ഗുജറാത്ത് കോണ്‍ഗ്രസില്‍ മരണമണി മുഴങ്ങുമ്പോള്‍

Thursday 10 August 2017 9:33 pm IST

ഗുജറാത്തിലെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന മത്സരത്തില്‍ കോണ്‍ഗ്രസ് തന്ത്രജ്ഞനും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ കഷ്ടിച്ച് കടന്നുകൂടിയെങ്കിലും ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിങ് വഗേലയും ഒരു ഡസനിലേറെ എംഎല്‍എമാരും പാര്‍ട്ടി വിട്ടത് ഗുജറാത്ത് കോണ്‍ഗ്രസിന്റെ അടിത്തറയിളക്കി. നാലുമാസത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ കോണ്‍ഗ്രസ് നിലവിലെ സ്ഥിതിയില്‍ അതിഭീകരമായ പരാജയം രുചിക്കേണ്ടിവരും. അടിയന്തരാവസ്ഥക്കാലത്ത് ബറൂച്ച് സാമ്രാജ്യമാക്കി പാര്‍ട്ടിയില്‍ വളര്‍ന്ന അഹമ്മദ് പട്ടേലിന് പക്ഷേ ദല്‍ഹിയോടായിരുന്നു താല്‍പ്പര്യം. സോണിയാ ഗാന്ധിയുടെ സെക്രട്ടറിയായി മാറിയതോടെ രാഷ്ട്രീയ തന്ത്രങ്ങളെല്ലാം അഹമ്മദ് പട്ടേലാണ് രൂപപ്പെടുത്തിയത്. പത്തുവര്‍ഷം നീണ്ടുനിന്ന യുപിഎ ഭരണകാലം അഹമ്മദ് പട്ടേലിന്റെ പ്രതാപകാലമായിരുന്നു. എന്നാല്‍ 2014 ല്‍ കേന്ദ്രഭരണം നഷ്ടമായ ശേഷം രാഹുല്‍ഗാന്ധിയുടെ ക്യാമ്പുമായി നല്ല ബന്ധം ഇല്ലാതിരുന്ന അഹമ്മദ്, പാര്‍ട്ടിയുടെ തീരുമാനങ്ങളെടുക്കുന്ന ഘടകങ്ങളിലും പതിയെ അപ്രസക്തനായി മാറിയിരുന്നു. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായി തന്റെ മുഴുവന്‍ ബന്ധങ്ങളും അഹമ്മദ് പട്ടേല്‍ ഉപയോഗിച്ചപ്പോഴും മുഴുമിച്ചുനിന്ന അസാന്നിധ്യം രാഹുല്‍ ഗാന്ധിയുടേതാണ്. ഗുജറാത്തില്‍ നിന്നുതന്നെയുള്ള മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയും അഹമ്മദിന് വേണ്ടിയുള്ള ചരടുവലികളില്‍ നിന്ന് പിന്‍വലിഞ്ഞു. കോണ്‍ഗ്രസിലെ ദേശീയ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ ഉയര്‍ന്നുവരുന്ന അസംതൃപ്തിയുടെ ഉദാഹരണമായി അഹമ്മദിന്റെ വിജയത്തേയും മുതിര്‍ന്ന നേതാക്കളുടെ ഐക്യത്തേയും വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. 2012 ല്‍ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 182ല്‍ 116 സീറ്റുകളോടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 60 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന്റെ സമ്പാദ്യം. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ 57 എംഎല്‍എമാരായിരുന്നു കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നത്. ഇതിനുശേഷമാണ് ശങ്കര്‍സിങ് വഗേലയുടെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ കുറ്റപ്പെടുത്തി പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയ വഗേലയ്‌ക്കൊപ്പം 14 എംഎല്‍എമാര്‍ കൂടി രംഗത്തെത്തിയത് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ചു. മുപ്പതോളം എംഎല്‍എമാരുടെ പിന്തുണയാണ് വഗേലയ്ക്കുള്ളതെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍തന്നെ പറയുന്നത്. നര്‍മ്മദാ കനാല്‍ കരകവിഞ്ഞൊഴുകി ഏകദേശം 250 പേര്‍ക്ക് ജീവന്‍ നഷ്ടമായ പ്രളയക്കെടുതികള്‍ക്കിടയിലാണ് ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായത്. പതിനായിരക്കണക്കിന് ജനങ്ങള്‍ വലിയ ദുരന്തം നേരിട്ടപ്പോള്‍ സ്ഥലത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മണ്ഡലം വിട്ടുനിന്നത് രാഷ്ട്രീയമായി മുതലാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കര്‍ണ്ണാടക റിസോര്‍ട്ടില്‍ സുഖവാസത്തിലായിരുന്നു എംഎല്‍എമാര്‍ എന്ന് ബിജെപി ആരോപിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ഗുജറാത്തില്‍ സാധിക്കുന്നില്ല. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ഈ വിഷയം തിരിച്ചടിയുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അഹമ്മദ് പട്ടേലിന്റെ വിജയത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദ് പട്ടേലിന്റെ വിജയം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശങ്കര്‍സിങ് വഗേലയും ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം പ്രഖ്യാപിക്കാന്‍ യാതൊരു അധികാരവുമില്ലെന്നും പോളിങ് ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്തപ്പെട്ട ആളെന്നും വഗേല പറയുന്നു. വഗേലയും മകന്‍ മഹേന്ദ്രസിങ്ങും അടക്കമുള്ള എട്ട് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് പുറത്താക്കല്‍ നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. എംഎല്‍എ സ്ഥാനം അടുത്തയാഴ്ച രാജിവെയ്ക്കുമെന്ന് വഗേലയും അറിയിച്ചു. ബെംഗളൂരുവിലേക്ക് 44 എംഎല്‍എമാരെ കോണ്‍ഗ്രസ് മാറ്റിയിരുന്നില്ലെങ്കില്‍ ഇവരില്‍പ്പെട്ട 25 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചേനെയെന്ന വഗേലയുടെ പ്രസ്താവന ഗുജറാത്ത് കോണ്‍ഗ്രസിന്റെ അന്ത്യാവസ്ഥ വ്യക്തമാക്കുന്നതാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് ഉണ്ടാകുമെന്ന് ഹൈക്കമാന്റിനെ അറിയിച്ചിട്ടും അവര്‍ അവഗണിച്ചെന്നും, ഇതാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വഗേല ചൂണ്ടിക്കാട്ടുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ സമയാസമയത്ത് പരിഹരിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നതാണ് പാര്‍ട്ടിയിലെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് വഗേല പറയാതെ പറയുന്നു. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ 2019ല്‍ അതിദയനീയമായ സാഹചര്യത്തിലേക്ക് ദേശീയതലത്തില്‍ കോണ്‍ഗ്രസ് അധഃപതിക്കുമെന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന രാഹുല്‍വിരുദ്ധ ചേരിയും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 'പാര്‍ട്ട് ടൈം' രാഷ്ട്രീയക്കാരന്‍ മാത്രമായ രാഹുലിന് വഹിക്കാവുന്നതിലും വലിയ ഭാരമാണ് നിലവിലെ കോണ്‍ഗ്രസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.