ഒമ്പതിടത്തെ രണ്ടാം സ്ഥാനം ബിജെപിക്ക് മികച്ച നേട്ടം മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് വോട്ടുകളിലെ ചോര്‍ച്ച

Thursday 10 August 2017 10:00 pm IST

കണ്ണൂര്‍:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞൈടുപ്പില്‍ എല്‍ഡിഎഫിന്റെ മികച്ച വിജയത്തിന് കളമൊരുക്കിയത് ലീഗ്-കോണ്‍ഗ്രസ് വോട്ടുകളിലെ ചോര്‍ച്ചയും ന്യൂനപക്ഷ മത വര്‍ഗ്ഗീയ-തീവ്രവാദ ശക്തികളുടെ വോട്ട് മുന്നണിക്ക് അനുകൂലമായി ലഭിച്ചതും. കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പരമ്പരാഗത വോട്ട് ബാങ്കില്‍ വന്‍ വിളളലാണ് ഉണ്ടായിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം യുഡിഎഫില്‍ നിന്നും വലിയ തോതില്‍ വോട്ടു ചോര്‍ന്നു. മുസ്ലീം ലീഗിന് നാലാംങ്കരി, കളറോഡ് വാര്‍ഡുകള്‍ നഷ്ടമായത് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാതരത്തിലും ലീഗിന് ശക്തമായ സ്വാധീനമുളള രണ്ട് വാര്‍ഡുകളാണ് ഇവ രണ്ടും. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന രീതിയില്‍ സിപിഎം നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ പോലുളള തീവ്രസ്വഭാവമുളള സംഘടനകളുടെ വോട്ട് കൂട്ടത്തോടെ സിപിഎമ്മിന് ലഭിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഏതാനും ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പല വാര്‍ഡുകളിലും അവര്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ പോലും ലഭിച്ചിട്ടില്ല. നാമമാത്രമായ വോട്ടുകളാണ് ഇവരുടെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ഇത് കാണിക്കുന്നത് ബിജെപിയേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്താന്‍ ഈ രണ്ട് സംഘടനകളുടേയും നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രഹസ്യ ധാരണയിലെത്തിയിരുന്നുവെന്നതിലേക്കാണ്. മാത്രമല്ല വികസന മുരടിപ്പെന്ന ആരോപണത്തെ മറികടക്കാന്‍ പല വാര്‍ഡുകളിലും വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പല വാര്‍ഡുകളിലും സിപിഎമ്മിന്റെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു. വോട്ടെടുപ്പ് നടന്ന 35 വാര്‍ഡുകളില്‍ 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ഏഴിടത്തു മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതു വാര്‍ഡുകളില്‍ ഏഴില്‍ യുഡിഎഫും രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നാം സ്ഥാനത്തായി. നഗരസഭയുടെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടത് സിപിഎമ്മിന് കനത്ത ആഘാതമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. ഇത്തവണ യുഡിഎഫിന് ഏഴ് സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 4 സീറ്റും ലീഗിന് 3 സീറ്റും മാത്രമാണ് ലഭിച്ചത്. 5 സീറ്റുണ്ടായിരുന്ന ലീഗിന് 3 സീറ്റുകളും കോണ്‍ഗ്രസിന് 7 ല്‍ നിന്നും 4 ആയി കുറഞ്ഞതും കടുത്ത ക്ഷീണമായി. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും ശക്തി കേന്ദ്രങ്ങളില്‍ നിന്നും സിപിഎമ്മിലേക്ക് വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആറ് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫിന് നഷ്ടമായി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് എല്‍ഡിഎഫ് മട്ടന്നൂര്‍ നഗരസഭയില്‍ അധികാരത്തിലെത്തുന്നത്. നിലവില്‍ നഗരസഭയില്‍ പ്രാതിനിധ്യമില്ലാത്ത ബിജെപി ഇത്തവണയും എവിടെയും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച ഉയര്‍ന്ന വോട്ടുകള്‍ കാണിക്കുന്നത് നഗരസഭാ പരിധിയില്‍ ബിജെപിയുടെ ക്രമാനുഗതമായ വളര്‍ച്ചയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. 2012 ല്‍ 1984 വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിക്ക് നഗരസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ 3250 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. കഴിഞ്ഞ തവണ നാല് വാര്‍ഡില്‍ മാത്രമായിരുന്നു ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നതെങ്കില്‍ ഇത്തവണ ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തെത്തി. മാത്രമല്ല മൂന്നോളം വാര്‍ഡുകളില്‍ ചെറിയ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ വാര്‍ഡില്‍ പോലും ബിജെപി കോണഗ്രസിനെ പിന്തളളി രണ്ടാം സ്ഥാനത്തെത്തി. കായലൂര്‍(224),കോളാരി(288), അയ്യല്ലൂര്‍(90), ഇടവേലിക്കല്‍(34), കരേറ്റ(329), ദേവര്‍ക്കാട്(131), മട്ടന്നൂര്‍(161), മട്ടന്നൂര്‍ ടൗണ്‍(221), മേറ്റടി(372) എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. മറ്റ് വാര്‍ഡുകളിലുമെല്ലാം ഇത്തവണ മികച്ച മുന്നേറ്റമാണ് ബിജെപി നടത്തിയത്. 15 ഓളം വാര്‍ഡുകളില്‍ നൂറിലധികം വോട്ട് നേടിയ ബിജെപി കായലൂര്‍, കരേറ്റ, മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡുകളില്‍ 50 ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ട സിപിഎം നേതൃത്വം സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.