നഗരസഭ മത്സ്യമാര്‍ക്കറ്റില്‍ മാലിന്യം തള്ളുന്നു

Friday 11 August 2017 7:33 pm IST

കാഞ്ഞങ്ങാട്: മത്സ്യമാര്‍ക്കറ്റിലെ മാലിന്യത്തിന് പരിഹാരം കാണാതെ നഗരസഭ ഇരുട്ടില്‍ തപ്പുമ്പോള്‍ ശുചീകരണ തൊഴിലാളികള്‍ തന്നെ മാലിന്യം തള്ളുന്നതായി പരാതി. മാര്‍ക്കറ്റിന്റെ പഴയ കെട്ടിടത്തിന്റെ സമീപത്താണ് നഗരാസഭാ ശുചീകരണ തൊഴിലാളികള്‍ മാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നത്. പരിസരവാസികള്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ ശുചീകരണ തൊഴിലാളികളോട് പറഞ്ഞിട്ടും ഇവര്‍ ചെവിക്കൊള്ളാതെ തുടര്‍ച്ചയായി മാലിന്യം നിക്ഷേപിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചത്ത പൂച്ചയെ ഇവിടെ കുഴിച്ച് മൂടിയതായും ഇവര്‍ പരാതിപ്പെട്ടു. മഴവെള്ളത്തില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും കൊതുകു കടി രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്. ഈ മാലിന്യ നിക്ഷേപം പകര്‍ച്ച വ്യാധികള്‍ക്കും സാക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നതായി ജന്മഭൂമി നേരത്തെ വാര്‍ത്ത ചെയ്തിരുന്നു. പരിസരവാസികള്‍ നഗരാസഭാ ഓഫീസില്‍ ചെന്ന് അധികൃതരെ നേരിട്ട് കണ്ട് അറിയിച്ചിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഇരുട്ടിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതായും പരാതിയുണ്ട്. മാവേലി സ്റ്റോറിന് തൊട്ടടുത്തുള്ള കിണറിന് ചുറ്റും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. കാക്കകളും പരുന്തുകളും മാലിന്യം കൊത്തിയെടുത്ത് കിണറിനകത്തിട്ട് വെള്ളം മലിനമാക്കുകയാണ്. ഹോസ്ദുര്‍ഗ് മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പരിസരവാസികള്‍ പറയുന്നു. മത്സ്യമാര്‍ക്കറ്റില്‍ സ്ട്രീറ്റ് ലൈറ്റ് കത്താത്തത് മാലിന്യം കൊണ്ടു തള്ളുന്നവര്‍ക്ക് ഗുണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.