എല്‍എന്‍ജി ഉപയോഗിച്ചാല്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കും

Friday 11 August 2017 9:16 pm IST

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ കായംകുളം താപനിലയത്തില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കേരളത്തിന് വൈദ്യുതി ലഭ്യമാകും. അതിരപ്പിള്ളി പോലുള്ള പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നാഫ്ത ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതല്‍ നല്‍കേണ്ടിവരുന്നതിനാല്‍ സംസ്ഥാനം കായംകുളം താപനിലയത്തില്‍ നിന്ന് രണ്ടു വര്‍ഷമായി വൈദ്യുതി വാങ്ങുന്നില്ല. വൈദ്യുതി ഉത്പാദനത്തിന് നാഫ്ത്തയ്ക്ക് പകരം എല്‍എന്‍ജി ഉപയോഗിക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകും. നാലു രൂപയില്‍ താഴെ മാത്രമെ എല്‍എന്‍ജി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില വരികയുള്ളു എന്ന് താപനിലയം അധികൃതര്‍ പറയുന്നു. എന്നാല്‍ എല്‍എന്‍ജി കായംകുളത്ത് എത്തിക്കുന്നതിനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നില്ല. കൊച്ചിയില്‍ നിന്നു കായംകുളത്തേക്കു എല്‍എന്‍ജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ഒരു ചുവടു പോലും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല. തീരനിവാസികളുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും ശക്തമായ എതിര്‍പ്പാണ് എല്‍എന്‍ജി പൈപ്പ് ലൈന്‍ കൊച്ചിയില്‍ നിന്ന് കടലിലൂടെ കായംകുളത്തേയ്ക്ക് എത്തിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണമായി സര്‍ക്കാര്‍ പറയുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ ആലപ്പുഴ തീരത്തിന്റെ മാത്രം പ്രത്യേകതയായ ചാകര പ്രതിഭാസവും മത്സ്യസമ്പത്തും ഇല്ലാതാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇവരെ ബോധവാന്‍മാരാക്കി എല്‍എന്‍ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പകരം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. മാത്രമല്ല നിലയത്തിലെ 360 മെഗാവാട്ട് ഉല്‍പാദനത്തിന് മാത്രമായി പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നത് സാമ്പത്തികമായി വിജയകരമാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സിറ്റി ഗ്യാസ് സ്‌കീം, എല്‍എന്‍ജി ഉപയോഗപ്പെടുത്താവുന്ന വിവിധ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഇതിനോടൊപ്പം ആസൂത്രണം ചെയ്യേണ്ടി വരും. നിലവില്‍ ദ്രവരൂപത്തിലുള്ള നാഫ്ത ഉപയോഗിച്ചാണ് കായംകുളം നിലയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. കൊച്ചിയിലെ ഇരുമ്പനത്തുനിന്ന് തീവണ്ടിമാര്‍ഗം ചേപ്പാട്ട് എത്തിക്കുന്ന ഇന്ധനം അവിടെ സ്ഥാപിച്ചിരിക്കുന്ന 5,000 കിലോലിറ്റര്‍ സംഭരണശേഷി വീതമുള്ള രണ്ട് ടാങ്കുകളിലാണ് നിറക്കുന്നത്. അവിടെനിന്ന് ഏകദേശം അഞ്ചര കിലോമീറ്റര്‍ അകലെയുള്ള പദ്ധതിപ്രദേശത്തുള്ള പ്‌ളാന്റിലേക്ക് പൈപ്പ് ലൈന്‍ മുഖേനയാണ് ഇന്ധനം എത്തിക്കുന്നത്.