മുരുകന്റെ മരണം 'മെഡിക്കല്‍ മര്‍ഡര്‍'

Friday 11 August 2017 8:39 pm IST

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്‍ കേരളത്തിന്റെ ആരോഗ്യമേഖലയിലെ അനഭലഷണീയ പ്രവണതകളുടെ പ്രതീകമാണ്. കാലങ്ങളായി കേരളം മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ കൊട്ടിഘോഷിച്ച കേരളാമോഡലിന്റെ പരാജയം ഒരിക്കല്‍ക്കൂടി വ്യക്തമായി. വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നേറ്റം നടത്തിയെന്ന് വീമ്പുപറഞ്ഞാണ് കേരളാമോഡലിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. വിദ്യാഭ്യാസരംഗത്തേര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റവുമെല്ലാം ആ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായി. സ്വാശ്രയമെഡിക്കല്‍ കോളജുകള്‍ കൂണുപോലെ ഉണ്ടായതും ആരോഗ്യമേഖലയില്‍ നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളുമെല്ലാം അവിടെയും വില്ലനായി. ഇന്നിപ്പോള്‍ വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളില്‍ കേരളം ഏറെ പിന്നിലാണ്. ആരോഗ്യമേഖല ഗുരുതരാവസ്ഥയിലാണെന്ന് തെളിവുനല്‍കുന്ന ഉദാഹരണങ്ങള്‍ നിരവധിയാണ്. കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വീണ്ടും പിടിമുറുക്കുന്നു. പനിബാധിച്ച് മാത്രം സംസ്ഥാനത്ത് നാനൂറിലധികം പേര്‍ മരിച്ചുവീണു. ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയെന്ന് ലോകാരോഗ്യസംഘടനപോലും പ്രഖ്യാപിച്ച മഹാവ്യാധികളാണ് കൊച്ചുകേരളത്തില്‍ തിരിച്ചു വരുന്നത്. ഇതിനെല്ലാം ഉപരിയാണ് ചികിത്സാരംഗത്ത് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍. ആശുപത്രികളുടെ അനാസ്ഥമൂലം മരിക്കാനിടയായ മുരുകന്‍, വെറും കച്ചവടമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ചികിത്സാമേഖല ചവച്ചുതുപ്പിയ ഇരയാണ്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകന്റെ രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന ശരീരവുമായി കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍കോളേജിലുമാണ് എത്തിയത്. എന്നാല്‍ ചില മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി ആശുപത്രികളെല്ലാം ആ പാവം തൊഴിലാളിക്ക് ചികിത്സ നിഷേധിച്ചു. മുരുകന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്ന് ആംബുലന്‍സിലെ ഡോക്ടര്‍മാര്‍ പല തവണ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാന്‍ ആശുപത്രി അധികൃതരാരും തയ്യാറായില്ലെന്നാണ് ആരോപണം. അടിയന്തര ശസ്ത്രക്രിയ ചെയ്താലെ ജീവന്‍ രക്ഷിക്കാനാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും മുരുകന്റെ ജീവന് പുല്ലുവിലയാണ് കല്‍പിക്കപ്പെട്ടത്. സ്വകാര്യ ആശുപത്രികളെല്ലാം മുരുകനോട് ദയകാട്ടാതിരുന്നപ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് ആംബുലന്‍സ് പാഞ്ഞത്. എന്നാല്‍ അവിടെയും ചികിത്സ ലഭിച്ചില്ല. തുടര്‍ന്നാണ് കൊല്ലത്തേക്കുള്ള യാത്രക്കിടെ മുരുകന് ദാരുണാന്ത്യം സംഭവിച്ചത്. ഏഴുമണിക്കൂറിലധികം ആംബുലന്‍സില്‍ വേദനസഹിച്ചുകിടന്നാണ് ആ പാവം തൊഴിലാളി മരണത്തിനു കീഴടങ്ങിയത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വിവാദമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ രംഗത്തുവന്നു. ആശുപത്രികള്‍ക്കെതിരെ കേസെടുത്തതുകൊണ്ടോ കേരളത്തിനാകെ അപമാനമായ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പുപറഞ്ഞതുകൊണ്ടോ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടോ തീരുന്നില്ല കാര്യങ്ങള്‍. പ്രശസ്തമായ സ്വകാര്യ ആശുപത്രികളും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജും കാട്ടിയ ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ കുറ്റം നഷ്ടമാക്കിയത് ദരിദ്രരായ ഒരുകുടുംബത്തിന് അതിന്റെ നാഥനെയാണ്. സംഭവത്തിനുത്തരവാദികളാരെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകുന്നതെന്തുകൊണ്ടാണെന്ന് കണ്ടെത്തി ശാശ്വതപരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സ്വകാര്യ ആശുപത്രികള്‍ കൊള്ളലാഭം കൊയ്യാനുള്ള അറവുശാലകളുടെ നിലവാരത്തിലെത്തിയിരിക്കുന്നു എന്നു പറയാതെ വയ്യ. 'ആശുപത്രി വ്യവസായം' കേരളത്തില്‍ തഴച്ചുവളരുമ്പോള്‍ തടിച്ചുകൊഴുക്കുന്നത് അതിന്റെ ഉടമകളാണ്. ചെറിയ അസുഖത്തിനുപോലും ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് വലിയ ചികിത്സകള്‍ വിധിച്ച് പണംതട്ടിക്കുന്ന കേന്ദ്രങ്ങളാണിന്ന് ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും. ഈ മേഖലയില്‍ സേവനമനസ്സോടെ പ്രവര്‍ത്തിക്കുന്ന ചികിത്സാലയങ്ങളെ കാണാതെയല്ല ഇതുപറയുന്നത്. എന്നാല്‍ അത്തരം ആശുപത്രികള്‍ തുലോം കുറവാണെന്ന സത്യം വിസ്മരിച്ചുകൂടാ. രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ലക്ഷങ്ങള്‍ രോഗിയില്‍നിന്ന് കൈക്കലാക്കിയ ശേഷം കിടപ്പാടവും സമ്പത്തും നഷ്ടപ്പെട്ട് ദരിദ്രനായി മാറുന്ന രോഗിയെ തെരുവിലേക്കിറക്കി വിടുന്ന ആരോഗ്യനയമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രോഗികള്‍ക്കൊപ്പം ആശുപത്രി ജീവനക്കാരെയും കഷ്ടപ്പെടുത്തുന്നതിന്റെ കഥകള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് നമ്മള്‍ അടുത്തകാലത്തായി ധാരാളം കേട്ടുകൊണ്ടിരിക്കുന്നു. മതിയായ വേതനം ലഭിക്കാത്തതിന്റെ പേരില്‍ നഴ്‌സുമാര്‍ നടത്തിയ സമരം കണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വേതനം നിശ്ചയിച്ച് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചെങ്കിലും നഴ്‌സുമാര്‍ വീണ്ടും സമര പാതയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നല്‍കാന്‍ ആശുപത്രികള്‍ ഇനിയും തയ്യാറാകാത്തതാണ് കാരണം. ജീവനക്കാരെ കഷ്ടപ്പെടുത്തിയും രോഗികളെ പിഴിഞ്ഞും ലാഭം കൊയ്യുന്ന കേരളത്തിലെ 'ആശുപത്രി വ്യവസായത്തിന്റെ' നേര്‍ പ്രതീകമാണ് മുരുകനെന്ന തൊഴിലാളി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ച മാപ്പുകൊണ്ടു മാത്രം മുരുകന് നീതിലഭിക്കില്ല. അതിന് ഇത്തരം ആശുപത്രികളെ നിയന്ത്രിക്കാനും 'ആശുപത്രി വ്യവസായത്തിലെ' തെറ്റുകളെ ഇല്ലായ്മചെയ്യാനുമുള്ള ആര്‍ജ്ജവമുണ്ടാകണം. നാഥനില്ലാതായ മുരുകന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ അടിയന്തര നടപടികള്‍വേണം. തെറ്റുചെയ്തവരെ ശിക്ഷിക്കാനുള്ള ഇശ്ചാശക്തി കാട്ടണം. ചികിത്സ നിഷേധിക്കപ്പെട്ട് ഒരു രോഗിയും ഇനി കേരളത്തില്‍ മരിക്കില്ലെന്ന ഉറപ്പാണ് മുഖ്യമന്ത്രിയില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.