അതിരപ്പിള്ളിയില്‍ സര്‍ക്കാരിന്റെ കള്ളക്കളി; ട്രാന്‍സ്‌ഫോര്‍മറും മറ്റും സ്ഥാപിച്ചെന്ന് റിപ്പോര്‍ട്ട്

Friday 11 August 2017 10:48 am IST

തൃശൂര്‍: അതിരപ്പിള്ളിയില്‍ സര്‍ക്കാരിന്റെ കള്ളക്കളി. നിര്‍ദ്ദിഷ്ട പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി അവസാനിച്ച ജൂലൈ 18ന് മുമ്പ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കാണിച്ചാണ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേയും പ്രദേശവാസികളെയും ഒരുപോലെ കബളിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ഇക്കാര്യം അറിയിച്ചത്. പാരിസ്ഥിതിക അനുമതി തുടര്‍ന്ന് നല്‍കരുതെന്ന് അന്തരിച്ച പരിസ്ഥിതി മന്ത്രി അനില്‍ മാധവ്ദവെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2014ല്‍ ലഭിച്ച അനുമതിയുടെ കാലാവധിയാണ് ജൂലൈ 18ന് പൂര്‍ത്തിയായത്. ജൂലൈ 18ന് മുമ്പ് നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ പാരിസ്ഥിതിക അനുമതി റദ്ദാക്കപ്പെടുകയും പുതിയ അനുമതിക്കായി വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടിവരികയും ചെയ്യും. ഇതൊഴിവാക്കാനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്ന അവകാശവാദം. എന്നാല്‍ ഡാം നിര്‍മാണത്തിന്റെ ഭാഗമായുള്ള ജോലികളൊന്നും ആരംഭിച്ചിട്ടില്ല. വനത്തിനുള്ളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചില വൈദ്യുത ലൈനുകള്‍ വലിക്കുകയും മാത്രമാണ് ചെയ്തത്. കെഎസ്ഇബിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടിനെതിരെ പദ്ധതി പ്രദേശത്ത് വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. വാഴച്ചാലിനടുത്ത് കണ്ണംകുഴിയിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെയാണ് പവര്‍ഹൗസ് സ്ഥാപിക്കുക. കെഎസ്ഇബി ജീവനക്കാര്‍ക്കുതന്നെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതിനെക്കുറിച്ച് വ്യക്തതയില്ല. സര്‍ക്കാര്‍ കാണിക്കുന്നത് വഞ്ചനയാണെന്നും വൈദ്യുത പദ്ധതി തുടങ്ങുമ്പോള്‍ ആരും ആദ്യം ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മിക്കാറില്ലെന്നും ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഡോ. ലത പറഞ്ഞു. പദ്ധതിക്കെതിരെ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വനംവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ പദ്ധതി നടപ്പാക്കുന്നത് തടയാന്‍ നിയമപരമായി ഒരു നടപടിയും കൈക്കൊള്ളുന്നില്ല. പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് മുറിച്ചുനീക്കുന്ന മരങ്ങളുടെ നഷ്ടമായി അഞ്ചുകോടി രൂപ വനംവകുപ്പ് കെഎസ്ഇബിയില്‍ നിന്ന് കൈപ്പറ്റിയിട്ടുമുണ്ട്. പദ്ധതിക്കെതിരായ സമരം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സിപിഐയുടെ എതിര്‍പ്പിന് പിന്നിലെന്നും സമരസമിതി നേതാക്കള്‍ കരുതുന്നു. പാരിസ്ഥിതിക അനുമതിമാത്രമാണ് 2014ല്‍ ലഭിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സാമ്പത്തിക അനുമതികള്‍ കൂടി ലഭിച്ചാലേ നിര്‍മാണം തുടങ്ങാന്‍ കഴിയൂ. റിവര്‍ പ്രൊട്ടക്ഷന്‍ ഫോറവും സമരസമിതിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.