മുല്ലപ്പിള്ളി പാലം ശിലാസ്ഥാപനത്തിലൊതുങ്ങി

Wednesday 15 August 2012 7:16 am IST

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിനെയും പെരുമ്പാവൂര്‍ നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വല്ലം മുടിക്കല്‍ തോടിന്‌ കുറുകെയുള്ള മുല്ലപ്പിള്ളി പാലത്തിന്‌ തറക്കല്ലിട്ടിട്ട്‌ ഇന്നലെ രണ്ട്‌ വയസ്സ്‌ പൂര്‍ത്തിയാകുന്നു. എന്നാല്‍ പ്രദേശവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പാലത്തിന്റെ നിര്‍മ്മാണത്തെപ്പറ്റി അധികൃതര്‍ ആലോചിച്ചിട്ട്‌ പോലുമില്ലെന്ന്‌ ആക്ഷേപമുയരുന്നു. 2010 ആഗസ്റ്റ്‌ 14 ന്‌ കെ.പി.ധനപാലന്‍ എംപിയാണ്‌ പാലത്തിന്‌ തറക്കല്ലിട്ടത്‌. ഇദ്ദേഹത്തിന്റെ എംപി ഫണ്ടില്‍നിന്ന്‌ 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും പാലം പണി എന്നു തുടങ്ങുമെന്നുപോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. 2010 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ കൃത്യമായി പ്ലാനിങ്ങോ എസ്റ്റിമേറ്റോ ഇല്ലാതെയാണ്‌ തറക്കല്ലിടല്‍ നടത്തിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ചതുപ്പ്‌ നിറഞ്ഞ പ്രദേശമാണ്‌ പാലം നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്‌. 30 ലക്ഷം രൂപ ചെലവില്‍ പാലം പണി പൂര്‍ത്തിയാക്കാമെന്ന്‌ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും മണ്ണ്‌ പരിശോധനക്ക്‌ മാത്രം നാല്‌ ലക്ഷം രൂപ ചെലവായി. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഒന്നേകാല്‍ കോടി രൂപയുണ്ടെങ്കിലേ പാലം നിര്‍മിക്കാനാവൂ എന്ന അവസ്ഥയാണുള്ളത്‌. മുന്‍ എംപി സാവിത്രി ലക്ഷ്മണന്റെ എംപി ഫണ്ടുപയോഗിച്ച്‌ അപ്രോച്ച്‌ റോഡ്‌ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്‌. ഈ പാലം വരുന്നതോടെ പെരുമ്പാവൂര്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന്‌ ചെറിയ പരിഹാരമാകുമെന്നാണ്‌ ജനം കരുതുന്നത്‌. ടൗണ്‍ ബൈപാസിന്റെ സ്ഥലമേറ്റെടുക്കല്‍ പുനരാരംഭിക്കുന്നതോടെ മുല്ലപ്പിള്ളി പാലം കൂടിയായാല്‍ പെരുമ്പാവൂര്‍ നഗരസഭയുടെ മുഖഛായ തന്നെ മാറുമെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും എംപിയുടെ വാക്കുകള്‍ പാഴ്‌വാക്കാവുകയാണെന്നാണ്‌ ജനസംസാരം. ഇതു സംബന്ധിച്ച്‌ പൊതുമരാമത്ത്‌ മന്ത്രിക്ക്‌ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.