സമാധാന സംരംഭങ്ങള്‍ സാര്‍ത്ഥകമാവാന്‍

Thursday 10 August 2017 9:20 pm IST

  നാട്ടില്‍ ശാന്തി പുലരാനുള്ള സര്‍വകക്ഷി സമ്മേളനങ്ങളും ഉഭയകക്ഷി ചര്‍ച്ചകളും അതേത്തുടര്‍ന്നുള്ള അഭിപ്രായ പ്രകടനങ്ങളും മുറപോലെ നടന്നു കഴിഞ്ഞു. ഇതൊന്നും കേരളത്തില്‍ പുതിയതല്ല. ദാരുണമായ സംഭവങ്ങളെത്തുടര്‍ന്ന് നടത്തേണ്ടുന്ന ഒരു പതിവു ചടങ്ങാണ് ഈ മാതിരി യോഗങ്ങളെന്നു വന്നിരിക്കുന്നു. ഫലത്തെക്കുറിച്ച് പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരുണ്ടെങ്കിലും ബഹുഭൂരിപക്ഷവും നിസ്സംഗതയോടെയാണ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവം. ഇനിയും വേണ്ടിവരില്ലേ ഇത്തരം ഏര്‍പ്പാടുകള്‍ എന്നാണ് പലരുടെയും മനസ്സിലുയരുന്ന ചോദ്യം. മുന്‍കാല അനുഭവങ്ങളില്‍ നിന്നാണ് ഈ ചോദ്യമുയരുന്നത്. അത് ഏറെ പ്രസക്തവുമാണ്. അതുകൊണ്ടുതന്നെയാണ് സംഘപ്രസ്ഥാനങ്ങള്‍ സമാധാനസ്ഥാപന ശ്രമങ്ങളോട് ആത്മാര്‍ത്ഥമായി സഹകരിക്കുമ്പോള്‍ തന്നെ, ദേശീയതലത്തില്‍ പോലും മാര്‍ക്‌സിസ്റ്റ് ഭീകരവാഴ്ചയ്‌ക്കെതിരെ അതിശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പാര്‍ലമെന്റിലും അതിന്റെ അലയൊലി ഉയര്‍ന്നതിന്റെ പശ്ചാത്തലമിതാണ്. ഇതില്‍ പരിഭവിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവുകയാണ് വേണ്ടത്. എണ്‍പതുകളില്‍ നടന്ന വ്യാപകമായ രാഷ്ട്രീയ അക്രമങ്ങളെത്തുടര്‍ന്ന് ദല്‍ഹി കേന്ദ്രീകരിച്ച് ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ദേശീയ നേതാക്കള്‍ മുഖാമുഖം സംസാരിച്ചിരുന്നു. അന്ന് ദേശീയ നേതൃത്വം സമവായത്തിലെത്തിയെങ്കിലും തങ്ങളുടെ സംസ്ഥാന ഘടകം അതിനോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് സ്വയം പിന്മാറുകയാണ് സിപിഎം ചെയ്തത്. ആര്‍എസ്എസാവട്ടെ പൂര്‍ണമായും അതിനോട് സഹകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നരഹത്യകളും കൊടിയ ആക്രമണങ്ങളും അരങ്ങേറി. 1996 ലാണ് ബിജെപിയുടെ കണ്ണൂര്‍ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന്‍ കൊല്ലപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മുന്‍കൈയെടുത്ത് കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷിനേതാക്കളും ഒരേ സ്വരത്തില്‍ ഒരഭ്യര്‍ത്ഥന മുന്നോട്ടുവച്ചു. ശാശ്വത സമാധാനം കൈവരിക്കാന്‍ പന്ന്യന്നൂര്‍ ചന്ദ്രന്റെ നഷ്ടം ഒരു ത്യാഗമായി സംഘപ്രസ്ഥാനങ്ങള്‍ കാണണമെന്നും, പ്രത്യാക്രമണമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നുമായിരുന്നു ആ അഭ്യര്‍ത്ഥന. യോഗത്തില്‍ പങ്കെടുത്ത സംഘ-ബിജെപി നേതാക്കള്‍ അതുള്‍ക്കൊള്ളുകയും തുടര്‍ന്നുള്ള നാളുകളില്‍ സമാധാനം കൈവരുന്നതിനുള്ള ബോധവല്‍ക്കരണവും നടപടികളും സംഘടനാ പ്രവര്‍ത്തകരിലേക്കെത്തിക്കുകയും ചെയ്തു. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ തന്നെ സിപിഎം അവരുടെ അക്രമ സ്വഭാവം പുറത്തെടുത്തു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്വമേധയാ മുന്നോട്ടുവന്ന് അദ്ദേഹത്തിന്റെ വസതിയില്‍ ഒരു ഉഭയകക്ഷി ചര്‍ച്ച സംഘടിപ്പിച്ചത് 1999-ലാണ്. ആ ചര്‍ച്ച കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് കണ്ണൂരില്‍ ദിവസങ്ങളോളം അക്രമ സംഭവങ്ങളരങ്ങേറി. വീണ്ടും ചേര്‍ന്നു, സമാധാനയോഗം. പക്ഷേ സിപിഎം അക്രമത്തിന്റെ പാത തന്നെ പിന്തുടര്‍ന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തെത്തുടര്‍ന്ന് കേരളമാകെ അക്രമങ്ങളരങ്ങേറി. അനേകം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളും വേട്ടയാടപ്പെട്ടു. അവരുടെ വീടുകളും സ്ഥാപനങ്ങളും ജീവനോപാധികളും തകര്‍ക്കപ്പെട്ടു. വിജയത്തിലുള്ള അഹങ്കാരവും അതുവഴി വളര്‍ന്നുവന്ന അസഹിഷ്ണുതയും മാത്രമായിരുന്നില്ല കാരണം. ബിജെപി കൈവരിച്ച അഭൂതപൂര്‍വമായ ജനപിന്തുണയും ഒരു കാരണമായി. ഇരുപത്തഞ്ചുലക്ഷത്തിലേറെ വോട്ട് (15 ശതമാനം) ബിജെപിയും സഖ്യകക്ഷികളും നേടിയത് സിപിഎം നേതൃത്വത്തെയും അണികളെയും അസ്വസ്ഥരാക്കി, രോഷാകുലരാക്കി. അത് അക്രമത്തിലേക്ക് നയിച്ചു. ഏറെ സമ്മര്‍ദ്ദം സമൂഹത്തില്‍നിന്നുണ്ടായപ്പോള്‍ സമാധാനശ്രമങ്ങളാരംഭിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തും കണ്ണൂരും സമാധാന ചര്‍ച്ചകള്‍ അരങ്ങേറി. പക്ഷേ പ്രത്യേകിച്ചൊന്നും പുതുതായി സംഭവിച്ചില്ല. അല്‍പ്പകാലത്തെ ഇടവേളയ്ക്കുശേഷം കൊലവിളിയും നിലവിളിയുമുയര്‍ന്നു. ജീവിതങ്ങള്‍ കശക്കിയെറിയപ്പെട്ടു. കേരളത്തിലെ സായുധ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് രചിക്കപ്പെട്ട ഉപന്യാസങ്ങള്‍ കണക്കറ്റതാണ്. പത്രങ്ങളും വാരികകളും മറ്റും എഴുതിക്കൂട്ടിയ മുഖപ്രസംഗങ്ങള്‍ മാത്രം സമാഹരിച്ചാല്‍ ഒരു ബൃഹത്തായ ഗവേഷണ ഗ്രന്ഥമാകുമത്. ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ചര്‍ച്ചകളും വിശകലനങ്ങളും മലയാളികളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടതിലേറെയായി. ഇടവേളകള്‍ ഒഴിച്ചുള്ള പതിവ് അനുഷ്ഠാനംപോലെ ആയിട്ടുണ്ട്. ഇതിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളും ഞെട്ടലുകളും ഹര്‍ത്താലുകളുമൊക്കെ. എന്നിട്ടും ഇതേ വിഷയത്തില്‍ പേന ചലിപ്പിക്കേണ്ടിവരുന്നു. തങ്ങളെ ഭീകരവാദികളാക്കി ചിത്രീകരിച്ചുകളഞ്ഞു എന്നതാണ് സിപിഎം നേതൃത്വത്തിന്റെ ആക്ഷേപം. താലിബാനിസം എന്ന പദം തങ്ങളോടൊപ്പം ചേര്‍ത്ത് കേരളത്തെ അപമാനിക്കല്‍ എന്നാണ് പുതിയ വെളിപാട്. അതൊന്നു പരിശോധിക്കേണ്ടതുണ്ട്. ചില സെമിറ്റിക് മതങ്ങളുടെ സിദ്ധാന്തങ്ങള്‍ അടിത്തറയാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ മാനവികതയ്ക്ക് ഏല്‍പ്പിക്കുന്ന പരിക്ക് എത്രമാത്രം ആഴത്തിലുള്ളതാണെന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 'വിശ്വാസികളെ' മാത്രം അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ സ്വാഭാവിക ശൈലി. മറ്റുള്ളവരെ സംഹരിക്കുക അല്ലെങ്കില്‍ അടിമകളാക്കുക. തങ്ങള്‍ക്ക് മേധാവിത്തമുള്ള സമൂഹത്തില്‍ ബാക്കിയെല്ലാവരും വിധേയരായിക്കൊള്ളണം എന്നതാണവരുടെ നിലപാട്. അതിന് തയ്യാറല്ലാത്തവര്‍ ജീവിത സൗഭാഗ്യങ്ങള്‍ക്കര്‍ഹരല്ല. ജനാധിപത്യ സാമൂഹിക ഘടനയും മനുഷ്യാവകാശ സങ്കല്‍പ്പങ്ങളുമൊന്നും ഈ സമീപനത്തിന് പ്രതിരോധമാകുന്നില്ല. സഹിഷ്ണുതയെന്ന മനോഭാവത്തിന് ഇവിടെ ഒട്ടുമേ സ്ഥാനമില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും പ്രയോക്താക്കളുമെന്ന മട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മാര്‍ക്‌സിസ്റ്റുകളില്‍ വലിയൊരു വിഭാഗം 'ഭീകരത' എന്നു വിവക്ഷിക്കുന്ന, മേല്‍പരാമര്‍ശിച്ച മനോഭാവത്തിന് അടിമകളാണ്. ആധുനിക ജനാധിപത്യ ജീവിതക്രമത്തിന്റെ ഭാഗമായതുകൊണ്ട് അനിവാര്യമായി പ്രകടിപ്പിക്കേണ്ട ചില മൂല്യങ്ങള്‍ പുറമേക്ക് കാണിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല. പരിഷ്‌കൃത സമൂഹത്തിലാണ് കാലം കഴിക്കുന്നത് എന്നതിനാല്‍ പുരോഗമന ആശയങ്ങളുടെ കുത്തകക്കാരായി രംഗത്തുവരാന്‍ മറ്റാരേക്കാളും അവര്‍ മുന്നിലുണ്ട്. എന്നാല്‍ പുള്ളിപ്പുലിയുടെ പുള്ളി, കാലമെത്രയായാലും മായുന്നില്ലെന്നപോലെ സഹജമായ അസഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനമില്ലായ്മയും അവരെ വിട്ടുപോകുന്നില്ല. ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളം സാക്ഷിയായ സംഭവങ്ങള്‍ ഇങ്ങനെയൊരു നിഗമനത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാര്‍ നടപ്പിലാക്കുന്ന മാര്‍ക്‌സിസ്റ്റ് ഭീകരതയെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന നാള്‍ മുതല്‍ ആരംഭിച്ച നരവേട്ടയ്ക്ക് ഇനിയും ശമനമുണ്ടായിട്ടില്ല. പതിവുപോലെ ആര്‍എസ്എസ്സും അനുബന്ധ പ്രസ്ഥാനങ്ങളുമാണ് ഇരകളാവുന്നത്. അങ്ങിങ്ങ് ചില്ലറ പ്രതിരോധ ശബ്ദങ്ങളുണ്ടാകുന്നു എന്നതൊഴിച്ചാല്‍ ഏകപക്ഷീയമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. ആര്‍എസ്എസ് ബന്ധമുള്ളവര്‍ മാത്രമല്ല വേട്ടയാടപ്പെടുന്നത്. ഇതിനെക്കുറിച്ചൊക്കെ ചോദിച്ചാല്‍ മുഖ്യമന്ത്രിക്ക് കൃത്യമായ ഉത്തരമുണ്ട്. പിണറായി പഞ്ചായത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുടെ പ്രാകൃത നടപടികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഏതാണ്ട് ഇരുപതുമിനിറ്റ് ദൈര്‍ഘ്യമുള്ള ലഘുപ്രഭാഷണം തന്നെയാണദ്ദേഹം നടത്തിയത്. പാര്‍ട്ടി സഖാക്കളുടെ അഴിഞ്ഞാട്ടത്തെക്കുറിച്ച് അല്‍പ്പംപോലും മനസ്സാക്ഷിക്കുത്തില്ലാതെ സംസാരിച്ച മുഖ്യമന്ത്രി, മറ്റുള്ളവര്‍ ചെയ്തതെന്നു പറയുന്ന കുറെ അക്രമസംഭവങ്ങള്‍ ആവേശത്തോടെ നിരത്തുകയും ചെയ്തു. അതിന്റെ സാരാംശം ഇങ്ങനെയാണ്. ഇടതുമുന്നണിയുടെ വിജയം ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പലയിടത്തും ആര്‍എസ്എസുകാരും മറ്റുള്ളവരും ചേര്‍ന്ന് ഇടതുപ്രവര്‍ത്തകരെ ആക്രമിച്ചു. ഒരു സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞും വണ്ടികയറ്റിയും കൊന്നു. ഇത്രയും മുഖ്യമന്ത്രി പറഞ്ഞുവച്ച കാര്യങ്ങള്‍. പറയാതെ പറയുന്ന കാര്യം ഇതാണ്-അതുകൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ മറ്റുള്ളവരെ കൈകാര്യം ചെയ്യുന്നു. പൗരബോധം ഉണരേണ്ടത് ഇവിടെയാണ്. ആക്രമണത്തിനും പ്രത്യാക്രമണത്തിനും ന്യായീകരണം കണ്ടെത്തി സൈദ്ധാന്തിക വ്യായാമത്തിലേര്‍പ്പെടുകയാണോ ഒരു ഭരണാധികാരി ചെയ്യേണ്ടത്? അതോ പൗരന്മാര്‍ക്കെല്ലാം നീതിയും സുരക്ഷയും ഉറപ്പാക്കുന്ന സാഹചര്യമൊരുക്കുകയോ? പാര്‍ട്ടി സെക്രട്ടറിക്ക് അണികളെ ന്യായീകരിക്കേണ്ട ബാധ്യത ആര്‍ക്കും മനസ്സിലാകും. എന്നാല്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയല്ലല്ലോ. മാതാപിതാക്കള്‍ ബിജെപി പ്രവര്‍ത്തകരായിപ്പോയതുകൊണ്ടുമാത്രം ഉടവാളിനിരയായി പിഞ്ചുകരം അറ്റുതൂങ്ങിയ കണ്ണൂര്‍ ഇരിട്ടിയിലെ കാര്‍ത്തിക് എന്ന കുഞ്ഞിന്റെയും സംരക്ഷകനാവേണ്ടേ, കേരള മുഖ്യമന്ത്രി? അപ്പോഴല്ലേ ഭരണകൂടത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുകയുള്ളൂ. അങ്ങനെയല്ലെന്നു വരുമ്പോഴാണ് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ ചിലരില്‍ അങ്കുരിക്കുന്നത്. സ്വാഭാവികമായും നീതി നിഷേധിക്കപ്പെടുന്നയിടത്ത് നിയമം കൈയിലെടുക്കുന്ന പ്രവണതയും വളരും. നിലയ്ക്കാത്ത രാഷ്ട്രീയ അക്രമത്തിന്റെ മൂലകാരണത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷണം നടത്തുന്ന ഏതൊരാളും ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേരുമെന്നത് നിസ്തര്‍ക്കമാണ്. ചിലര്‍ യജമാനഭാവത്തില്‍ നിലകൊള്ളുകയും ഫ്യൂഡല്‍ ചിന്താഗതി വച്ചുപുലര്‍ത്തുകയും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എക്കാലവും അത് അംഗീകരിച്ചുകൊള്ളണമെന്നില്ല. അവിടെ സംഘര്‍ഷമുടലെടുക്കും. ഈ സാഹചര്യം ഒഴിവാക്കേണ്ട ചുമതല ആര്‍ക്കാണ്?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.