കോടിമത-മണിപ്പുഴ ഭാഗം തകര്‍ന്നു

Friday 11 August 2017 9:44 pm IST

കോട്ടയം: എംസി റോഡിന്റെ ഭാഗമായ കോടിമത മുതല്‍ മണിപ്പുഴ വരെയുള്ള റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടത്തിയ ശ്രമവും പാഴായി. ടാര്‍ ഉപയോഗിക്കാതെ മെറ്റലും പാറപ്പൊടിയും റോഡില്‍ തൂകിയെങ്കിലും ഒറ്റമഴയ്ക്ക് പഴയപടിയായി. റോഡില്‍ ചിതറികിടക്കുന്ന മെറ്റലില്‍ കയറി ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി. സ്‌കൂട്ടര്‍ തെന്നി മറിഞ്ഞ് യാത്രികരായ സ്ത്രീകള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരികയ്ക്കാണ്. പിന്നാലെവന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയത് മൂലമാണ് ഇവര്‍ രക്ഷപ്പെട്ടത്്. നാലുവരി പാതയുടെ ഭാഗമായി കോടിമത-മണിപ്പുഴ റോഡും ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ കാലവര്‍ഷത്തില്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മിച്ചതിനാല്‍ ഈ ഭാഗത്തെ എംസിറോഡ് നവീകരണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ റോഡ് വീണ്ടും ടാര്‍ചെയ്യേണ്ട അവസ്ഥയിലാണ്. റോഡ് പൊളിച്ച് പണിയേണ്ട അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് കെഎസ്ടിപി അന്തിമ തീരുമാനമെടുത്തിട്ടില്ല. റോഡ് തകര്‍ന്നതോടെ നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ കുടുങ്ങുകയാണ്. രാവിലെയും വൈകിട്ടും ഈ ഭാഗത്ത് കൂടി വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇത് കൂടാതെ പൊടി ശല്യവും രൂക്ഷമാണ്. റോഡ് തകര്‍ന്നിട്ടും നടപടിയെടുക്കാത്തതില്‍ വ്യാപാരികളടക്കമുള്ളവര്‍ പ്രതിഷേധത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.