ഓണത്തിന് ലഹരി വിറ്റാല്‍ കുടുങ്ങും

Friday 11 August 2017 8:28 pm IST

മലപ്പുറം: ജില്ലയില്‍ ഓണാഘോഷം ലഹരിയില്‍ മുങ്ങാതിരിക്കാന്‍ നടപടികളുമായി അധികൃതര്‍. ആഘോഷത്തിന്റെ മറവില്‍ സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന തടയുന്നതിന് അധികൃതര്‍ നടപടി ആരംഭിച്ചു. പരിശോധനയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. രാത്രികാല പെട്രോളിംഗും വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കി. വ്യാജമദ്യ നിര്‍മ്മാണം, വിതരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള പരാതികള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ടോള്‍ഫ്രീ നമ്പറിലും അറിയിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. അടുത്തിടയായി മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ 760 റെയിഡുകള്‍ നടത്തി. 35 എന്‍ഡിപിഎസ് കേസുകളില്‍ 38 പേരെ അറസ്റ്റ് ചെയ്തു. 8.559 കി.ഗ്രാം കഞ്ചാവും, മയക്കു മരുന്നുവിഭാഗത്തില്‍ മാരകമായ 310ഗ്രാം എല്‍എസ്ഡിയും, 200 എണ്ണം നൈട്രാസെപാം ടാബ്‌ലറ്റും 10 കഞ്ചാവ് ചെടിയും 15 വാഹനങ്ങളും പിടി കൂടി. 146 അബ്കാരി കേസുകളിലായി 139 പേരെ അറസ്റ്റ് ചെയ്യുകയും 8 വാഹനങ്ങളും 5 ലിറ്റര്‍ ചാരായവും, 258 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും, 439.485 ലിറ്റര്‍ ഐഎംഎഫ്എല്‍ ഉം, 20 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും പിടികൂടി. 337 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും 160 പായ്ക്കറ്റ് പാന്‍ മസാലകളും, 2000 പായ്ക്കറ്റ് സിഗരറ്റ്, ബീഡി മുതലായ ഉല്‍പ്പന്നങ്ങളും സ്‌ക്കൂള്‍ പരിസരത്തും പൊതുസ്ഥലത്തും പുകവലിച്ചതിന് എതിരായി 378 കേസുകളും എടുത്തു. ജില്ലാതല ജനകീയ കമ്മിറ്റി ചേര്‍ന്നു മലപ്പുറം: ഓണാഘോഷത്തേടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാതല ജനകീയ കമ്മിറ്റി ചേര്‍ന്നു. പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി. ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കളളുഷാപ്പുകള്‍, വിദേശ മദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്റ്, ട്രെയിന്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അബ്ദ്കാരി, എന്‍ഡി പിഎസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ എന്നിവ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും. വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.