തന്നെയാണ്. അത് പറഞ്ഞതില്‍ അങ്ങയോടു പരിഭവവുമുണ്ട്. ഞാന്‍ പരപുരുഷനെയല്ല, പരമപുരുഷനെത്തന്നെയാണ് ഉളളില്‍ ഉറപ്പിച്ചിരിക്കുന്നത്. ഭഗവാനേ, അങ്ങ് അങ്ങയുടെ ശരീരകാര്യത്തില്‍ പോലും ഉദാസീനനാണെന്നു പറഞ്ഞതു ഞാന്‍ അംഗീകരിച്ചു. അങ്ങ് ആരുടേയും ശരീരത്തിനെയല്ല സ്‌നേഹിക്കുന്നത്. ശരീരം ആരുടെയായാലും നശിച്ചുപോകുന്നതാണ്. ബ്രഹ്മാദികളുടെ ശരീരം പോലും നശിക്കുന്നു. ഭഗവാനേ, അങ്ങു ഗുണഹീനനും നിര്‍ഗ്ഗുണനുമാണെന്നു പറഞ്ഞതും എനിക്കു ബോധ്യപ്പെട്ടു. എല്ലാ ഗുണങ്ങളുടേയും ഇരിപ്പിടവും അങ്ങുതന്നെയാണ് എന്നു ഞാനറിയുന്നു. ത്വം ത്വാനുരൂപമഭജം ജഗതാമധീശ- മാത്മാനമത്ര ച പരത്രച കാമപൂരം സ്യാന്മേ തവാങ് ഘ്രിരരണം സൃതിഭിര്‍ദ്രമന്ത്യാ യോ വൈ ഭജന്തമുപയാത്യനൃപതാപ വര്‍ഗ: അല്ലയോ ഭഗവാനേ, ഉളളിലും പുറത്തുമായി, ഈ ജന്മത്തിലും അതിനപ്പുറവുമായി എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തികരിച്ചുതരുന്നവനും എല്ലാത്തിനും അധീശനുമായ അങ്ങയെ ഞാനാശ്രയിക്കുന്നതുകൊണ്ട് ആ പാദപങ്കജങ്ങള്‍ എല്ലാ ജന്മത്തിലും എനിക്കു ശരണമായിത്തീരണമേ. അസ്ത്യംബുജാക്ഷ, മമതേ ചരണാനുരാഗ ആത്മന്‍ രതസ്യമയി ചാനതിരിക്തദൃഷ്‌ടേ: യര്‍ഹ്യസ്യ വൃദ്ധയ ഉപാത്തര ജ്യോതിമാത്രോ മാമിക്ഷസേ തദുഹന: പരമാനുകമ്പാ അല്ലയോ ഭഗവാനേ, അങ്ങ് ആത്മാവില്‍ തന്നെ രമിക്കുന്നവനാണ്. രജസ്സ് വര്‍ധിച്ച പ്രകൃതിയായ എന്നെ ഭക്തന്മാരുടേയും പ്രപഞ്ചത്തിന്റേയും രക്ഷയ്ക്കുവേണ്ടി അങ്ങു വീക്ഷിക്കുന്നുണ്ട് എന്നെനിക്കറിയാം. എന്നോട് പ്രത്യേക താല്പര്യമൊന്നുമില്ലായിരിക്കാം. അതു ഞങ്ങള്‍ക്ക് പരമാനുകമ്പയായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് ഭഗവാനേ, അംബുജാക്ഷ, എനിക്ക് അങ്ങയോട് എപ്പോഴും അനുരാഗമുണ്ടാകണമേ. പിന്നെ എന്റെ ഈ സ്‌നേഹവും അനുരാഗവും അങ്ങു പറഞ്ഞതു പോലെ ശരീരാധിഷ്ഠിതമല്ല പ്രകൃതിയുടെ പരംപൊരുളും പരമാത്മാവുമായ ആ സര്‍വാന്തര്യാമിയില്‍ മാത്രം അധിഷ്ഠിതമാണ്. ഭഗവാന്‍ മറുപടി പറഞ്ഞു, ഹേ രാജപുത്രീ, എന്നില്‍ തന്നെ സ്ഥിരമായ ഏകാന്തഭക്തിയുളള നിനക്ക് എപ്പോഴും അനുരാഗമുണ്ടാകാന്‍ ഞാന്‍ അനുഗ്രഹിക്കേണ്ട ആവശ്യമൊന്നുമില്ല. ഹേ ദേവീ, വിവാഹ കാലത്തില്‍ നീ എന്റെ അടുത്തേക്ക് ദൂതനെ പറഞ്ഞുവിട്ടത് എന്നോടുളള പരമാനുരാഗം കൊണ്ടുമാത്രമാണ്. എന്നെക്കുറിച്ചുളള കഥകള്‍ കേട്ടപ്പോള്‍ തന്നെ എന്നില്‍ വിശ്വസമര്‍പ്പിച്ച നീ തന്നെയാണ് എന്റെ ഗൃഹിണി എന്ന് ഞാന്‍ അന്നേ നിശ്ചയിച്ചു. നിന്റെ ഭക്തിയിലും വിശ്വാസത്തിലും എനിക്ക് ഉറച്ച സംതൃപ്തിയുണ്ട്. നിന്റെ ഉറച്ച സ്‌നേഹത്തില്‍ ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു. ഭഗവാന്‍ സാധാരണ മനുഷ്യരെപ്പോലെ ഇങ്ങനെ സൗന്ദര്യപ്പിണക്കവും അനുരാഗപ്രകടനവുമെല്ലാം നടത്തിയത് ഭഗവാന്‍ പ്രേമഗുരുകൂടിയായതിനാലാണ്. ഭഗവാന്‍ സര്‍വകാര്യഗുരുവും സര്‍ലലോകഗുരുവുമാണ്. ശ്രീ ശുക മഹര്‍ഷി പറയുന്നു. '' തഥാന്യസാമപി വിഭുര്‍ ഗൃഹേഷു ഗൃഹവാനിവ ആസ്ഥിതോ ഗൃഹമേധിയാന്‍ ധര്‍മാം ലോകഗുരുര്‍ ഹരി:'' ലോക ഗുരുവായ ഹരി ഗൃഹസ്ഥാശ്രമത്തെ ആശ്രയിച്ചവനായി ഭാവിച്ച് ലോകത്തെ ഗൃഹസ്ഥ ധര്‍മം പഠിപ്പിക്കുകയായിരുന്നുവെന്ന് ശുകമഹര്‍ഷി അഭിപ്രായപ്പെടുന്നു. സര്‍വവ്യാപിയായ ഭഗവാന്‍ മറ്റു ഗ്രഹങ്ങളിലും ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഗൃഹസ്ഥാശ്രമധര്‍മം പാലിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.