സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിരഗുളിക വിതരണം ചെയ്തു

Thursday 10 August 2017 10:01 pm IST

മട്ടന്നൂര്‍:ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വഴി സ്‌കൂള്‍, അംഗനവാടി കുട്ടികള്‍ക്ക് വിരഗുളിക വിതരണം ചെയ്തു. ഭക്ഷണത്തിലെ പോഷകാംശം വലിച്ചെടുത്ത് കുടലില്‍ വളരുന്ന പരാദജീവികളായ വിരകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിരശല്യം മൂലം പോഷണം നഷ്ടപ്പെടുന്നതിനാല്‍ കുട്ടികളില്‍ വിളര്‍ച്ച, ഭക്ഷണം കഴിക്കാന്‍ താത്പര്യമില്ലായ്മ, വളര്‍ച്ചാ മുരടിപ്പ്, ബുദ്ധിമാന്ദ്യം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ട്. മൂന്ന് തരം വിരകളാണ് പ്രധാനമായും കുട്ടികളുടെ കുടലില്‍ കണ്ട് വരുന്നത്. റൗണ്ട് വേം, വിപ്പ് വേം, ഹുക്ക് വേം. ഈ വിരകളെ നശിപ്പിക്കുക വഴി നന്നായി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്‌കൂളില്‍ ഹാജര്‍നില മെച്ചപ്പെടുത്താനും കഴിയുമെന്ന് കീഴല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.ശ്രീദേവ് സാക്ഷ്യപ്പെടുത്തുന്നു. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത്തല വിരഗുളിക വിതരണം എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനി, തലകറക്കം, ചര്‍ദ്ധി തുടങ്ങിയവയുണ്ടായാല്‍ ഭയപ്പെടാനില്ലെന്നും ഇവ വിരയുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 17 ന് ഗുളിക നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.