സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ വ്യാപക പണപ്പിരിവ്

Thursday 10 August 2017 9:49 pm IST

  കുമളി: ബിഎസ്എന്‍എല്‍ സിം ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നതായി പരാതി. ബിഎസ്എന്‍എല്‍ അധികൃതരുടെ മൗനാനുവാദത്തോടെയാണ് പകല്‍ക്കൊള്ള നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ മറവിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആളുകളില്‍ നിന്നും ഓരോ കണക്ഷനും ഇരുപത് രൂപാ വീതം ഈടാക്കി ആധാര്‍ ബന്ധിപ്പിക്കല്‍ ജോലികള്‍ നടക്കുന്നത്. ഇന്നലെ മാത്രം കുമളിയിലെ നിരവധി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 0484 2385821 എന്ന നമ്പരില്‍ നിന്നും ആധാര്‍ ബന്ധിപ്പിക്കാള്ള നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എത്തിയ ആളുകളില്‍ നിന്നുമാണ് സ്വകാര്യ വ്യക്തികള്‍ പണം ഈടാക്കി ആധാര്‍ ബന്ധിപ്പിച്ച് നല്‍കിയത്. ഇന്നലെ ഉച്ചയോടെ കുമളി ഒന്നാം മൈലില്‍ ബിഎസ്എന്‍എല്ലിന്റെ ലോഗോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തീവെട്ടിക്കൊള്ള അരങ്ങേറിയത്. ബിഎസ്എന്‍എല്ലിന്റെ എറണാകുളത്തെ ഓഫീസില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ പണം നല്‍കി ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ സിംകാര്‍ഡുകള്‍ കട്ടായി പോകുമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ആവശ്യപ്പെടുന്ന പണം നല്‍കി ഇതിന് തയ്യാറായത്. എന്നാല്‍ തട്ടിപ്പ് ചോദ്യം ചെയ്തതോടെ ഇവര്‍ ഇവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. ഇതേ സമയം സ്വകാര്യ ടെലികോം കമ്പനികള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സിം കാര്‍ഡുകള്‍ സൗജന്യമായി ബന്ധിപ്പിക്കുന്നതിനുള്ള കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഏര്‍പ്പെടുത്തിയതിനോടൊപ്പം ഫ്രാഞ്ചൈസികള്‍ക്ക് നിശ്ചിത തുക ഓരോ കണക്ഷനും നല്‍കുന്നുണ്ടെന്നുമാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.