ഗീതാസന്ദേശങ്ങളിലൂടെ

Friday 15 July 2011 1:52 am IST

ശക്തമായ മായാവലയത്താലും അജ്ഞാനത്താലും ആവരണം ചെയ്തിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ ബാഹ്യമായ രൂപഭാവത്തിലൂടെ മാത്രം എല്ലാത്തിനേയും വിലയിരുത്തുന്നു. അവര്‍ അഗാധതയിലേക്കിറങ്ങിയറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല. നാലുവിധത്തിലുള്ള ജനങ്ങളാണ്‌ ഈശ്വരാരാധനയില്‍ മുഴുകുന്നത്‌. ദുഃഖിതര്‍, ജിജ്ഞാസുക്കള്‍, സാമ്പത്തിക നേട്ടമനുഭവിക്കുന്നവര്‍, ജ്ഞാനികള്‍. ഇവരില്‍ ജ്ഞാനികളാണ്‌ ശ്രേഷ്ഠന്മാര്‍. ചിലര്‍ അവ്യക്തമായ മാര്‍ഗ്ഗത്തിലൂടെ ഈശ്വരാരാധന നടത്തുന്നു. ആ മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ക്ക്‌ ലഭിക്കുന്നതാകട്ടെ താല്‍ക്കാലിക ഭൗതിക നേട്ടങ്ങള്‍ മാത്രമാണ്‌. ശാശ്വതമായ സന്തോഷം, സുഖം, സമാധാനം എന്നിവയ്ക്കായി നിലവാരത്തിലുള്ള ഉപാസനാ മാര്‍ഗ്ഗത്തിലേക്ക്‌ പ്രയാണം ചെയ്യണം. പരമമായ ഈശ്വരചൈതന്യം തന്നെ കാലാതീതമാണ്‌. ഭൂതകാല-വര്‍ത്തമാനകാല-ഭാവികാലത്തെ അതുബന്ധിപ്പിക്കുന്നു. അതുവ്യക്തമായിട്ടറിയുന്നവര്‍ ആ ചൈതന്യത്തിലാധാരമാണീലോകമെന്നറിഞ്ഞാല്‍, ആ തിരിച്ചറിവിലൂടെ അത്യാഗ്രഹങ്ങളില്‍ നിന്നും, പാപത്തില്‍ നിന്നും ആകര്‍ഷണ-വികര്‍ഷണങ്ങളില്‍ നിന്നുമവര്‍ മോചിതരായിത്തീരുന്നു. ഈശ്വരചൈതന്യം തന്നെയാണ്‌ പരമാത്മചൈതന്യം. അതുതന്നെ ആത്മചൈതന്യമെന്ന്‌ തിരിച്ചറിയുന്നവര്‍ അവനവനില്‍ തന്നെ ആ ചൈതന്യം നിലനില്‍ക്കുന്നുവെന്നറിയണം. അവനവനിലെ ഓരോ കോശത്തിലുമന്തര്‍ലീനമായിരിക്കുന്ന അദ്ധ്യാത്മചൈതന്യമെന്നറിയപ്പെടുന്നതും അതുതന്നെയാണ്‌. ആ ചൈതന്യമാണെല്ലാത്തിലും അധിവസിക്കുന്നത്‌. ജനിച്ച്‌/ഉത്ഭവിച്ച്‌ കുറേക്കാലം നിലനിന്ന്‌ ഇല്ലാതകുന്നതെല്ലം അധിഭൂതമെന്നറിയപ്പെടുന്നു. പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന പ്രപഞ്ചപുരുഷ ചൈതന്യത്തെ അധിദൈവമെന്നറിയപ്പെടുന്നു. ജീവാത്മചൈതന്യത്തിന്റെ സാന്നിദ്ധ്യത്തില്‍ (ജീവനുള്ളപ്പോള്‍) ശരീരത്തില്‍ നടക്കുന്ന എല്ലാ പ്രക്രിയകളുമാണ്‌ അധിയജ്ഞം. മനുഷ്യന്‍ മരണസമയത്ത്‌ എന്തിനെ സ്മരിച്ചുകൊണ്ടാണോ ജീവന്‍ വെടിയുന്നത്‌, ആ ആത്മാവ്‌ മരണസമയത്ത്‌ സ്മരണയിലുണ്ടായിരുന്നതിലേക്കോ അതുപോലുള്ള ഒന്നിലേക്കോ പ്രയാണം ചെയ്ത്‌ ഒരു ശരീരം സ്വീകരിക്കുന്നു അഥവാ അങ്ങനെയൊരു ശരീരത്തെ തിരഞ്ഞെടുക്കുന്നു. അതുകൊണ്ടുതന്നെ ഈശ്വരസ്മരണയില്‍ നിമഗ്നനായിരിക്കുമ്പോള്‍ ദേഹം വെടിയുന്ന ആത്മാവ്‌ ഈശ്വരനിലലിയുന്നു എന്നുപറയുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.