ആര്‍എസ്എസ് എന്നും സമാധാന പക്ഷത്ത്

Friday 11 August 2017 8:52 pm IST

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള പാര്‍ട്ടി സിപിഎം ആണ്. വിപുലമായ സംഘടനാ സംവിധാനങ്ങളും അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ജനാധിപത്യ പ്രക്രിയയെ അവര്‍ അട്ടിമറിക്കുന്നതും പലപ്പോഴും ഭരണകൂട സംവിധാനത്തിന്റെ നടത്തിപ്പുകാരാവുന്നതും. ഭരണകൂടമായി മാറാന്‍ പാര്‍ട്ടി ചട്ടക്കൂടിന് സഹായമായി വര്‍ത്തിക്കുന്ന ജനാധിപത്യ സങ്കല്‍പ്പത്തിന്റെ പ്രായോഗികതകളോടും ദര്‍ശനങ്ങളോടും കടപ്പാടും വിധേയത്വവും സിപിഎം പ്രകടിപ്പിക്കണം. അതുണ്ടാവണമെങ്കില്‍ സഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തനശൈലി ആര്‍ജിക്കണം. സമദൃഷ്ടിയില്‍ സമൂഹത്തെ കാണാന്‍ കഴിയണം. പലപ്പോഴും സിപിഎമ്മിന് അതിനാവുന്നില്ല എന്നതാണ് കേരളത്തിന്റെ ദൗര്‍ഭാഗ്യം. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ, സമാധാനം സൃഷ്ടിക്കുന്ന മറ്റാരെക്കാളും ഉത്തരവാദിത്തം സിപിഎമ്മിനുണ്ട്. തങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. അതിനാല്‍ തകര്‍ക്കപ്പെടാതിരിക്കാന്‍ തങ്ങള്‍ ആയുധമേന്തുന്നു എന്ന ന്യായീകരണം സിപിഎം കൊണ്ടുവരുന്നത് അപഹാസ്യമാണ്. ശക്തമായ കേഡര്‍ സംവിധാനവും അളവറ്റ ആള്‍ബലവും സമ്പത്തും മറ്റു സൗകര്യങ്ങളും നാട് ഭരിക്കാനുള്ള ജനസമ്മതിയുമൊക്കെയുള്ള കക്ഷിയെ ആക്രണം സംഘടിപ്പിച്ച് തകര്‍ത്തുകളയാമെന്ന് ആരെങ്കിലും ചിന്തിക്കുമോ? സിപിഎമ്മുമായി പലപ്പോഴും സംഘര്‍ഷത്തിലാവാന്‍ നിര്‍ബന്ധിതരാവുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശാരീരിക ആക്രമണത്തിലൂടെ അവരെ ഇല്ലാതാക്കാമെന്ന ധാരണ വച്ചുപുലര്‍ത്തുന്നവരാണെന്ന് സാമാന്യയുക്തിയുള്ളവര്‍ വിശ്വസിക്കില്ല. അങ്ങനെയായിരുന്നെങ്കില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മറ്റു സംസ്ഥാനങ്ങളിലല്ലേ ഇതേറ്റവും കൂടുതല്‍ സംഭവിക്കേണ്ടത്. അവിടങ്ങളിലൊക്കെ നാമമാത്രമായിട്ടാണെങ്കിലും എത്ര സുരക്ഷിതമായും സ്വാതന്ത്ര്യത്തോടും കൂടിയാണ് കമ്യൂണിസ്റ്റ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്താണ് പ്രശ്‌നം? സിപിഎം അനുവര്‍ത്തിക്കുന്ന അസഹിഷ്ണുതാ രാഷ്ട്രീയം തന്നെയാണ് പ്രശ്‌നം. ജനാധിപത്യത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമെല്ലാം വലിയ വര്‍ത്തമാനങ്ങള്‍ പറയും. പക്ഷെ പ്രവൃത്തി ഇതിനെല്ലാം കടകവിരുദ്ധമാണ്. പാര്‍ട്ടി അണികളും അനുഭാവി വൃന്ദവും പാര്‍ട്ടിയുടെ തണലില്‍ സുരക്ഷിതരാണ്. ശരിയാണ്, ജനാധിപത്യവും മാനവികതയും മുന്നോട്ടുവയ്ക്കുന്ന സദ്ഫലങ്ങള്‍ അവര്‍ക്കനുഭവിക്കാന്‍ സാഹചര്യമുണ്ട്; പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്ന കാലം വരെ. അപ്പോള്‍ പാര്‍ട്ടിയെ കൈവിടേണ്ട കാര്യമില്ല. മറ്റുള്ളവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടി കാഡറുടെ വിഷയവുമല്ല. ഇങ്ങനെയൊരു മനഃശാസ്ത്ര കവചം പാര്‍ട്ടി സംഘടന ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ള ജനസമ്മതി നഷ്ടപ്പെടുകയില്ല. അങ്ങനെയാണ് കൊടുംക്രൂരമായ നരഹത്യയുടെ പേരില്‍ നീതിപീഠം നാടുകടത്തിയ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോട തെരഞ്ഞെടുക്കപ്പെടുന്നത്. കാരായിമാരെ മനഃസാക്ഷിക്കുത്തില്ലാതെ ജയിപ്പിച്ചെടുക്കാന്‍ സിപിഎമ്മിന് സാധിച്ചതില്‍ ആര്‍ക്കും അദ്ഭുതം തോന്നാത്തത് അതുകൊണ്ടാണ്. നാളെ കൊടിസുനിയേയും കിര്‍മാണി മനോജിനെയും മത്സരിപ്പിക്കാനും ജയിപ്പിക്കാനും പാര്‍ട്ടിക്കു കഴിയുമെന്നതില്‍ ആര്‍ക്കും സംശയവുമില്ല. പക്ഷേ പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതാണോ ഈയൊരു സ്ഥിതിവിശേഷം? അല്ലെന്നുതന്നെയാണ് മറുപടി. എങ്കില്‍ എന്തു പരിഹാരം? ഭരണകൂടത്തിന്റെ നിയന്ത്രണ ശക്തിയായി വര്‍ത്തിക്കുന്ന സിപിഎമ്മിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയേണ്ടതല്ലെ? ഇനി തങ്ങളുടെ പ്രവര്‍ത്തകര്‍ മറ്റുള്ളവരില്‍ ആക്രമിക്കപ്പെടുന്നു എന്നുതന്നെ വെക്കുക. അവിടെ നിയമ സംവിധാനങ്ങളുപയോഗിച്ച് അത്തരമൊരവസ്ഥയെ മറികടക്കാന്‍ പാര്‍ട്ടിക്കു കഴിയില്ലെ? നിയമം അതിന്റെ വഴിക്കുപോകട്ടെയെന്ന് ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍, നിയമപരിപാലന നീതിനിര്‍വഹണ സംവിധാനങ്ങളെ സ്വതന്ത്രമാക്കി വിട്ടാല്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് അറുതിയാവില്ലേ? നിയമം കൈയിലെടുക്കാനും ക്രമസമാധാനപാലന സേനയേയും അതിന്റെ കേന്ദ്രത്തേയും പാര്‍ട്ടിയുടെ വരുതിയില്‍ നിര്‍ത്താനും ശ്രമിക്കുന്നത് എന്തിനാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമകാരികളെങ്കില്‍ നിയമത്തിനു മുന്നില്‍ അവരെ കൊണ്ടുവരുന്നതിന് എന്താണ്? തടസ്സം? അങ്ങനെ വല്ല തടസ്സവുമുണ്ടെങ്കിലല്ലേ പാര്‍ട്ടിസൈന്യം ആ ചുമതല ഏറ്റെടുക്കേണ്ടതുള്ളൂ? ഒരു പരീക്ഷണമെന്ന നിലയിലെങ്കിലും സിപിഎം ഒരു വര്‍ഷത്തേക്ക് അങ്ങനെയൊരു തീരുമാനമെടുക്കട്ടെ. മുഖ്യമന്ത്രിയും പോലീസ് മന്ത്രിയും പാര്‍ട്ടിയുടെ സമുന്നതന്‍. അപ്പോള്‍ കാര്യം എളുപ്പമാകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണമില്ല. നിയമം അനുശാസിക്കുന്ന നടപടി മാത്രം. അങ്ങനെയൊരു നിലപാടെടുത്താല്‍ കുറെ നേതാക്കന്മാര്‍ തടവറയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യും. പാര്‍ട്ടി തയ്യാറാകുമോ? പാര്‍ട്ടിയെയും പാര്‍ട്ടി ലൈനിനേയും അറിയുന്ന ഏതൊരാളും ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ ചിരിക്കുകയേ ഉള്ളൂ. കാരണം പ്രശ്‌നം ഇതൊന്നുമല്ല. തകരാറ് മനഃസ്ഥിതിക്കാണ്. അതാണ് മാറേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം-അത് ഏത് രൂപത്തിലുള്ളതായാലും മനുഷ്യകുലത്തിന്റെ ഉദ്ധാരണത്തിനാവണം. പോഷണത്തിനും വേണ്ടിയുള്ളതാണ്. വിഭിന്ന കാഴ്ചപ്പാടുള്ളവരെ ഇല്ലാതാക്കിയോ നിശബ്ദമാക്കിയോ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ മാത്രമേ അതു സാധിക്കൂ എന്നുണ്ടോ? എല്ലാവരെയും അംഗീകരിച്ചുകൊണ്ടും അത് സാധിക്കുമെന്ന് സിപിഎം തിരിച്ചറിയണം. അങ്ങനെ എല്ലാവരും ചേര്‍ന്നുള്ള പൊതുസംരംഭങ്ങളുടെ പിന്‍ബലത്തില്‍ സമൂഹം പുരോഗതിയിലേക്ക് ചരിക്കുന്നത് പുതിയ കാലാവസ്ഥ സൃഷ്ടിക്കും. അതിലൂടെ ശാന്തിയും സമാധനവും കൈവരും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ സന്നദ്ധരാണെന്ന് ആര്‍എസ്എസ് എപ്പോഴും പ്രഖ്യാപിക്കാറുള്ളതാണ്. സംഘത്തിന്റെ പരമോന്നത നേതൃത്വം തന്നെ കൈനീട്ടിയിട്ടുണ്ട്. സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് കേരളത്തില്‍ വന്ന് നടത്തിയ പ്രസ്താവന എത്ര ഭാവാത്മകവും പ്രതീക്ഷാനിര്‍ഭരവുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ സിപിഎം നേതൃത്വം മുഖംതിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. മോഹന്‍ ഭാഗവതിന്റെ നിര്‍ദ്ദേശം അതേ ഭാവത്തില്‍ സിപിഎം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നരഹത്യകള്‍ ഒഴിവാക്കാമായിരുന്നു. കേരളത്തിലെ പ്രബലമായ രണ്ട് കാഡര്‍ പ്രസ്ഥാനങ്ങള്‍ പരസ്പരം ശത്രുതയില്‍ കഴിയുന്നതുവഴി നഷ്ടമുണ്ടാകുന്നത് പൊതുസമൂഹത്തിനാണ്. ജനോപകാരപ്രദമായ നിരവധി കര്‍മ്മപദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. പ്രതിഭാധനന്മാരായ നിരവധി കാര്യകര്‍ത്താക്കന്മാരും മുഴുവന്‍ സമയ പ്രവര്‍ത്തകരും ഈ സംഘടനയുടെ ഭാഗമാണ്. അങ്ങനെയുള്ള അനേകരുടെ ജീവന്‍ തല്ലിക്കെടുത്തിയത് സിപിഎമ്മുകാരാണ്. സ്വാഭാവികമായ പ്രതിരോധത്തിന്റെ ഭാഗമായി മറുഭാഗത്തും അതു സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കുകയാണ് സമൂഹനന്മയ്ക്കുവേണ്ടി ചെയ്യേണ്ടത്. പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിച്ച് ചെങ്കോട്ടകള്‍ പണിയുന്നത് ആശാസ്യമല്ല. അടിയുടെയും തിരിച്ചടിയുടെയും കണക്കുകള്‍ സൂക്ഷിച്ച് മതിലുകളുണ്ടാക്കരുത്. പ്രത്യയശാസ്ത്ര മുന്‍വിധികളില്ലാതെ പരസ്പരം ഇടപഴകാന്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ. ശരിയായ മാര്‍ഗം ഏതെന്ന് നിശ്ചയിക്കാനും തെരഞ്ഞെടുക്കാനുമുള്ള മാര്‍ഗം അവര്‍ക്കു വിടുക. അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശംപോലെ തന്നെ പവിത്രമാണ് അത് കേള്‍ക്കാനുള്ള ബാധ്യതയും. വിയോജിപ്പിന് തടസ്സമില്ലെന്നതുപോലെ യോജിക്കാനുള്ള അവസരങ്ങളുമുണ്ട്. ഇങ്ങനെയൊരു മാനസികാവസ്ഥ സിപിഎം നേതൃത്വം കൈവരിച്ചാല്‍ കേരളം രക്ഷപ്പെടും. (അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.