കൊച്ചി: ബാലസംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമിപുരസ്കാരം പ്രശസ്ത ഭാഷാപണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്.
മുന്‍ പിഎസ്സി ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന്, ബാലസംസ്കാരകേന്ദ്രം അദ്ധ്യക്ഷന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, ഉപാധ്യക്ഷന്‍ ജി.സതീഷ്കുമാര്‍, ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ഡി.നാരായണശര്‍മ്മ എന്നിവരടങ്ങിയ പുരസ്കാരനിര്‍ണ്ണയ സമിതിയാണ് പേര് നിര്‍ദ്ദേശിച്ചത്.
50,000 രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം സെപ്റ്റംബര്‍ 8ന് എളമക്കര ഭാസ്ക്കരീയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, കവി വിഷ്ണുനാരായണന്‍ നമ്പൂതിരി, കവി എസ്. രമേശന് നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, പി.പരമേശ്വരന്, കവി മധുസൂദനന് നായര്‍, കെ.എസ്. ചിത്ര, ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍കാലങ്ങളില്‍ ജന്മാഷ്ടമി പുരസ്കാരം ലഭിച്ചിട്ടുള്ളത്.
തപസ്യ കലാസാഹിത്യവേദിയുടെ രക്ഷാധികാരിയായ പ്രൊഫ. വിശ്വംഭരന് അമൃതകീര്‍ത്തി പുരസ്കാരം, സഞ്ജയന് പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഡോ.കെ.എസ്. രാധാകൃഷ്ണന്, ജി.സതീഷ്കുമാര്‍, ഡി.നാരായണ ശര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: