റേഷന്‍ കാര്‍ഡ്; ജില്ലയില്‍ തിരിച്ചേല്‍പ്പിച്ചത് 6705 പേര്‍

Friday 11 August 2017 1:21 pm IST

കൊല്ലം: മുന്‍ഗണനാ വിഭാഗത്തിലുള്ള (ബിപിഎല്‍) റേഷന്‍ കാര്‍ഡ് അര്‍ഹതയില്ലാതെ കൈവശം വച്ചവര്‍ക്ക് തിരിച്ചേല്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. ഇന്നലെ വരെ ജില്ലയില്‍ 6705 പേരാണ് റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത്. ഇതില്‍ 5442 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. അര്‍ഹതയില്ലാതെ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ ഇന്നു മുതല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ഇന്നലെ സപ്ലൈ ഓഫീസുകളില്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ മാസം ഇരുപതിന് മുന്‍പ് സംസ്ഥാനത്തെ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂണിവേഴ്‌സിറ്റി ജീവനക്കാര്‍, സംസ്ഥാന-ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ അതാത് സ്ഥാപന ഓഫീസ് മേധാവിയെയോ, ശമ്പളം വിതരണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മുമ്പാകെയോ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടമായി കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത മുന്തിയ വരുമാനക്കാരും നടപടി ഭയന്ന് ബിപിഎല്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചു തുടങ്ങി. സ്വന്തം കാറുള്ളവര്‍, 700 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തൃതിയില്‍ വീടുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ തുടങ്ങിയവരൊക്കം മുന്‍ഗണനേതര വിഭാഗത്തില്‍ പെട്ടവരാണ്. ഇനിയും കാര്‍ഡ് തിരിച്ചേല്‍പ്പിക്കാത്തവരെ കണ്ടെത്തി സ്‌പ്ലൈ ഉദ്യോഗസ്ഥര്‍ നിയമ നടപടിക സ്വീകരിക്കും. പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യ നടപടി. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കല്‍, തെറ്റായരേഖ കൈവശം സൂക്ഷിക്കല്‍, ആനുകൂല്യം കൈപ്പറ്റല്‍ തുടങ്ങിയ കുറ്റങ്ങളാകും ബിപിഎല്‍ കാര്‍ഡ് കൈവശമുള്ള മുന്തിയ വരുമാനക്കാര്‍ക്കെതിരെ ചുമത്തുക. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.