നീറുന്ന ഞാറനീലി

Friday 11 August 2017 8:42 pm IST

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 38 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പെരിങ്ങമലയെത്തും. 22,000 ത്തോളം ജനസംഖ്യയുള്ള ഈഗ്രാമപഞ്ചായത്തില്‍ പകുതിയോളം വനവാസികളാണ്. 19 വാര്‍ഡുകളുള്ള പെരിങ്ങമല പഞ്ചായത്തില്‍ പത്തുസീറ്റുണ്ട് സിപിഎമ്മിനും സിപിഐയ്ക്കും കൂടി. പഞ്ചായത്തിലെ ഒരു വാര്‍ഡാണ് ഞാറനീലി. ഇവിടെ വിജയിച്ചത് സിപിഎമ്മുകാരനായ എം.എസ്. മുഹമ്മദ് സിയാസ്. ഈ വാര്‍ഡില്‍ നിന്ന് പുറംലോകത്തെത്തുന്ന വാര്‍ത്തകള്‍ നീറ്റലുണ്ടാക്കുന്നതാണ്. ഏതാണ്ട് രണ്ടായിരത്തോളം ജനസംഖ്യയുള്ള ഞാറനീലിയില്‍ അഞ്ചുവര്‍ഷത്തിനിടയിലുണ്ടായത് 192 ആത്മഹത്യകള്‍. അതില്‍ നാല്‍പത്തഞ്ചുപേര്‍ വനവാസികള്‍. ശേഷിച്ചവരും പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരാണ്. സ്ത്രീകളെക്കാള്‍ ഇരട്ടിയോളം പുരുഷന്മാരുള്ള വനവാസിവിഭാഗം അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ്. വനവാസികള്‍ക്കായി നീക്കിവച്ച സമ്പത്തൊന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല. കഞ്ചാവും കള്ളും നല്‍കി കള്ളഒപ്പും വാങ്ങി ആനുകൂല്യങ്ങളെല്ലാം ഇടത്തട്ടുകാര്‍ അടിച്ചുമാറ്റി. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മിന്റെ പ്രസിഡന്റാണ്. വാമനപുരം നിയോജകമണ്ഡലത്തില്‍പ്പെട്ടതാണ് പെരിങ്ങമ്മല. വാമനപുരത്ത് വിജയിച്ചത് സിപിഎമ്മിന്റെ ഡി.കെ. മുരളിയാണ്. ആറ്റിങ്ങല്‍ ലോക്‌സഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഎമ്മിന്റെ എ. സമ്പത്താണ്. ബ്ലോക്ക് പഞ്ചായത്തിലേക്കും വിജിയിച്ചത് സിപിഎമ്മാണ്. എന്നിട്ടുമെന്തേ ഞാറനീലി നീറുന്നു ? ഉത്തരം വ്യക്തമാണ്. വനവാസികള്‍ക്ക് വോട്ടേയുള്ളൂ. സന്ദര്യമില്ല. സമ്പത്തില്ല. ബക്കറ്റ് പിരിവിനുപോലും പാങ്ങില്ല. അങ്ങനെയൊരു വിഭാഗത്തിന്റെ വോട്ടുമാത്രം മതി. അതിനാകട്ടെ കള്ളും കഞ്ചാവും ധാരാളം. ഇവ നല്‍കി സ്വയം ബോധം നഷ്ടപ്പെട്ടവരെ ആട്ടിത്തെളിച്ച് ബൂത്തിലെത്തിച്ചാല്‍ എല്ലാം ശുഭം. വോട്ട് പെട്ടിയില്‍ വീഴുന്നതുവരെ മാത്രം. ശേഷം സ്വഭാവം മാറും. പിന്നെ കേള്‍ക്കുന്നത് 'കടക്കുപുറത്ത്' എന്ന ധാര്‍ഷ്ട്യം. പെരുംതേന്മല എന്നായിരുന്നു പെരിങ്ങമ്മലയുടെ പൂര്‍വ നാമം. മലയിലെ മരങ്ങളിലും മാളങ്ങളിലുമെല്ലാം തേന്‍ നിറയുന്ന കാലത്തായിരുന്നു പെരുംതേന്മലയെന്ന പേര്. വനവാസി വിഭാഗത്തിലെ കാണി വിഭാഗക്കാരുടെ സ്വന്തം മല. തേന്‍ ശഖരിച്ചും വനവിഭവങ്ങള്‍ സംഭരിച്ചും ജീവിച്ചുപോന്ന ഇക്കൂട്ടര്‍ പട്ടിണിയും പരിവട്ടവുമായത് മലകേറിയെത്തിയ സ്വാര്‍ഥമതികളായവര്‍ മൂലമാണ്. വനവാസികളുടെ അജ്ഞതയും നിസ്സഹായതയും ചൂഷണം ചെയ്ത് വനഭൂമിയും മലവിഭവങ്ങളും പുത്തന്‍ കൂറ്റുകാര്‍ കൈക്കലാക്കി. ഇവരോടൊപ്പമാണ് എല്ലാതലത്തിലും ഭരണം കയ്യാളുന്നവര്‍. ഏത് പഞ്ചായത്തിലും സ്ഥിതി മെച്ചമല്ല. ഞാറനീലിയില്‍ 45 വനവാസികള്‍ക്ക് ജീവന്‍ വെടിയുന്നതിന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭരണമാണ് പ്രേരിപ്പിച്ചത്. ഹൈദരാബാദില്‍ ഒരു പിന്നാക്കക്കാരന്‍ വിദ്യാര്‍ഥി ആത്മഹത്യചെയ്തപ്പോള്‍ ഭൂമികുലുക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും. ഏതൊക്കെ ചാനലുകളില്‍ എത്ര ദിവസമാണ് വെമൂലയുടെ ആത്മഹത്യ ചര്‍ച്ചയായത് ? എത്ര എംപിമാരും നേതാക്കളുമാണ് ഹൈദരാബാദില്‍ ചെന്ന് വെമുലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ആറ്റിങ്ങല്‍ എംപി ഉള്‍പ്പെടെ ഹൈദരാബാദില്‍ കുത്തിയിരിക്കുമ്പോഴും സ്വന്തം മണ്ഡലത്തില്‍പ്പെട്ട ഞാറനീലിയില്‍ വനവാസികളായ ആണും പെണ്ണും ആത്മഹത്യ ചെയ്യുന്നതിന്റെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഒരിക്കല്‍ പോലും ഞാറനീലയിലെ ദുരന്തഭൂമിയില്‍ എംപി എത്തിയില്ല. ഇപ്പോള്‍ പെട്ടെന്നാണ് ഞാറനീലി ദുരന്തം പൊതുജനശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. പാലോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് 192 ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍ ഇത് പെട്ടില്ലെന്നോ ? സിപിഎം ജയിച്ച വാര്‍ഡില്‍ ഭരിക്കുന്ന പഞ്ചായത്തില്‍ ഇത്രയും അസ്വാഭാവികമരണം സംഭവിച്ചിട്ടും പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നോ ? ഇത് ഏത് നാടാണ്. ഉത്തരേന്ത്യയില്‍ കാല്‍തെന്നിവീണ് പരിക്കേറ്റാല്‍ പോലും നരേന്ദ്ര മോദി സര്‍ക്കാരിനെ പഴിക്കാന്‍ പഴുതുതേടുന്നവരുടെ നാട്ടില്‍ 45 വനവാസി ആത്മഹത്യയില്‍ ആര്‍ക്കും ഞെട്ടലുണ്ടായില്ല. ഈ ആത്മഹത്യകളെക്കുറിച്ച് അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ഞാറനീലിയില്‍ മാത്രമല്ല, വനവാസി മേഖലകളിലെല്ലാം അസ്വാഭാവികമരണങ്ങള്‍ തുടരുകയാണ്. അട്ടപ്പാടിയില്‍ അയിത്തവും പട്ടിണിമരണവും പതിവായി. ഒരു വര്‍ഷത്തിനിടയില്‍ 15 നവജാത ശിശുക്കള്‍ മരണപ്പെട്ടതായി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നു. പോഷകാഹാരക്കുറവു കൊണ്ടാണ് മരണമെന്നാണ് എന്നും ഔദ്യോഗികഭാഷ്യം. ഇവര്‍ക്ക് അനുവദിക്കുന്ന പോഷകാഹാരങ്ങള്‍ എങ്ങോട്ടുപോകുന്നു? ആദിവാസിജനങ്ങളുടെ പ്രത്യേക പരിഗണനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. പക്ഷേ, അതൊന്നും കേരളത്തിലെ വനമേഖലയിലെത്തുന്നില്ല. വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ കിടക്കുന്നു. കക്കൂസ് നിര്‍മിക്കാനനുവദിച്ച തുക പോലും അടിച്ചുമാറ്റുന്നു. കേരളം മാറിമാറി ഭരിച്ചവരെല്ലാം ഇതില്‍ തുല്യകുറ്റവാളികളാണ്. വനവാസികളെ സ്വത്വം വീണ്ടെടുക്കാന്‍ ഇവര്‍ അനുവദിക്കുന്നില്ല. സ്വബോധത്തോടെ ജീവിക്കാനും സാധിക്കുന്നില്ല. ഇതൊക്കെ ഉണ്ടായാല്‍ പീഡനവും പ്രീണനങ്ങളും നടക്കില്ല. അവര്‍ക്ക് അക്ഷരാഭ്യാസം ഉണ്ടാകാന്‍ പോലും അനുവദിക്കില്ല. ഞാറനീലിയില്‍ പത്താംക്ലാസ് കഴിഞ്ഞ പതിനേഴുകാരിയും ആത്മഹത്യചെയ്തതില്‍ പെടുന്നു. കാസര്‍കോട് ഒരു വനവാസി യുവാവിന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പഠിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുടക്കാന്‍ അധ്വാനിച്ച സിപിഎമ്മിന്റെ വിദ്യാര്‍ഥി വിഭാഗത്തെക്കുറിച്ച് നാടറിഞ്ഞത് ആ വിദ്യാര്‍ഥി ഫേസ്ബുക്കില്‍ എഴുതിയപ്പോഴായിരുന്നല്ലോ. കേന്ദ്രസര്‍ക്കാരിന്റെ നാഷനല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടികവര്‍ഗ വിദ്യാര്‍ഥിയാണ് ബിനേഷ്. കാസര്‍കോട് കോളിച്ചാല്‍ പതിനെട്ടാംമൈലിലെ ബാലന്‍-ഗിരിജ ദമ്പതികളുടെ മകന്‍ ബിനേഷ് ഇപ്പോള്‍ ബ്രിട്ടണിലാണ്. ബിനേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് വെളിപ്പെടുത്തിയത്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി സമരം ചെയ്യുന്ന എസ്എഫ്‌ഐക്കാര്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ തന്നെ ഉപദ്രവിക്കുമ്പോള്‍ താനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയുമായിരുന്നു. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തുകയും ദളിത് ഭീകരനും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനുമാക്കി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതായി ബിനേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത് നല്ല വാര്‍ത്താപ്രാധാന്യം നേടി. ഒരു റെക്കമന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ ഇപ്പോള്‍ തന്നെ 'സഹായിച്ച' കഥകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ താനത് ആസ്വദിക്കുകയാണ്. ഉപരിപഠനത്തിന് സഹായം ചെയ്തില്ലെന്നു മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്തിട്ട് പിന്നീട് തന്റെ വിഷയം മാധ്യമങ്ങളേറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തുകയായിരുന്നെന്നും ബിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ദളിത് സംഘടനാപ്രവര്‍ത്തകനോട് സംസാരിച്ചാല്‍ തീവ്ര ദളിത് സംഘടനാപ്രവര്‍ത്തകനാക്കാനും മുസ്ലിം കുട്ടികളോട് സംസാരിച്ചാല്‍ മുസ്ലിം സംഘടനാ പ്രവര്‍ത്തകനാക്കാനുമൊക്കെ എസ്എഫ്‌ഐക്കാര്‍ക്ക് മടിയില്ലായിരുന്നു. ബിനേഷിന് വിദേശ പഠനത്തിന് മൂന്നുതവണ അവസരം മുടങ്ങിയത് നേരത്തെ വാര്‍ത്തയായിരുന്നു. നാലാം തവണയാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും സസക്‌സ് യൂണിവേഴിസിറ്റിയിലും പ്രവേശനം നേടിയത്. മുമ്പ് വിദേശ പഠനത്തിന് പ്രവേശനം ലഭിച്ചപ്പോള്‍ സര്‍ക്കാരിന്റെ ധനസഹായത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.  വിനായകന്‍ എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ല. പാലക്കാട് പട്ടികജാതിയില്‍പ്പെട്ട ചേട്ടത്തിയും അനിയത്തിയും ആത്മഹത്യചെയ്തത് പോലും ശരിയാംവിധം അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല. ഏറ്റവും ഒടുവിലാണ് ദളിതയായ സഖാവിനു നേരെ മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് കൈകരുത്ത് കാട്ടിയത്. പത്രവാര്‍ത്തയും പൊതുചര്‍ച്ചയുമായപ്പോള്‍ വനിതാസഖാവിന്റെ പേരില്‍ നിഷേധക്കുറിപ്പും വന്നു. സഖാവ് ഭാസ്‌കരന്റെ കൈവീശല്‍ താന്‍ മുഖംകൊണ്ട് തടുക്കുകയായിരുന്നു. അതേ സംഭവിച്ചുള്ളൂ. വാര്‍ത്ത എഴുതിയ പത്രക്കാരന്റെ പേന തച്ചുതകര്‍ക്കുമെന്ന് പാര്‍ട്ടിയുടെ മുന്നറിയിപ്പും വന്നിരിക്കുന്നു. എല്ലാം ശരിയാക്കും. എല്ലാറ്റിനെയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.