ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ കവാടത്തിന് മുന്നില്‍വച്ച് ബൈക്ക് യാത്രികന് മര്‍ദ്ദിച്ചു. ഇന്നലെ രാവിലെ 11മണിയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് സാബു പി.സിയെയാണ് ആര്‍പ്പൂക്കര സ്വദേശി അനില്‍ മര്‍ദ്ദിച്ചത്. ഇതേതുടര്‍ന്ന് പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാളുകളായി മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടിലേക്ക് വണ്‍വേ പ്രകാരമാണ് വാഹനങ്ങള്‍ കടത്തിവിട്ടരുന്നത്. അത്യാഹിത വിഭാഗത്തിന് മുന്‍പിലൂടെ അകത്തുകടക്കുന്ന വാഹനങ്ങള്‍ മോര്‍ച്ചറിക്ക് സമീപത്തുള്ള കവാടത്തിലൂടെ പുറത്തേക്ക് പോകണമെന്നാണ് വ്യവസ്ഥ. ഇതിന് വിപരീതമായി മോര്‍ച്ചറിക്ക് സമീപമുള്ള കവാടത്തിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികനായ ആര്‍പ്പൂക്കര സ്വദേശിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് തടഞ്ഞതാണ് സംഘര്‍ഷത്തിലും അടിപിടിയിലും കലാശിച്ചത്. സംഭവത്തെതുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: