റേഷന്‍ കാര്‍ഡിലെ അപാകത:പ്രതിപക്ഷം ഇറങ്ങിപ്പോയി

Friday 11 August 2017 9:04 pm IST

തിരുവനന്തപുരം: പുതുക്കിയ റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ ഒട്ടനവധി പേര്‍ മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് പരിഹരിക്കാത്തതു സംബന്ധിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അനേകം പാവപ്പെട്ടവര്‍ക്ക് റേഷന്‍കാര്‍ഡിലെ അപാകത കാരണം ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നെന്നും സ്ഥിതി ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടിയാണ് അനൂപ് ജേക്കബ്ബ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരമാണ്. 17 ലക്ഷം പരാതികള്‍ ലഭിച്ചതില്‍ മൂന്നിലൊന്നു പോലും പരിഹരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടികള്‍ പ്രഹസനമാണെന്നും ലഭിച്ച മൂന്നിലധികം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ലെന്നും അനൂപ് ജേക്കബ്ബ് ആരോപിച്ചു. പരിഹാരമെന്തെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിലിരുന്ന അഞ്ചുകൊല്ലവും കാര്‍ഡ് പുതുക്കി വിതരണം ചെയ്യുകയോ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുകയോ ചെയ്തില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ മറുപടി നല്കി. സമയമെടുത്തായാലും ശരി കുറ്റമറ്റ രീതിയില്‍ പുതുക്കിയ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയം തള്ളുന്നതായി അറിയിച്ചു. പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ അബദ്ധപഞ്ചാംഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങിപ്പോക്കിന് മുമ്പ് പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ രംഗത്ത് കടുത്ത പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.